'അമേരിക്കയിൽ നെതന്യാഹുവിനെ ഒരിക്കലും അറസ്റ്റ് ചെയ്യില്ല'; മേയർ മംദാനിക്ക് ട്രംപിന്റെ മറുപടി

'അമേരിക്കയിൽ നെതന്യാഹുവിനെ ഒരിക്കലും അറസ്റ്റ് ചെയ്യില്ല'; മേയർ മംദാനിക്ക് ട്രംപിന്റെ മറുപടി


വാഷിങ്ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോർക്ക് മേയർ സോഹ്രാൻ മംദാനിയുടെ പരാമർശങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

'അമേരിക്കൻ മണ്ണിൽ ബെഞ്ചമിൻ നെതന്യാഹുവിനെ യാതൊരു സാഹചര്യത്തിലും അറസ്റ്റ് ചെയ്യില്ല,' എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇറാനെതിരായ പോരാട്ടത്തിലാണ് നെതന്യാഹുവെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.

ഇറാൻ ആയിരക്കണക്കിന് നിരപരാധികളെ കൊലപ്പെടുത്തിയെന്നും അമേരിക്കൻ സൈനികരുടെ മരണത്തിനും ഉത്തരവാദികളാണെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്ക് അദ്ദേഹം തെളിവുകൾ പുറത്തുവിട്ടിട്ടില്ല.

ഇറാനെ 'മരണത്തിന്റെയും നാശത്തിന്റെയും ചുഴിയിലേക്ക്' നയിച്ചവരാണ് അറസ്റ്റ് ചെയ്യപ്പെടേണ്ടതെന്നും, മുൻ അമേരിക്കൻ പ്രസിഡന്റുമാർ വർഷങ്ങൾക്കുമുമ്പ് തന്നെ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും ട്രംപ് പറഞ്ഞു.

സെപ്തംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ നെതന്യാഹു എത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ നിയമപരമായ സാധ്യതകളണ്ടോയെന്ന് തന്റെ നിയമസംഘവുമായി പരിശോധിക്കുകയാണെന്ന് ന്യൂയോർക്ക് മേയർ സോഹ്രാൻ മംദാനി കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അത്തരമൊരു നടപടി സ്വീകരിക്കാൻ മേയറെന്ന നിലയിൽ തനിക്ക് അധികാരമണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും നിയമപരമായ സാധ്യതകൾ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2024ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി.) ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും നടന്നിട്ടുണ്ടെന്ന ന്യായമായ അടിസ്ഥാനമുണ്ടെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ നെതന്യാഹു നിഷേധിക്കുകയും ഐ.സി.സി.യുടെ അധികാരം ഇസ്രയേൽ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മംദാനിയുടെ പരാമർശം നെതന്യാഹുവിന്റെ ഓഫീസ് തള്ളിക്കളഞ്ഞു. ന്യൂയോർക്കിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് മേയർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വിദേശ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് അദ്ദേഹത്തിന്റെ മുൻഗണനയാകരുതെന്നും നെതന്യാഹുവിന്റെ ഓഫീസ് എക്‌സിലൂടെ പ്രതികരിച്ചു.