ട്രംപിന്റെ രഹസ്യരേഖാ അന്വേഷണത്തില്‍ പ്രവര്‍ത്തിച്ച ഒമ്പത് മുന്‍ എഫ് ബി ഐ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; കാഷ് പട്ടേലിനും നീതിന്യായ വകുപ്പിനുമെതിരെ കേസ്

ട്രംപിന്റെ രഹസ്യരേഖാ അന്വേഷണത്തില്‍ പ്രവര്‍ത്തിച്ച ഒമ്പത് മുന്‍ എഫ് ബി ഐ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; കാഷ് പട്ടേലിനും നീതിന്യായ വകുപ്പിനുമെതിരെ കേസ്


വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രഹസ്യരേഖകള്‍ കൈവശംവെച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നാരോപിച്ച് ഒമ്പത് മുന്‍ എഫ് ബി ഐ ജീവനക്കാര്‍ കോടതിയെ സമീപിച്ചു. എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, യു എസ് നീതിന്യായ വകുപ്പ്, അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് എന്നിവരുള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്.

മുന്‍ സ്‌പെഷല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് പരാതിക്കാര്‍. മുന്‍ സ്‌പെഷല്‍ ഏജന്റുമാര്‍, രഹസ്യാന്വേഷണ വിശകലന വിദഗ്ധര്‍, പ്രവര്‍ത്തന വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കൗണ്ടര്‍ ഇന്റലിജന്‍സ് അന്വേഷണങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരെ 2026 ഫെബ്രുവരിയില്‍ രണ്ടു ദിവസങ്ങളിലായാണ് ജോലിയില്‍നിന്ന് നീക്കിയത്.

ട്രംപിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും രാഷ്ട്രീയമായി അസ്വസ്ഥതയുണ്ടാക്കിയ അന്വേഷണങ്ങളുമായി ബന്ധമുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെതിരെ ഉയരുന്ന നിയമനടപടികളുടെ ഭാഗമാണ് പുതിയ കേസ്.

ട്രംപിന്റെ വ്യക്തിപരമായ പ്രതികാരതാത്പര്യം സംതൃപ്തിപ്പെടുത്തുന്നതിനായാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതെന്നും നടപടിക്ക് ന്യായമായ കാരണമോ നിയമസാധുതയോ ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.

എഫ് ബി ഐയില്‍ ആഭ്യന്തര അന്വേഷണങ്ങളോ അച്ചടക്ക നടപടികളോ സ്വീകരിക്കാതെയാണ് പിരിച്ചുവിടലുകള്‍ നടത്തിയതെന്ന് പരാതിക്കാര്‍ പറയുന്നു. നടപടിക്ക് മുമ്പ് അറിയിപ്പ് നല്‍കുകയോ വാദം കേള്‍ക്കാന്‍ അവസരം നല്‍കുകയോ അപ്പീല്‍ സമര്‍പ്പിക്കാന്‍ അനുവദിക്കുകയോ ചെയ്തില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ രണ്ടാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് പട്ടേല്‍ പിരിച്ചുവിടലുകളെ ന്യായീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.

വാഷിംഗ്ടണിലെ യു എസ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച 70 പേജുള്ള പരാതിയില്‍ എഫ് ബി ഐ, കാഷ് പട്ടേല്‍, അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച്, നീതിന്യായ വകുപ്പ് എന്നിവരെയാണ് പ്രതികളാക്കിയിരിക്കുന്നത്.

രഹസ്യരേഖാ കേസ്: പശ്ചാത്തലം

ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ആദ്യമായി പടിയിറങ്ങിയശേഷം രഹസ്യരേഖകള്‍ കൈവശംവെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജാക്ക് സ്മിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. 2022 ഓഗസ്റ്റില്‍ എഫ് ബി ഐ ഉദ്യോഗസ്ഥര്‍ കോടതിയുടെ തിരച്ചില്‍ വാറന്റിന്റെ അടിസ്ഥാനത്തില്‍ ട്രംപിന്റെ ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ വസതിയില്‍ പരിശോധന നടത്തി. രഹസ്യരേഖകളാണെന്ന് അടയാളപ്പെടുത്തിയ നൂറിലധികം രേഖകള്‍ അവിടെനിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2023-ല്‍ രേഖകള്‍ നിയമവിരുദ്ധമായി കൈവശംവെച്ചതും അവ തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതും ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ട്രംപിനെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തി.

എന്നാല്‍, സ്‌പെഷല്‍ കൗണ്‍സലായി ജാക്ക് സ്മിത്തിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കേസ് പരിഗണിച്ച ഫെഡറല്‍ ജഡ്ജി വിധിച്ചതിനെത്തുടര്‍ന്ന് കേസ് തള്ളപ്പെട്ടു. 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിനു പിന്നാലെ ഈ വിധിക്കെതിരായ അപ്പീല്‍ നീതിന്യായ വകുപ്പ് ഔദ്യോഗികമായി പിന്‍വലിക്കുകയും ചെയ്തു.

ജീവനക്കാരെ പിരിച്ചുവിട്ട സമയത്ത് ഡെപ്യൂട്ടി അറ്റോര്‍ണി ജനറലായിരുന്ന ടോഡ് ബ്ലാഞ്ച്, ട്രംപുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ നീക്കി എഫ് ബി ഐയില്‍ ശുദ്ധീകരണ നടപടികള്‍ നടത്തിയതായി നേരത്തേ അവകാശപ്പെട്ടിരുന്നു.

രഹസ്യരേഖകളിലേക്കുള്ള പ്രവേശനം ആവശ്യപ്പെട്ടത് നിര്‍ണായകമായി

പിരിച്ചുവിടലിന് തൊട്ടുമുമ്പ് നടന്ന സംഭവങ്ങളെക്കുറിച്ചും പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. എഫ് ബി ഐയുടെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ മുന്‍ മേധാവി ജെന്നിഫര്‍ ബേക്കണുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഇതില്‍ പ്രധാനമാണ്.

മാര്‍-എ-ലാഗോയില്‍നിന്ന് കണ്ടെത്തിയ രേഖകളെക്കുറിച്ചുള്ള അന്വേഷണത്തിന് 'പ്ലാസ്മിക് എക്കോ' എന്ന രഹസ്യനാമമാണ് നല്‍കിയിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട രഹസ്യ അന്വേഷണരേഖകളിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് മൈല്‍സ് സ്റ്റാര്‍ എന്ന ഉദ്യോഗസ്ഥന്‍ അപേക്ഷിച്ചതിനു പിന്നാലെയാണ് തന്നെ പിരിച്ചുവിടുന്ന വിവരം അറിഞ്ഞതെന്ന് ബേക്കണ്‍ പരാതിയില്‍ പറയുന്നു.

എഫ് ബി ഐ ഡയറക്ടറുടെ നയപരമായ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഡയറക്ടേഴ്‌സ് അഡൈ്വസറി ടീമിലെ അംഗമായിരുന്നു സ്റ്റാര്‍. മുന്‍ എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി കോണ്‍ഗ്രസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കേസില്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍, ആ കേസിലെ സ്റ്റാറിന്റെ മൊഴിയെ പിന്നീട് ഒരു ഫെഡറല്‍ മജിസ്‌ട്രേറ്റ് ജഡ്ജി വിമര്‍ശിച്ചു. നിയമപരമായ പ്രത്യേക പരിരക്ഷയുള്ള രേഖകള്‍ വേര്‍തിരിച്ചുമാറ്റുന്നതില്‍ വീഴ്ച വരുത്തിയതടക്കമുള്ള നടപടിക്രമ പിഴവുകളും എഫ് ബി ഐയുടെ ഭാഗത്തുനിന്നുണ്ടായതായി ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു.

ഫെബ്രുവരി 23-ന് പ്ലാസ്മിക് എക്കോ കേസിലെ ഫയലുകളിലേക്ക് അടിയന്തര പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റോമന്‍ റോസ്ഹാവ്‌സ്‌കിക്ക് ഇമെയില്‍ അയച്ചതായി പരാതിയില്‍ പറയുന്നു. എന്തിനാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കാതിരുന്ന സ്റ്റാര്‍, പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് ഫയലുകള്‍ പരിശോധിക്കുന്നതെന്ന് അറിയിച്ചതായും പരാതിയിലുണ്ട്.

ഒരു പ്രത്യേക ഉപഫയല്‍ ഒഴികെ എഫ് ബി ഐയുടെ കേസ് മാനേജ്‌മെന്റ് സംവിധാനത്തിലുള്ള പ്ലാസ്മിക് എക്കോ അന്വേഷണത്തിന്റെ എല്ലാ ഫയലുകളിലേക്കും ബേക്കണ്‍ സ്റ്റാറിന് പ്രവേശനം അനുവദിച്ചു. ഈ ഫയലുകളില്‍ ഒമ്പത് പരാതിക്കാരുടെയും പേരുകള്‍ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഇതിന് 48 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് ബേക്കണെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിട്ടതെന്നാണ് ആരോപണം.

ഒളിമ്പിക്‌സിലെ പട്ടേലിന്റെ പെരുമാറ്റവും പരാതിയില്‍

മിലാനില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സിനിടെ പട്ടേലിന്റെ പെരുമാറ്റത്തെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരിക്കാം പിരിച്ചുവിടലുകള്‍ നടത്തിയതെന്നും പരാതിയില്‍ സംശയം ഉന്നയിക്കുന്നു.

ഫെബ്രുവരി 22-ന് യു എസ് പുരുഷ ഐസ് ഹോക്കി ടീമിന്റെ ലോക്കര്‍ മുറിയില്‍ പട്ടേല്‍ ബിയര്‍ വേഗത്തില്‍ കുടിക്കുന്നതും മദ്യം ചുറ്റും ചീറ്റിക്കുന്നതും കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പെരുമാറ്റത്തിനെതിരെ വിമര്‍ശനമുയര്‍ന്നു.

മുന്‍ എഫ് ബി ഐ സ്‌പെഷല്‍ ഏജന്റ് സാക് ഫെല്‍ഡ്മാനെ പിരിച്ചുവിടുന്ന വിവരം അറിയിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, ഒളിമ്പിക്‌സിനിടെ പട്ടേല്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരിക്കാം നടപടിക്ക് പിന്നിലെന്ന് സംശയം പ്രകടിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

ഈ വിവാദം പട്ടേലിന് രാഷ്ട്രീയ സമ്മര്‍ദമുണ്ടാക്കിയെന്നും പ്രസിഡന്റ് ട്രംപുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും എഫ് ബി ഐ ഡയറക്ടര്‍ സ്ഥാനത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഒമ്പത് പരാതിക്കാരില്‍ എട്ടുപേരെ ഫെബ്രുവരി 22-ന് പിരിച്ചുവിട്ടപ്പോള്‍ ശേഷിച്ച ഒരാളെ അടുത്ത ദിവസമാണ് ജോലിയില്‍നിന്ന് നീക്കിയത്. ഫെബ്രുവരി 28-നാണ് ഇറാനെതിരായ യു എസ്- ഇസ്രായേല്‍ സൈനികാക്രമണങ്ങള്‍ ആരംഭിച്ചതെന്ന് പരാതിയില്‍ പരാമര്‍ശിക്കുന്നു.

രാജ്യസേവനം നടത്തിയവരെ ശിക്ഷിച്ചെന്ന് അഭിഭാഷകര്‍

ദീര്‍ഘകാലത്തെ രാജ്യസേവന പാരമ്പര്യമുള്ള ഉദ്യോഗസ്ഥരെയാണ് അവരുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടതെന്ന് പരാതിക്കാരുടെ അഭിഭാഷകര്‍ പറഞ്ഞു.

ദേശീയ സുരക്ഷയെയും പ്രതിരോധ വിവരങ്ങളെയും ബാധിക്കുന്ന ചോര്‍ച്ചകള്‍ അന്വേഷിക്കുക, ശത്രുക്കളുടെ ഭീഷണികളും ആക്രമണങ്ങളും തടയുക, ബോസ്റ്റണ്‍ മാരത്തണ്‍ ബോംബാക്രമണം പോലുള്ള ഗുരുതര സംഭവങ്ങളോട് പ്രതികരിക്കുക തുടങ്ങിയ നിര്‍ണായക ചുമതലകള്‍ പരാതിക്കാര്‍ നിര്‍വഹിച്ചിട്ടുണ്ടെന്ന് അഭിഭാഷകരായ മാര്‍ഗരറ്റ് ഡോണോവന്‍, ആബി ലോവല്‍, റെബേക്ക ടിനിയോ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

നൂറിലധികം വര്‍ഷത്തെ ആകെ തൊഴില്‍ പരിചയമുള്ള ഈ മുന്‍ ഉദ്യോഗസ്ഥര്‍ പക്ഷപാതമില്ലാതെ വസ്തുതകളും നിയമവും പിന്തുടര്‍ന്നാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ അതേ ജോലികള്‍ നിര്‍വഹിച്ചതിന്റെ പേരില്‍ അവര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നും അഭിഭാഷകര്‍ ആരോപിച്ചു.