എന്‍വിഡിയ ചിപ്പ് കടത്ത് വിവാദം: സിംഗപ്പൂര്‍ കമ്പനി മെഗാസ്പീഡിന് അമേരിക്കന്‍ ഉപരോധം

എന്‍വിഡിയ ചിപ്പ് കടത്ത് വിവാദം: സിംഗപ്പൂര്‍ കമ്പനി മെഗാസ്പീഡിന് അമേരിക്കന്‍ ഉപരോധം


വാഷിംഗ്ടണ്‍: എന്‍വിഡിയയുടെ അത്യാധുനിക നിര്‍മിത ബുദ്ധി (എ ഐ) ചിപ്പുകള്‍ ചൈനയിലേക്ക് അനധികൃതമായി കടത്തിയെന്ന ആരോപണം നേരിടുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ ഡേറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. കമ്പനിക്ക് അത്യാധുനിക എഐ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സാങ്കേതികവിദ്യകള്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം തിങ്കളാഴ്ചയാണ് നടപടി സ്വീകരിച്ചത്.

അമേരിക്കന്‍ വാണിജ്യ വകുപ്പ് മെഗാസ്പീഡിനെ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ അമേരിക്കന്‍ കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ എന്‍വിഡിയ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ മെഗാസ്പീഡിന് കൈമാറാനാകില്ല. ചൈനയിലേക്ക് എഐ ചിപ്പുകള്‍ കടത്തിയെന്ന ആരോപണത്തില്‍ കമ്പനിക്കെതിരെ അമേരിക്കന്‍ നീതിന്യായ വകുപ്പ് ക്രിമിനല്‍ അന്വേഷണം നടത്തിവരികയാണ്.

ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്ന ആലിസ് ഹ്വാങാണ് മെഗാസ്പീഡ് സ്ഥാപിച്ചത്. എന്‍വിഡിയ ചീഫ് എക്‌സിക്യൂട്ടീവ് ജെന്‍സന്‍ ഹ്വാങുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആ ബന്ധവും എന്‍വിഡിയ ജീവനക്കാരിയുമായുള്ള മറ്റൊരു ബന്ധവും പുറത്തുവന്നതിനെത്തുടര്‍ന്ന് ഈ മാസം ജെന്‍സന്‍ ഹ്വാങ് സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ ദേശീയ സുരക്ഷയ്ക്ക് അദ്ദേഹം ഭീഷണിയല്ലെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍നിന്ന് ഉറപ്പുലഭിച്ചതിനെത്തുടര്‍ന്ന് ജെന്‍സന്‍ ഹ്വാങിനെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതായി എന്‍വിഡിയ പ്രഖ്യാപിച്ചു.

മെഗാസ്പീഡിനെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഭരണകൂടത്തിനുള്ളില്‍ ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ഉണ്ടായത്. കമ്പനിക്കെതിരെ വേഗത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും സാങ്കേതികവിദ്യാ കയറ്റുമതി നിയന്ത്രണങ്ങളുടെ ചുമതലയുള്ള വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

നടപടി വൈകിപ്പിച്ചത് വാണിജ്യ വകുപ്പാണെന്ന് ഈ മാസം ഒരു അഭിമുഖത്തില്‍ ബെസെന്റ് ആരോപിച്ചിരുന്നു. മെഗാസ്പീഡിനെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ട്രഷറി വകുപ്പ് ആഴ്ചകളായി ശ്രമിച്ചുവരികയാണെന്നും എന്നാല്‍ അന്തിമ തീരുമാനത്തിനുള്ള അധികാരം വാണിജ്യ വകുപ്പിനാണെന്നും അദ്ദേഹം പറഞ്ഞു.

ട്രഷറി, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകളും അമേരിക്കന്‍ വ്യാപാര പ്രതിനിധിയും മാസങ്ങളായി കമ്പനിക്കെതിരെ നടപടിയെടുക്കുന്നതിനെ പിന്തുണച്ചിരുന്നുവെന്നും ബെസെന്റ് വ്യക്തമാക്കി. മെഗാസ്പീഡിനെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം നേരത്തേ സെമഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മെഗാസ്പീഡിനെതിരായ നടപടിയുടെ ഫലപ്രാപ്തിയെക്കുറിച്ച് വിമര്‍ശകര്‍ സംശയം ഉന്നയിക്കുന്നുണ്ട്. അമേരിക്കയില്‍നിന്ന് കമ്പനിക്ക് സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്നതാണ് പുതിയ നടപടി തടയുന്നത്. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള വിതരണത്തിന് ഇതിലൂടെ നേരിട്ട് വിലക്കുണ്ടാകില്ല.

ലോകത്തിലെ ഭൂരിഭാഗം അത്യാധുനിക എഐ ചിപ്പുകളും തായ്വാനിലാണ് നിര്‍മിക്കുന്നത്. അതിനാല്‍ തായ്വാനില്‍നിന്നുള്ള ചിപ്പ് വിതരണത്തെ പുതിയ നടപടി നേരിട്ട് ബാധിക്കില്ലെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍.

മെഗാസ്പീഡ് പോലുള്ള കമ്പനികള്‍ക്ക് ആഗോളതലത്തില്‍ എഐ ചിപ്പുകള്‍ ലഭ്യമാകുന്നത് നിയന്ത്രിക്കുന്നതിനായി കഴിഞ്ഞയാഴ്ച വാണിജ്യ വകുപ്പ് മറ്റ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ നടപടി പ്രധാനമായും പ്രതീകാത്മകമാണെന്നും കമ്പനിയുടെ ചിപ്പ് ലഭ്യതയെ പൂര്‍ണമായി തടയില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ ഉപരോധം എത്രത്തോളം കര്‍ശനമായി നടപ്പാക്കണമെന്നത് ഇനി വാണിജ്യ വകുപ്പിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. വിദേശരാജ്യങ്ങളിലേക്കുള്ള സാങ്കേതികവിദ്യാ വില്‍പ്പനയില്‍ കൂടുതല്‍ ലക്ഷ്യബോധമുള്ള നിയന്ത്രണങ്ങളാണ് ലുട്‌നിക് ഇതുവരെ പിന്തുണച്ചിരുന്നത്. അദ്ദേഹത്തിന്റെ വകുപ്പ് എന്‍വിഡിയയോടും ജെന്‍സന്‍ ഹ്വാങിനോടും അമിത അടുപ്പം പുലര്‍ത്തുന്നുവെന്ന ആരോപണം ഭരണകൂടത്തിനകത്തുനിന്നും കോണ്‍ഗ്രസില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ചൈനയ്ക്ക് ലോകമെമ്പാടുമുള്ള എഐ ഡേറ്റാ സെന്ററുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന വിപുലമായ ചട്ടങ്ങള്‍ വാണിജ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്രഷറി വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തതെന്ന് അസാധാരണമായി വകുപ്പ് വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം കയറ്റുമതി നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതില്‍ ലുട്‌നിക് സജീവമായിരുന്നു. ഉപരോധ പട്ടിക ഗണ്യമായി വിപുലീകരിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഈ നടപടികള്‍ ചൈനയുടെ ശക്തമായ പ്രതികരണത്തിന് കാരണമാവുകയും ട്രംപ് ഭരണകൂടത്തെ ബീജിങ്ങുമായി ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതമാക്കുകയും ചെയ്തു.

അതിനു പിന്നാലെ സാങ്കേതികവിദ്യാ കയറ്റുമതി നിയന്ത്രണങ്ങളില്‍ വാണിജ്യ വകുപ്പ് കൂടുതല്‍ ജാഗ്രതയുള്ള സമീപനമാണ് സ്വീകരിച്ചുവന്നത്. 18 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേളയായി, ഒരു വര്‍ഷത്തിലേറെയായി പുതിയ കമ്പനികളെയൊന്നും ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മെഗാസ്പീഡിനെ ഉള്‍പ്പെടുത്തിയതോടെ ഈ ഇടവേള അവസാനിച്ചു.

അജ്ഞാതമായിരുന്ന മെഗാസ്പീഡ് 2024ല്‍ കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക എഐ ചിപ്പുകള്‍ വാങ്ങുകയും അവ കാലിഫോര്‍ണിയയില്‍നിന്ന് മലേഷ്യയിലേക്ക് അയക്കുകയും ചെയ്തതോടെയാണ് അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ചൈനീസ് കമ്പനികള്‍ക്ക് നേരിട്ട് എഐ ചിപ്പുകള്‍ വാങ്ങുന്നതിന് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സിംഗപ്പൂര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായി പുനര്‍രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ മെഗാസ്പീഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈ നിയന്ത്രണങ്ങള്‍ മറികടന്നുവെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ സംശയം. ചിപ്പുകള്‍ അനധികൃതമായി ചൈനയിലേക്ക് കടത്തിയതായും ആരോപണമുണ്ട്.

2024ന്റെ അവസാനത്തില്‍ മലേഷ്യയിലെ മെഗാസ്പീഡിന്റെ ഒരു ഡേറ്റാ സെന്റര്‍ അമേരിക്കന്‍ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അവിടെ സ്ഥാപിക്കേണ്ട സെര്‍വര്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാതെ പെട്ടികളില്‍ സൂക്ഷിച്ചിരിക്കുന്നതാണ് കണ്ടെത്തിയത്. ഇത് ചിപ്പ് കടത്തുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ശക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂണില്‍ മെഗാസ്പീഡിന്റെ ചിപ്പ് വാങ്ങലുകളെക്കുറിച്ച് അന്വേഷിക്കാന്‍ അമേരിക്കന്‍, സിംഗപ്പൂര്‍ ഉദ്യോഗസ്ഥര്‍ സിംഗപ്പൂരില്‍ ആലിസ് ഹ്വാങിനെ ചോദ്യം ചെയ്തിരുന്നു. സിംഗപ്പൂര്‍ അധികൃതര്‍ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇതിന് പിന്നാലെ എന്‍വിഡിയയുടെ ജനറല്‍ കൗണ്‍സല്‍ ടിം ടെറ്ററും വാണിജ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജെഫ് കെസ്ലറും തമ്മിലുണ്ടായ അസാധാരണ ആശയവിനിമയത്തെത്തുടര്‍ന്ന് മെഗാസ്പീഡിനെക്കുറിച്ചുള്ള വാണിജ്യ വകുപ്പിന്റെ അന്വേഷണം പെട്ടെന്ന് തടസ്സപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

മെഗാസ്പീഡ് സിംഗപ്പൂരിലെ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ലോറന്‍സ് വോങ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിന് അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വോങ് ഇക്കാര്യം അറിയിച്ചത്.

ആലിസ് ഹ്വാങിനെ സിംഗപ്പൂര്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ 2025 ഓഗസ്റ്റില്‍ എന്‍വിഡിയ ജനറല്‍ കൗണ്‍സല്‍ ടിം ടെറ്റര്‍ അമേരിക്കന്‍ വാണിജ്യ വകുപ്പിലെ ട്രംപ് നിയമിച്ച ഉദ്യോഗസ്ഥന്‍ ജെഫ് കെസ്ലറെ ബന്ധപ്പെട്ടിരുന്നു. ഹ്വാങിന്റെ കസ്റ്റഡിയെയും കേസിനെയും കുറിച്ചായിരുന്നു അന്വേഷണം.

തുടര്‍ന്ന് കെസ്ലറുടെ അനുമതിയുണ്ടെന്ന് അറിയിച്ചുകൊണ്ട് മെഗാസ്പീഡ് കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരില്‍നിന്ന് ടെറ്റര്‍ വിവരങ്ങള്‍ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കെസ്ലറും ടെറ്ററും തമ്മില്‍ എന്താണ് സംസാരിച്ചതെന്നും ഈ ഇടപെടല്‍ നിയമനടപടികള്‍ക്ക് കാരണമാകുമോയെന്നും ഇതോടെ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഹ്വാങിന്റെ കസ്റ്റഡിയാണ് ടെറ്റര്‍ ബന്ധപ്പെട്ടതിന് കാരണമെന്ന് ബ്ലൂംബെര്‍ഗ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനുശേഷം കേസില്‍ പ്രവര്‍ത്തിക്കുകയോ അതേക്കുറിച്ച് സംസാരിക്കുകയോ ചെയ്യരുതെന്ന് വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചതായാണ് വിവരം. മെഗാസ്പീഡിനെക്കുറിച്ചുള്ള അന്വേഷണം തുടര്‍ന്നുവെങ്കിലും അമേരിക്കന്‍ ഭാഗത്തുനിന്ന് പരിമിതമായ വിവരങ്ങളും സഹായവും മാത്രമാണ് ലഭിച്ചതെന്ന് സിംഗപ്പൂര്‍ അധികൃതര്‍ ഈ മാസം വ്യക്തമാക്കിയിരുന്നു.

മെഗാസ്പീഡിനെതിരായ ഉപരോധ നടപടി വൈകിയത് കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സാങ്കേതികവിദ്യകള്‍ തുടര്‍ന്നും വാങ്ങാന്‍ അവസരമൊരുക്കിയെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

വ്യാപാര വിവരങ്ങള്‍ ശേഖരിക്കുന്ന പ്ലാറ്റ്ഫോമായ ഇംപോര്‍ട്ട്ജീനിയസില്‍നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം, 2025 ജൂലൈ മുതല്‍ 2026 ഫെബ്രുവരി വരെ മെഗാസ്പീഡിന്റെ മലേഷ്യന്‍ ഉപകമ്പനിക്ക് നിയന്ത്രണവിധേയമായ എന്‍വിഡിയ ചിപ്പുകള്‍ ഉള്‍പ്പെട്ട 800 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ചരക്കുകള്‍ ലഭിച്ചിട്ടുണ്ട്.