ബ്രൗണ്‍ സര്‍വകലാശാല വെടിവെപ്പ്: പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബ്രൗണ്‍ സര്‍വകലാശാല വെടിവെപ്പ്: പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


റോഡ് ഐലന്‍ഡ് :  അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാല ക്യാംപസിലുണ്ടായ കൂട്ടവെടിവെപ്പുമായി ബന്ധപ്പെട്ട് പൊലീസ് തേടുന്ന അക്രമിയെന്നു കരുതുന്ന വ്യക്തിയുടെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ റോഡ് ഐലന്‍ഡ് പോലീസ് പുറത്തുവിട്ടു. ശനിയാഴ്ച നടന്ന വെടിവെപ്പിന് പിന്നാലെ പകര്‍ത്തിയ വീഡിയോയില്‍ കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ വാട്ടര്‍മാന്‍ സ്ട്രീറ്റിലൂടെ നടന്നു പോകുന്നതാണ് കാണുന്നത്. ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്ന് ഏകദേശം മൂന്ന് ബ്ലോക്ക് വടക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണിതെന്ന് പ്രൊവിഡന്‍സ് പോലീസ് വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും, വീഡിയോയിലുള്ള വ്യക്തിയെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ ഉടന്‍ പോലീസിനെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത മറ്റൊരാളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതിനു പിന്നാലെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍  മുഖത്തിന്റെ ഒരു ഭാഗം കറുത്ത സര്‍ജിക്കല്‍ മാസ്‌ക് കൊണ്ട് മറച്ച നിലയില്‍ ഉള്ള വ്യക്തിയുടെ സ്റ്റില്‍ ചിത്രങ്ങളും മറ്റ് വീഡിയോ ദൃശ്യങ്ങളും പ്രൊവിഡന്‍സ് പോലീസ് മേധാവി കേണല്‍ ഓസ്‌കര്‍ പെരെസ് പുറത്തുവിട്ടു. ഹോപ്പ് സ്ട്രീറ്റ്-ബെനവലന്റ് സ്ട്രീറ്റ് ജംഗ്ഷനു സമീപം, ബ്രൗണ്‍ സര്‍വകലാശാലയ്ക്കടുത്ത് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇവ. ശനിയാഴ്ച വൈകിട്ട് 4.05ന് വെടിവെപ്പ് ഉണ്ടാകുന്നതിന്  ഏതാനും മണിക്കൂര്‍ മുന്‍പാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും, 9 എംഎം തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും പെരെസ് വെളിപ്പെടുത്തി.

പ്രതിയെ തിരിച്ചറിയാന്‍ പൊതുജന സഹായം നിര്‍ണായകമാണെന്ന് ഗവര്‍ണര്‍ ഡാന്‍ മക്കീ പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദിയായ ആളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് എഫ്ബിഐ 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വീഡിയോയില്‍ കാണുന്ന വ്യക്തി ആയുധധാരിയും അത്യന്തം അപകടകാരിയുമാണെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കി.

ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലെടുത്തയാളെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവിമുക്തനാക്കി' വിട്ടയച്ചതാണെന്ന് സംസ്ഥാന അറ്റോര്‍ണി ജനറല്‍ പീറ്റര്‍ നെറോനഹ വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും സജീവമാണെന്നും, കൂടുതല്‍ വീഡിയോ ശേഖരണം, വിരലടയാള പരിശോധന, കുറ്റകൃത്യസ്ഥല പരിശോധന എന്നിവ ശക്തമാക്കിയതായും അധികൃതര്‍ പറഞ്ഞു. ക്യാംപസിലും സമീപ പ്രദേശങ്ങളിലും എഫ്ബിഐയുടെ കെ-9 യൂണിറ്റുകള്‍ ഉള്‍പ്പെടെ പരിശോധന തുടരുകയാണ്.

സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമൂഹത്തില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളുകളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചതായി പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്‌മൈലി അറിയിച്ചു. നിലവില്‍ സമൂഹത്തിനെതിരെ വിശ്വസനീയമായ ഭീഷണികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്ളവര്‍ എഫ്ബിഐയുടെ ഓണ്‍ലൈന്‍ ടിപ്പ് സെന്ററിലൂടെയോ (401) 2723121 എന്ന നമ്പറിലൂടെയോ അന്വേഷണ സംഘത്തെ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.