ട്രംപ് 150 കോടി ഡോളറിന്റെ അപകീർത്തി കേസ് ഫയൽ ചെയ്തതിൽ ഭയപ്പെടില്ലെന്ന് ന്യൂയോർക്ക് ടൈംസ്

ട്രംപ് 150 കോടി ഡോളറിന്റെ അപകീർത്തി കേസ് ഫയൽ ചെയ്തതിൽ ഭയപ്പെടില്ലെന്ന് ന്യൂയോർക്ക് ടൈംസ്


ന്യൂയോർക്ക്: പത്രത്തിനെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 150 കോടി ഡോളറിന്റെ അപകീർത്തി കേസ് ഫയൽ ചെയ്തതിൽ കമ്പനി ഭയപ്പെടില്ലെന്ന് ന്യൂയോർക്ക് ടൈംസിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ മെറെഡിത്ത് കോപിറ്റ് ലെവിയൻ. കഴിഞ്ഞ ജൂലൈയിൽ വാൾസ്ട്രീറ്റ് ജേണലിനെതിരെ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഉൾപ്പെടെ, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് മാധ്യമങ്ങൾക്കെതിരായ നിയമപരമായ നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഈ കേസ്.

കേസ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ലെവിയൻ പ്രതികരിച്ചു. ഈ വിഷയത്തിൽ പത്രം നടത്തിയ ആദ്യത്തെ പൊതു പ്രസ്താവനയാണിത്. 'ഈ കേസിന് യാതൊരു യോഗ്യതയുമില്ല. ഇതിന് നിയമപരമായ അടിസ്ഥാനങ്ങളൊന്നുമില്ല. സ്വതന്ത്ര പത്രപ്രവർത്തനത്തെ അടിച്ചമർത്തുക, ന്യൂയോർക്ക് ടൈംസും മറ്റ് സ്ഥാപനങ്ങളും നടത്തുന്ന വസ്തുതാധിഷ്ഠിത റിപ്പോർട്ടിങ് തടയുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഞാൻ വിശ്വസിക്കുന്നു'വെന്നും അവർ കൂട്ടിച്ചേർത്തു. 'ഇപ്പോൾ ട്രംപിന്റെ പക്കൽ ഒരു മാധ്യമ വിരുദ്ധ പ്ലേബുക്ക് ഉണ്ട്... ന്യൂയോർക്ക് ടൈംസ് അതിനൊന്നും വഴങ്ങില്ലെ'ന്നും അവർ തുറന്നടിച്ചു.

എന്നാൽ, പ്രസ്താവനയോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. പത്രം ദുരുദ്ദേശ്യത്തോടെ ലേഖനങ്ങളും പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള നിന്ദ്യമായയും വളച്ചൊടിക്കലുകളും നിറഞ്ഞ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചതായി ട്രംപ് കേസിൽ ആരോപിച്ചു.

'നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഇന്ന് എനിക്ക് കഴിഞ്ഞിരിക്കുന്നു. റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റ് പാർട്ടിയുടെ മുഖ്യപത്രമായി ഇതു മാറിയിരിക്കുന്നുവെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ എഴുതിയിരുന്നു.

കുപ്രസിദ്ധനായ ധനകാര്യ വിദഗ്ദ്ധൻ ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനെ ബന്ധിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് പത്രവും ട്രംപും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. തുടർന്ന് റിപ്പോർട്ടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. എന്നാൽ, സ്വതന്ത്ര റിപ്പോർട്ടിങ്ങിനെ അടിച്ചമർത്താനും നിരുത്സാഹപ്പെടുത്താനുമുള്ള ശ്രമമാണിതെന്നാണ് പത്രത്തിന്റെ പ്രതികരണം.