എപ്സ്റ്റീൻ ബന്ധം നിഷേധിച്ച് ഇലോൺ മസ്‌ക്: 'ആ ദ്വീപിലോ വിമാനത്തിലോ ഒരിക്കലും പോയിട്ടില്ല'

എപ്സ്റ്റീൻ ബന്ധം നിഷേധിച്ച് ഇലോൺ മസ്‌ക്: 'ആ ദ്വീപിലോ വിമാനത്തിലോ ഒരിക്കലും പോയിട്ടില്ല'


ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട പുതിയ രേഖകളിൽ പേര് ഉൾപ്പെട്ടതിന് പിന്നാലെ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സ്‌പേസ്എക്‌സ്-ടെസ്ല മേധാവി ഇലോൺ മസ്‌ക് നിഷേധിച്ചു. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലേക്കോ 'ലൊളിറ്റ എക്‌സ്പ്രസ്' വിമാനത്തിലേക്കോ താൻ ഒരിക്കലും പോയിട്ടില്ലെന്ന് മസ്‌ക് വ്യക്തമാക്കി.

'എപ്സ്റ്റീന്റെ പാർട്ടികളിലോ, ആ ഭീതിജനകമായ ദ്വീപിലോ ഞാൻ പങ്കെടുത്തിട്ടില്ല. ഞാൻ ഒന്നും തെറ്റായി ചെയ്തിട്ടില്ല,' മസ്‌ക് എക്‌സ്  പ്ലാറ്റ്‌ഫോമിൽ കുറിച്ചു. എപ്സ്റ്റീൻ ഫയലുകൾ പൂർണമായി പുറത്തുവിടണമെന്ന ആവശ്യത്തിന് താൻ മുന്നിൽ നിന്നിരുന്നുവെന്നും, ഇതിന്റെ പേരിൽ തന്നെ അപകീർത്തിപ്പെടുത്തുമെന്ന് അറിഞ്ഞിരുന്നുവെന്നും മസ്‌ക് പറഞ്ഞു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധികാരത്തിലുള്ളവരുടെ ഉത്തരവാദിത്തമാണെന്നും, കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമ്പോഴേ യഥാർത്ഥ നീതി ലഭിക്കൂവെന്നും മസ്‌ക് കൂട്ടിച്ചേർത്തു.

പുതിയ എപ്സ്റ്റീൻ ഫയലുകളിൽ മസ്‌കിന്റെ പേര്

യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പുതിയ മൂന്ന് ദശലക്ഷം രേഖകളിൽ മസ്‌കും എപ്സ്റ്റീനും തമ്മിലുള്ള ഇമെയിൽ സംഭാഷണങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. 2012-13 കാലയളവിൽ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസിലേക്കുള്ള സന്ദർശനത്തെക്കുറിച്ചുള്ള ചർച്ചകളും രേഖകളിലുണ്ട്. ഒരു ഇമെയിലിൽ 'ഏത് ദിവസമാണ് ഏറ്റവും വലിയ പാർട്ടി' എന്ന മസ്‌കിന്റെ ചോദ്യം പരാമർശിക്കുന്നതായും റിപ്പോർട്ടുണ്ട്.

ഇതോടൊപ്പം മുൻ ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിൻസ് ആൻഡ്രു, ബിൽ ഗേറ്റ്‌സ്, ഹോവാർഡ് ലട്ട്‌നിക്, സംവിധായിക മീര നായർ തുടങ്ങിയവരുടെ പേരുകളും പുതിയ രേഖകളിലുണ്ട്.

എന്താണ് എപ്സ്റ്റീൻ ഫയലുകൾ?

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി ലൈംഗിക കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട ജെഫ്രി എപ്സ്റ്റീന്റെ നിയമരേഖകൾ, കോടതി രേഖകൾ, സാക്ഷിമൊഴികൾ, വിമാന യാത്രാ ലോഗുകൾ എന്നിവ ചേർന്നതാണ് 'എപ്സ്റ്റീൻ ഫയലുകൾ'. കോൺഗ്രസിന്റെ അംഗീകാരത്തിന് പിന്നാലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ച ട്രാൻസ്പാരൻസി നിയമപ്രകാരം രഹസ്യമല്ലാത്ത എല്ലാ രേഖകളും പുറത്തുവിടാൻ ഡിഒജെയ്ക്ക് നിർദേശം നൽകിയിരുന്നു.