അനധികൃത താമസം; ഇന്ത്യയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; യുഎസിൽ പ്രവാസി മലയാളി അറസ്റ്റിൽ

അനധികൃത താമസം; ഇന്ത്യയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; യുഎസിൽ  പ്രവാസി മലയാളി അറസ്റ്റിൽ


ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ ഇന്ത്യയെയും ദേശീയ ചിഹ്നങ്ങളെയും അധിക്ഷേപിക്കുന്ന പോസ്റ്റുകൾ നടത്തിയതായി ആരോപണമുള്ള പ്രവാസി മലയാളി യുഎസിൽ അറസ്റ്റിലായി. കോട്ടയം പാല സ്വദേശിയായ ആൽബിച്ചൻ മുരിങ്ങൽ (ആൽബിൻ മാത്യു) ആണ് പിടിയിലായത്. മതിയായ രേഖകളില്ലാതെ അനധികൃതമായി യുഎസിൽ താമസിച്ചതിനെ തുടർന്ന് യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി 25 മുതൽ ഇയാൾ കസ്റ്റഡിയിലാണ്.

ദേശീയ പതാകയെയും പ്രതിജ്ഞയെയും അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രസംഗത്തിനും ഇയാൾക്കെതിരെ കേരളത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻപ് പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള ഇയാൾ 'ക്രിസ്ത്യൻ ലീഗ്' എന്ന പേരിൽ സംഘടന രൂപീകരിക്കാനും ശ്രമിച്ചിരുന്നു.

ഇയാളെ യുഎസിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്താനാണ് സാധ്യതയെന്നാണ് സൂചന. നാട്ടിലെത്തിയാൽ ഇയാളെ കേരള പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.