വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധപദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുമ്പും അവതരിപ്പിച്ചിരുന്നെങ്കിലും, മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ജോ ബൈഡൻ എന്നിവർ അത് തള്ളിക്കളഞ്ഞിരുന്നുവെന്ന് മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി വെളിപ്പെടുത്തി. എന്നാൽ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാത്രമാണ് അതിന് അനുകൂലമായി നീങ്ങിയതെന്നും കെറി ആരോപിച്ചു.
ഇറാനെതിരായ യുദ്ധം തുടങ്ങുകയാണെങ്കിൽ ഭരണകൂടം തകർന്നുവീഴും, ജനങ്ങൾ അവർക്കെതിരായി പ്രക്ഷോഭം നടത്തും എന്ന കണക്കുകൂട്ടലുകളോടെയാണ് നെതന്യാഹു പദ്ധതി അവതരിപ്പിച്ചതെന്ന് കെറി പറഞ്ഞു. എന്നാൽ അത്തരം പ്രവചനങ്ങൾ യാഥാർത്ഥ്യമായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'നെതന്യാഹു ഞങ്ങളോടും ഈ യുദ്ധം ആവശ്യപ്പെട്ടു. ഞങ്ങളുടെ മറുപടി 'ഇല്ല' ആയിരുന്നു,' എന്നാണ് കെറിയുടെ വാക്കുകൾ.
യുദ്ധത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വിയറ്റ്‌നാം യുദ്ധവും ഇറാഖ് യുദ്ധവും ഉദാഹരണമായി ചൂണ്ടിക്കാട്ടി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യുദ്ധത്തിലേക്ക് നയിക്കരുതെന്ന് കെറി മുന്നറിയിപ്പ് നൽകി. 'അമേരിക്കൻ ജനങ്ങളോട് കള്ളം പറയരുത്. അവരുടെ മക്കളെ യുദ്ധത്തിലേക്ക് അയക്കാൻ ആവശ്യപ്പെടരുത്,' എന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം നീണ്ടുനിന്ന ഈ സംഘർഷത്തിൽ ഇറാനിൽ 2,000ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആഗോള സാമ്പത്തിക രംഗത്തും ഇതിന്റെ പ്രതികൂല സ്വാധീനം പ്രകടമാണ്.
ഫെബ്രുവരി 11ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമെന്ന വിലയിരുത്തലുണ്ട്. ട്രംപിനെ ഇറാനെതിരെ വലിയ സൈനികാക്രമണത്തിന് സമ്മതിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ ട്രംപിന്റെ സംഘത്തിലെ പ്രധാന അംഗങ്ങൾ ആദ്യം ഈ പദ്ധതി തള്ളിയതായും റിപ്പോർട്ടുകൾ പറയുന്നു.
എന്നിരുന്നാലും, ഇറാന്റെ നേതൃത്വത്തെ ദുർബലപ്പെടുത്തണമെന്ന ട്രംപിന്റെ നിലപാടുമായി നെതന്യാഹുവിന്റെ നിർദേശം പൊരുത്തപ്പെട്ടതോടെ, രണ്ട് ആഴ്ചയ്ക്കുള്ളിൽ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരിലുള്ള ആക്രമണ പദ്ധതിക്ക് ട്രംപ് അനുമതി നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നെതന്യാഹുവിന്റെ ഇറാൻ യുദ്ധപദ്ധതി ഒബാമ, ബുഷ്, ബൈഡൻ എന്നിവർ തള്ളി; ട്രംപ് മാത്രം അംഗീകരിച്ചു-വെളിപ്പെടുത്തി ജോൺ കെറി
