ഇറാന്‍ യുദ്ധത്തിനിടെ എണ്ണക്കമ്പനികള്‍ അമിതലാഭം നേടി; വില കുറയ്ക്കണമെന്ന് ട്രംപ്

ഇറാന്‍ യുദ്ധത്തിനിടെ എണ്ണക്കമ്പനികള്‍ അമിതലാഭം നേടി; വില കുറയ്ക്കണമെന്ന് ട്രംപ്


വാഷിംഗ്്ടണ്‍: ഇറാനുമായുള്ള യുദ്ധത്തെ തുടര്‍ന്നുണ്ടായ എണ്ണവില വര്‍ധനയില്‍ നിന്ന് അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനികളായ എക്‌സോണ്‍മൊബില്‍, ഷെവ്രോണ്‍ എന്നിവ അമിതലാഭം നേടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാന്‍ ഇന്ധനവില കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

'എണ്ണക്കുറവിന്റെ പേരില്‍ അവര്‍ വളരെ അധികം പണം സമ്പാദിക്കുകയാണ്. അത് എനിക്ക് ഇഷ്ടമല്ല,' ട്രംപ് പറഞ്ഞു.

രണ്ടാം പാദത്തില്‍ റെക്കോര്‍ഡ് ലാഭം

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയര്‍ന്നതോടെ ഇരു കമ്പനികളുടെയും രണ്ടാം പാദ ലാഭം വന്‍തോതില്‍ ഉയര്‍ന്നു.

ഷെവ്രോണിന്റെ രണ്ടാം പാദ ലാഭം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 2.5 ബില്യണ്‍ ഡോളറില്‍ നിന്ന് 12 ബില്യണ്‍ ഡോളറായി, ഏകദേശം 400 ശതമാനം വര്‍ധിച്ചു.

അതേസമയം, എക്‌സോണ്‍മൊബിലിന്റെ ലാഭം 7.1 ബില്യണ്‍ ഡോളറില്‍ നിന്ന് 14.5 ബില്യണ്‍ ഡോളറിലേക്ക് ഇരട്ടിയിലധികമായി ഉയര്‍ന്നു.

'ജനങ്ങള്‍ക്ക് തിരിച്ചുനല്‍കണം'

ഈ സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ അമിതലാഭത്തിന്റെ ഒരു ഭാഗമെങ്കിലും പൊതുജനങ്ങള്‍ക്ക് തിരികെ നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

'ഷെവ്രോണ്‍... വളരെ അധികം പണം സമ്പാദിച്ചു. എക്‌സോണ്‍മൊബിലും അതുപോലെ. അവര്‍ അതില്‍നിന്ന് ഒരു പങ്ക് ജനങ്ങള്‍ക്ക് തിരിച്ചുനല്‍കണം. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ചില്ലറ ഇന്ധനവില കുറയ്ക്കുകയും വേണം,' ട്രംപ് പറഞ്ഞു.

എണ്ണവില കുതിച്ചുയര്‍ന്നു

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെ അമേരിക്കയിലെ അസംസ്‌കൃത എണ്ണവില ഏകദേശം 20 ശതമാനം ഉയര്‍ന്നു.

സൈനിക തിരിച്ചടിക്കൊപ്പം ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ കയറ്റുമതി ഇറാന്‍ തടസ്സപ്പെടുത്തിയതോടെ ആഗോള എണ്ണവിതരണത്തിന് വലിയ ആഘാതമുണ്ടായി. ഇതാണ് എണ്ണവില കുത്തനെ ഉയരാന്‍ പ്രധാന കാരണം.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അമേരിക്കന്‍ അസംസ്‌കൃത എണ്ണയുടെ ശരാശരി വില ബാരലിന് 92 ഡോളറായിരുന്നു. ഇത് ആദ്യ പാദത്തെ അപേക്ഷിച്ച് ഏകദേശം 27 ശതമാനം കൂടുതലാണ്.

പെട്രോള്‍ വിലയും ഉയര്‍ന്നു

അമേരിക്കയില്‍ തിങ്കളാഴ്ച ഒരു ഗാലണ്‍ പെട്രോളിന്റെ ശരാശരി വില 4.10 ഡോളറിലെത്തി. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഫെബ്രുവരി 27ന് ഇത് 2.98 ഡോളറായിരുന്നു. ഇതോടെ പെട്രോള്‍ വിലയില്‍ ഏകദേശം 40 ശതമാനം വര്‍ധനയുണ്ടായി.

ഓഹരി വിപണിയില്‍ തിരിച്ചടി

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഷെവ്രോണിന്റെ ഓഹരി വില രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. എക്‌സോണ്‍മൊബിലിന്റെ ഓഹരിവിലയും ഒരു ശതമാനത്തോളം താഴ്ന്നു.

അതേസമയം, അമേരിക്ക-ഇറാന്‍ ചര്‍ച്ചകള്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് തടയുമെന്ന പ്രതീക്ഷയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഏകദേശം അഞ്ച് ശതമാനം ഇടിഞ്ഞതും എണ്ണക്കമ്പനികളുടെ ഓഹരികള്‍ക്ക് സമ്മര്‍ദമായി.