ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്ററിന് തുടക്കമായി; മൂന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ പങ്കെടുത്തു

ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്ററിന് തുടക്കമായി; മൂന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ പങ്കെടുത്തു


ഷിക്കാഗോ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യയും മുന്‍ പ്രഥമ വനിതയുമായ മിഷേല്‍ ഒബാമയും ചേര്‍ന്ന് ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്ററിന് ഔദ്യോഗിക തുടക്കമിട്ടു. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍, ജോ ബൈഡന്‍ എന്നിവരും വിവിധ രാജ്യങ്ങളിലെ പ്രമുഖരും കലാകാരന്മാരും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.

ഷിക്കാഗോയുടെ തെക്കന്‍ ഭാഗത്തുള്ള ജാക്‌സണ്‍ പാര്‍ക്ക് പ്രദേശത്ത് 20 ഏക്കറിലായി നിര്‍മ്മിച്ചിരിക്കുന്ന കേന്ദ്രം, ഒബാമ ദമ്പതികള്‍ വൈറ്റ് ഹൗസില്‍ ചെലവഴിച്ച എട്ട് വര്‍ഷങ്ങളുടെ സ്മാരകമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 44-ാമത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ 2017-ല്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.

കല, സംഗീതം, കായികം, വിനോദം എന്നിവയിലൂടെ ഒരുമിച്ച് പഠിക്കാനും സന്തോഷം പങ്കിടാനുമുള്ള ഇടമായി ഇത് മാറുമെന്ന പ്രതീക്ഷ ഒബാമ പ്രകടിപ്പിച്ചു. ചടങ്ങില്‍ ഭര്‍ത്താവിനെക്കുറിച്ച് വികാരനിര്‍ഭരമായ പ്രസംഗം നടത്തിയ മിഷേല്‍ ഒബാമയെ കേട്ട് ഒബാമയും വികാരാധീനനായി.

ഇരുവരും പ്രസിഡന്റ് ട്രംപിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും നിലവിലെ ഭരണകൂടത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തി.

ഒബാമയുടെ ഭരണകാലത്ത് ജര്‍മന്‍ ചാന്‍സലറായിരുന്ന ആംഗല മെര്‍ക്കലും കാനഡ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ചടങ്ങില്‍ പങ്കെടുത്തു. ഗായകരായ ജെന്നിഫര്‍ ഹഡ്‌സണ്‍, ക്രിസ്റ്റിന അഗ്വിലേര, ജോണ്‍ ലെജന്‍ഡ്, കോമണ്‍, മാര്‍ക്ക് ആന്റണി, യു2 ബാന്‍ഡിലെ ബോണോ, ദ എഡ്ജ്, ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍, സ്റ്റീവി വണ്ടര്‍ എന്നിവരുടെ സംഗീത പരിപാടികളും അരങ്ങേറി. ഷിക്കാഗോ സ്വദേശിയും പെര്‍ള്‍ ജാം ബാന്‍ഡിന്റെ ഗായകനുമായ എഡി വെഡ്ഡര്‍ ചടങ്ങിനായി പ്രത്യേകമായി രചിച്ച ഗാനവും അവതരിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റുമാര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം ലൈബ്രറികളും സ്മാരക കേന്ദ്രങ്ങളും സ്ഥാപിക്കുന്നത് പതിവാണ്. എന്നാല്‍ ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റര്‍ ഒരു മ്യൂസിയവും വായനശാലയും മാത്രമല്ല, കളിസ്ഥലം, ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ട്, റെക്കോര്‍ഡിങ് സ്റ്റുഡിയോ, പൊതുഗ്രന്ഥശാല എന്നിവ ഉള്‍ക്കൊള്ളുന്ന സമൂഹകേന്ദ്രം കൂടിയായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

850 ദശലക്ഷം ഡോളര്‍ ചെലവില്‍ സ്വകാര്യ ഫണ്ടില്‍ നിര്‍മ്മിച്ച പദ്ധതിക്ക് ചെലവു വര്‍ധനവും നിര്‍മാണ കാലതാമസവും ഉള്‍പ്പെടെയുള്ള നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. 67 മീറ്റര്‍ ഉയരമുള്ള പ്രധാന കെട്ടിടത്തിന്റെ രൂപകല്‍പ്പനയും പൊതുപാര്‍ക്കിന്റെ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും നിയമപോരാട്ടങ്ങളും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുന്ന നഗരവല്‍ക്കരണത്തിന് ഇത് കാരണമാകുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.