ഇമിഗ്രേഷന്‍ രേഖകള്‍ക്ക് പുതിയ ഫോട്ടോ നിര്‍ബന്ധം: മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള ചിത്രങ്ങള്‍ നിരസിക്കും

ഇമിഗ്രേഷന്‍ രേഖകള്‍ക്ക് പുതിയ ഫോട്ടോ നിര്‍ബന്ധം: മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള ചിത്രങ്ങള്‍ നിരസിക്കും


വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇമിഗ്രേഷന്‍ രേഖകളില്‍ ചേര്‍ക്കേണ്ട ഫോട്ടോ സംബന്ധിച്ച നിയമങ്ങളില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) കര്‍ശനമായ മാറ്റം വരുത്തി. അപേക്ഷകരുടെ തിരിച്ചറിയല്‍ സുരക്ഷിതമാക്കാനും വ്യാജ തിരിച്ചറിയല്‍ (ഐഡന്റിറ്റി തെഫ്റ്റ്) തടയാനുമാണ് പുതിയ മാര്‍ഗനിര്‍ദേശമെന്ന് അധികൃതര്‍ അറിയിച്ചു. ഇനി മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള ഫോട്ടോകള്‍ ഇമിഗ്രേഷന്‍ രേഖകള്‍ക്കായി അംഗീകരിക്കില്ല. അപേക്ഷകര്‍ സ്വയം സമര്‍പ്പിക്കുന്ന ഫോട്ടോകളും സ്വീകരിക്കില്ല. USCISയോ അതിന് അംഗീകാരം നല്‍കിയ കേന്ദ്രങ്ങളിലോ എടുത്ത ഫോട്ടോകള്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ.

ഇതുവരെ പത്ത് വര്‍ഷം വരെ പഴക്കമുള്ള ഫോട്ടോകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് പഴയതും മുന്‍പ് ശേഖരിച്ചതുമായ ഫോട്ടോകള്‍ വ്യാപകമായി ഉപയോഗിച്ചതോടെ ചിലര്‍ 20 വര്‍ഷത്തിലധികം പഴക്കമുള്ള ചിത്രങ്ങള്‍ വരെ സമര്‍പ്പിച്ച സംഭവങ്ങളും ഉണ്ടായി. ഇതാണ് നിയമം കര്‍ശനമാക്കാന്‍ കാരണമായതെന്ന് USCIS വ്യക്തമാക്കി. പത്ത് വര്‍ഷത്തിനിടെ വ്യക്തികളുടെ രൂപഭാവത്തില്‍ വലിയ മാറ്റം സംഭവിക്കുമെന്നും ഇതുവഴി തിരിച്ചറിയല്‍ പരിശോധനകള്‍ ദുര്‍ബലമാകുമെന്നും ഏജന്‍സി വിലയിരുത്തി.

പുതിയ നയം പ്രകാരം, ബയോമെട്രിക്‌സ് പുതുതായി ശേഖരിക്കേണ്ടതില്ലാത്ത ഇമിഗ്രേഷന്‍ അപേക്ഷകളില്‍, മുമ്പ് എടുത്ത ഫോട്ടോ വീണ്ടും ഉപയോഗിക്കാവുന്നത് അത് എടുത്ത തീയതി മുതല്‍ പരമാവധി 36 മാസം (മൂന്ന് വര്‍ഷം) മാത്രമായിരിക്കും. എന്നാല്‍ നാചുറലൈസേഷന്‍ അപേക്ഷ (N-400), പൗരത്വ സര്‍ട്ടിഫിക്കറ്റ് അപേക്ഷ (N-600), ഗ്രീന്‍ കാര്‍ഡ് മാറ്റിസ്ഥാപിക്കല്‍ (I-90), സ്ഥിരതാമസം/സ്റ്റാറ്റസ് മാറ്റം (I485) തുടങ്ങിയ അപേക്ഷകളില്‍ പുതുതായി ബയോമെട്രിക്‌സും ഫോട്ടോയും നിര്‍ബന്ധമായിരിക്കും.

അപേക്ഷകന്റെ നിലവിലെ രൂപഭാവം ശരിയായി സ്ഥിരീകരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍, പഴയ ഫോട്ടോ ലഭ്യമായിരുന്നാലും പുതിയ ചിത്രം ആവശ്യപ്പെടാന്‍ USCISയ്ക്ക് അധികാരമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ വലിയ പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം പ്രഖ്യാപിച്ചതെന്നും USCIS അറിയിച്ചു.