' വെനിസ്വേലയെ ആക്രമിക്കാന്‍ കോണ്‍ഗ്രസിനെ അറിയിക്കേണ്ടതില്ല'- ട്രംപ് ; ഭരണഘടന എന്ത് പറയുന്നു?

' വെനിസ്വേലയെ ആക്രമിക്കാന്‍ കോണ്‍ഗ്രസിനെ അറിയിക്കേണ്ടതില്ല'-  ട്രംപ് ; ഭരണഘടന എന്ത് പറയുന്നു?


വാഷിംഗ്ടണ്‍: വെനിസ്വേലന്‍ ഭൂമിയില്‍ അമേരിക്കന്‍ സൈനികാക്രമണം നടത്താന്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംഘങ്ങളെ ലക്ഷ്യമാക്കി വെനിസ്വേലയിലുണ്ടാകുന്ന കരയാക്രമണങ്ങള്‍ക്ക് മുന്‍കൂട്ടി കോണ്‍ഗ്രസിനെ സമീപിക്കേണ്ടതില്ലെന്ന് വ്യാഴാഴ്ച (ഡിസംബര്‍ 18) ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍, ട്രംപ് വ്യക്തമാക്കി.

'അറിയിക്കാന്‍ എനിക്കൊരു എതിര്‍പ്പുമില്ല, പക്ഷേ അതൊരു വലിയ കാര്യമല്ല. ഞാന്‍ പറയേണ്ടതില്ല' എന്നാണ് ട്രംപ് പറഞ്ഞത്. കോണ്‍ഗ്രസിനെ അറിയിക്കുന്നത് സൈനിക നീക്കങ്ങളെ ബാധിക്കുമെന്നും, രാഷ്ട്രീയ നേതാക്കള്‍ 'വിവരങ്ങള്‍ പുറത്ത് വിടും' എന്നും ട്രംപ് ആരോപിച്ചു.

 സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് മേഖലയിലും യുഎസ് സൈന്യം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വ്യോമനാവികാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകളെ ലക്ഷ്യമാക്കിയ ഈ ആക്രമണങ്ങളില്‍ ഇതുവരെ 99 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ, ഈ സൈനിക നടപടികളുടെ നിയമസാധുതയെക്കുറിച്ച് വാഷിംഗ്ടണില്‍ കടുത്ത ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, മയക്കുമരുന്ന് വിരുദ്ധ നടപടികളെ മറയാക്കി തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയോ അധികാരത്തില്‍ നിന്ന് മാറ്റുകയോ ചെയ്യാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന ആരോപണവുമായി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ രംഗത്തെത്തി. എന്നാല്‍, അമേരിക്കന്‍ ഭരണകൂടം ഈ ആരോപണം തള്ളിക്കളഞ്ഞു. യുഎസിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനുള്ള പ്രതിരോധ നടപടികളാണ് ആക്രമണങ്ങളെന്നാണ് വാഷിംഗ്ടണിന്റെ വിശദീകരണം.

യുഎസ് ഭരണഘടന പ്രകാരം, സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ചീഫാണ് പ്രസിഡന്റ്. എന്നാല്‍, യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന അധികാരം കോണ്‍ഗ്രസിനാണ്. എന്നാല്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിലും, പ്രതിരോധപരമായോ പരിമിതമായോ സൈനിക നടപടികളാണെങ്കില്‍, കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രസിഡന്റിന് ആക്രമണം നടത്താനാകുമെന്ന വ്യാഖ്യാനമാണ് പല നിയമവിദഗ്ധരും മുന്നോട്ടുവയ്ക്കുന്നത്. ഇതാണ് ട്രംപ് ഭരണകൂടം ആശ്രയിക്കുന്ന ഭരണഘടനാപരമായ വഴിയെന്നും വിലയിരുത്തപ്പെടുന്നു.