പുതിയ എപ്സ്റ്റീന്‍ ഫയലുകളില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്റാന്‍ മംദാനിയുടെ മാതാവ് മീരാ നായരുടെ പേരും

പുതിയ എപ്സ്റ്റീന്‍ ഫയലുകളില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്റാന്‍ മംദാനിയുടെ മാതാവ് മീരാ നായരുടെ പേരും


ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് ജനുവരി 30ന് പുറത്തുവിട്ട പുതിയ എപ്സ്റ്റീന്‍ ഫയലുകള്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എലോണ്‍ മസ്‌ക് എന്നിവരടക്കം നിരവധി പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെട്ടിരിക്കുന്ന പട്ടികയില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്റാന്‍ മംദാനിയുടെ മാതാവും ചലച്ചിത്ര സംവിധായികയുമായ മീരാ നായരുടെയും പേര് ഇടംപിടിച്ചിട്ടുണ്ട്.

യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട രേഖകള്‍ പ്രകാരം 2009-ല്‍ പുറത്തിറങ്ങിയ മീരാ നായര്‍ സംവിധാനം ചെയ്ത 'അമീലിയ' എന്ന ചിത്രത്തിന്റെ അനുബന്ധ പാര്‍ട്ടിയില്‍ അവര്‍ പങ്കെടുത്തതായി വ്യക്തമാക്കുന്നു. ശിക്ഷിക്കപ്പെട്ട ലൈംഗിക കടത്തുകാരിയായ ഗിസ്ലെയ്ന്‍ മാക്സ്വെല്ലിന്റെ വസതിയിലായിരുന്നു ഈ പാര്‍ട്ടി സംഘടിപ്പിച്ചത്.

പാര്‍ട്ടി അവസാനിച്ചതിന് ശേഷം 2009 ഒക്ടോബര്‍ 21-ന് പബ്ലിസിസ്റ്റ് പെഗ്ഗി സീഗല്‍ ജെഫ്രി എപ്സ്റ്റീന് ഇമെയില്‍ അയച്ചതായും രേഖകളില്‍ പറയുന്നു. പാര്‍ട്ടിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുന്നതാണ് ഈ ഇമെയില്‍.

ഗിസ്ലെയ്‌ന്റെ ടൗണ്‍ഹൗസില്‍ നടന്ന ചിത്രത്തിന്റെ ആഫ്റ്റര്‍ പാര്‍ട്ടിയില്‍ ബില്‍ ക്ലിന്റണും ജെഫ് ബെസോസും ഉണ്ടായിരുന്നതായും ജീന്‍ പിഗോണി, സംവിധായിക മീരാ നായര്‍ എന്നിവരും പങ്കെടുത്തുവെന്നും ഇമെയിലില്‍ പറയുന്നു. 

ചിത്രവുമായി ബന്ധപ്പെട്ട അതിഥികളുടെ പ്രതികരണം അത്ര അനുകൂലമായിരുന്നില്ലെന്നും ഇമെയില്‍ വ്യക്തമാക്കുന്നു. ചിത്രത്തിന് മിതമായ പ്രതികരണമാണ് ലഭിച്ചതെന്നും എങ്കിലും സ്ത്രീകള്‍ക്ക് കൂടുതലായി ഇഷ്ടപ്പെട്ടുവെന്നും ബ്ലൂമിംഗ്ഡെയില്‍സിലെ വിലകുറഞ്ഞ സ്‌പോര്‍ട്സ് വെയര്‍ വിഭാഗത്തില്‍ നടത്തിയ വിചിത്രമായ പാര്‍ട്ടി, സ്റ്റുഡിയോ സൗജന്യ പാര്‍ട്ടിക്കായി സ്റ്റോര്‍ ഉപയോഗിച്ചു എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളും ഇമെയിലിലുണ്ട്.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ആമസോണ്‍ സി ഇ ഒ ജെഫ് ബെസോസും ആഫ്റ്റര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെട്ടിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.

പുതിയതായി പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ ലാറി സമ്മേഴ്സ്, ബില്‍ റിച്ചാര്‍ഡ്‌സണ്‍, പ്രിന്‍സ് ആന്‍ഡ്രൂ, സാറാ ഫെര്‍ഗൂസണ്‍, മൈക്കല്‍ ജാക്സണ്‍, മിക്ക് ജാഗര്‍, കെവിന്‍ സ്‌പേസി, ഡയാന റോസ്, ക്രിസ് ടക്കര്‍ എന്നിവരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വുഡി അലന്‍, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, നോം ചോംസ്‌കി, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.