ഹോളിവുഡ് നടന്‍ റോബ് റെയ്‌നറും ഭാര്യയും കൊല്ലപ്പെട്ട കേസ്: മകന്‍ നിക് റെയ്‌നര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തും

ഹോളിവുഡ് നടന്‍ റോബ് റെയ്‌നറും ഭാര്യയും കൊല്ലപ്പെട്ട കേസ്: മകന്‍ നിക് റെയ്‌നര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തും


ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോബ് റെയ്‌നറും ഭാര്യ മിഷേല്‍ സിംഗര്‍ റെയ്‌നറും കൊല്ലപ്പെട്ട കേസില്‍ ദമ്പതികളുടെ മകന്‍ നിക് റെയ്‌നര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തുമെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ജില്ലാ അറ്റോര്‍ണി നാഥന്‍ ഹോച്ച്മാന്‍ അറിയിച്ചു. പ്രത്യേക സാഹചര്യങ്ങളോടുകൂടിയ കൊലക്കുറ്റങ്ങളാണ് നിക് റെയ്‌നര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് ജില്ലാ അറ്റോര്‍ണി ഓഫീസിന് ചുമത്താനാകുന്ന ഏറ്റവും ഗുരുതരമായ കുറ്റമാണെന്നും, കുറ്റം തെളിയിക്കപ്പെട്ടാല്‍ പരോളില്ലാത്ത ജീവപര്യന്തമോ വധശിക്ഷയോ വരെ ശിക്ഷ ലഭിക്കാമെന്നും ഹോച്ച്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ശിക്ഷ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച എക്‌സ്‌പോസിഷന്‍ പാര്‍ക്ക് മേഖലയില്‍ വെച്ചാണ്  നിക് റെയ്‌നറെ അറസ്റ്റ് ചെയ്തത്. യാതൊരു എതിര്‍പ്പുമില്ലാതെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ഇയാളെ ജാമ്യമില്ലാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ദമ്പതികളുടെ മൃതദേഹങ്ങള്‍ അവരുടെ വീട്ടില്‍ നിരവധി കുത്തേറ്റ നിലയിലാണ് കണ്ടെത്തിയതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകത്തിന് കത്തി ഉപയോഗിച്ചതായി ജില്ലാ അറ്റോര്‍ണി സ്ഥിരീകരിച്ചു. മാരകായുധം ഉപയോഗിച്ചാണ് കുറ്റകൃത്യം നടന്നതെന്നത് കേസിലെ പ്രത്യേക സാഹചര്യങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാല്‍ നിക് റെയ്‌നര്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരായില്ലെന്ന് പ്രതിഭാഗ അഭിഭാഷകന്‍ അറിയിച്ചു. ഇത് 'മെഡിക്കല്‍ മിസ് ഔട്ട്' ആണെന്ന നിലയിലാണ് രേഖപ്പെടുത്തിയതെന്നും ജില്ലാ അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കി. മെഡിക്കല്‍ ക്ലിയറന്‍സ് പൂര്‍ത്തിയായതിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും അപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കേസിലെ തെളിവുകള്‍, കൊലപാതകത്തിന്റെ പിന്നിലെ പ്രേരണ, പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴികള്‍ എന്നിവയെക്കുറിച്ച് പൊലീസ് ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിയുടെ മാനസിക നിലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അധികൃതര്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല.

കൊലപാതകത്തിന് ഒരുദിവസം മുമ്പ് കോമഡിയന്‍ കോനന്‍ ഒ'ബ്രയന്റെ വീട്ടില്‍ നടന്ന വിരുന്നില്‍ റോബ് റെയ്‌നറും മകന്‍ നിക്കും തമ്മില്‍ ശക്തമായ വാക്കേറ്റം നടന്നിരുന്നുവെന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകം നടന്ന ദിവസം ദമ്പതികള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും ഉള്‍പ്പെടുന്ന അടുത്ത സുഹൃത്തുക്കളുമായി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിരുന്നുവെന്നും മുന്‍ ഫസ്റ്റ് ലേഡി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വാര്‍ത്ത പുറത്തുവന്നതോടെ ഹോളിവുഡ് ലോകം ഞെട്ടലിലും ദുഃഖത്തിലുമാണ്.