ചൈനീസ് വാഹനങ്ങളുടെ കടന്നുകയറ്റത്തെക്കുറിച്ച് ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ചൈനീസ് വാഹനങ്ങളുടെ കടന്നുകയറ്റത്തെക്കുറിച്ച് ആശങ്കയില്‍ ലോകരാജ്യങ്ങള്‍


ന്യൂയോര്‍ക്ക്: ചൈനയില്‍ നിര്‍മിച്ച ഇലക്ട്രിക് വാഹനം (ഇ വി) വാങ്ങണോ എന്ന് തീരുമാനിക്കുമ്പോള്‍ വിദേശ ഉപഭോക്താക്കള്‍ പല കാര്യങ്ങളും പരിഗണിക്കും. വില, യാത്രാസുഖം, പതിവ് യാത്രാമാര്‍ഗങ്ങളിലെ ചാര്‍ജിങ് സൗകര്യം, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ സഞ്ചരിക്കാവുന്ന ദൂരം, വാഹനത്തിന്റെ വേഗം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. വ്യക്തിഗത വിവരങ്ങള്‍ എങ്ങനെ ശേഖരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു എന്ന ആശങ്കയും ചിലര്‍ക്കുണ്ടാകാം.

എന്നാല്‍ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി സ്വന്തം രാജ്യത്ത് അനുവദിക്കണമോ, അനുവദിച്ചാല്‍ എത്രത്തോളം വേണമോ എന്ന് തീരുമാനിക്കേണ്ട വിദേശ നയരൂപകര്‍ത്താക്കളുടെ സ്ഥിതി വ്യത്യസ്തമാണ്. ഹരിതോര്‍ജ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങളും ചൈനയില്‍നിന്നുള്ള വിലകുറഞ്ഞ വാഹനങ്ങളുടെ വന്‍തോതിലുള്ള ഇറക്കുമതി ആഭ്യന്തര വാഹനനിര്‍മാണ മേഖലയെ തകര്‍ക്കുമെന്ന ആശങ്കയും തമ്മിലുള്ള ഏറ്റുമുട്ടലാണ് അവിടെ പ്രധാനമായും നടക്കുന്നത്. ഇതിനുപുറമേ, ചൈനയുമായി മത്സരാധിഷ്ഠിത ബന്ധം പുലര്‍ത്തുന്ന നിരവധി രാജ്യങ്ങള്‍ വാഹനങ്ങള്‍ വഴി ശേഖരിക്കപ്പെടുന്ന വ്യക്തിഗത വിവരങ്ങള്‍ ചൈനയ്ക്ക് ലഭിക്കുന്നതിനെക്കുറിച്ചും ആശങ്കപ്പെടുന്നു.

അമേരിക്കന്‍ വിപണിയില്‍ ചൈനീസ് വാഹനനിര്‍മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇതുവരെ വില്‍പ്പനയ്‌ക്കെത്തിയിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചൈനയില്‍ നിന്നുള്ള ഹൈബ്രിഡ് വാഹനങ്ങളുടെ ഇറക്കുമതി പ്രതിവര്‍ഷം 3.5 ലക്ഷം വാഹനങ്ങളായി പരിമിതപ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നതെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ യൂറോപ്യന്‍ വിപണിയിലെ ചൈനീസ് വാഹനങ്ങളുടെ നിലവിലെ ആറു ശതമാനം വിപണിവിഹിതം പകുതിയായി കുറയുമെന്നാണ് കണക്കുകൂട്ടല്‍.

ആഗോളതലത്തില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന നയതന്ത്ര- വ്യാപാര തര്‍ക്കമാണിത്. അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിപണിയിലും അതിനാവശ്യമായ നൂതന ബാറ്ററികള്‍ ഉള്‍പ്പെടെയുള്ള വിതരണശൃംഖലകളിലും ആധിപത്യം സ്ഥാപിക്കുക ഏതു രാജ്യമായിരിക്കും? രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക ചെയ്തതുപോലെ ആഗോള വ്യാപാരത്തിന്റെ നിയമങ്ങളും മാനദണ്ഡങ്ങളും നിര്‍ണയിക്കാന്‍ ആര്‍ക്കാകും? ചൈനീസ് വാഹനങ്ങള്‍ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ആഭ്യന്തര നിര്‍മാതാക്കളെ പിന്തള്ളുകയും നിര്‍മാണമേഖലയെ ദുര്‍ബലപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുമോ?

അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ വിപണികള്‍ ചൈനയുമായുള്ള വ്യാപാരബന്ധത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഈ തര്‍ക്കം വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍. 

കാലാവസ്ഥാ ലക്ഷ്യങ്ങളും ചൈനയില്‍നിന്നുള്ള കുറഞ്ഞ വിലയിലുള്ള വാഹനങ്ങളുടെ ഇറക്കുമതി യൂറോപ്യന്‍ വാഹനവ്യവസായത്തെ തകര്‍ക്കുമെന്ന ആശങ്കയും തമ്മിലുള്ള വൈരുധ്യത്തിന്റെ മികച്ച ഉദാഹരണമാണ് യൂറോപ്യന്‍ യൂണിയനും ചൈനയും തമ്മിലുള്ള പുതിയ ക്രമീകരണം.

ഫോക്‌സ്വാഗണ്‍, മെഴ്സിഡസ് ബെന്‍സ്, ബി എം ഡബ്ല്യു, ഫെറാരി, റെനോ തുടങ്ങിയ ലോകപ്രശസ്ത വാഹനനിര്‍മാതാക്കളുടെ ആസ്ഥാനമായ യൂറോപ്പില്‍ ആഭ്യന്തര വാഹനനിര്‍മാണം സംരക്ഷിക്കുക വലിയ വെല്ലുവിളിയാണ്. കാര്‍ബണ്‍ പുറന്തള്ളല്‍ വേഗത്തില്‍ കുറയ്ക്കണമെന്ന നിര്‍ബന്ധിത ലക്ഷ്യങ്ങള്‍ ഈ കമ്പനികളുടെ വ്യവസായരംഗത്തെ പരിവര്‍ത്തനം പ്രതീക്ഷിച്ച വേഗത്തില്‍ സാധ്യമാക്കിയിട്ടില്ല. അതേസമയം, ബി വൈ ഡി, എസ് എ ഐ സി തുടങ്ങിയ ചൈനീസ് ഇലക്ട്രിക് വാഹന കമ്പനികളുടെ വളര്‍ച്ചയ്ക്ക് ഇത് അനുകൂല സാഹചര്യമൊരുക്കി.

ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ചൈനീസ് കസ്റ്റംസ് വിവരങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, 2026-ന്റെ ആദ്യ പകുതിയില്‍ ചൈനയില്‍നിന്ന് യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലേക്കുള്ള ഹൈബ്രിഡ് വാഹന കയറ്റുമതിയുടെ മൂല്യം മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടിയായി ഉയര്‍ന്ന് 750 കോടി ഡോളറിലെത്തി. 2021-ലെ ഒരു വര്‍ഷത്തെ മൊത്തം കയറ്റുമതിമൂല്യമായ 84.5 കോടി ഡോളറിന്റെ ഏകദേശം ഒമ്പതിരട്ടിയാണിത്.

അതേസമയം, ഫോക്‌സ്വാഗണ്‍ ആഗോളതലത്തില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലെ പരമ്പരാഗത വാഹനവ്യവസായം നേരിടുന്ന സമ്മര്‍ദത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഇത്തരം നീക്കങ്ങള്‍.

പരിസ്ഥിതി സംരക്ഷണവും ആഭ്യന്തര നിര്‍മാണമേഖലയുടെ നിലനില്‍പ്പും തമ്മിലുള്ള സംഘര്‍ഷം അമേരിക്കയില്‍ യൂറോപ്പിലേതുപോലെ ശക്തമല്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകളെയും ഹരിതോര്‍ജ നയങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റുകളുടെ 'ഗ്രീന്‍ ന്യൂ ഡീല്‍' പദ്ധതിയെ പരിഹസിച്ച് 'ഗ്രീന്‍ ന്യൂ സ്‌കാം' എന്നാണ് വിശേഷിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.

എന്നാല്‍ ചൈനീസ് വാഹനങ്ങളെ അമേരിക്കന്‍ വിപണിയില്‍നിന്ന് പൂര്‍ണമായി വിലക്കണമെന്ന നിര്‍ദേശത്തിന് ഇരുപാര്‍ട്ടികളിലും പിന്തുണയുണ്ട്. നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇതുസംബന്ധിച്ച നിയമനിര്‍മാണ നടപടികള്‍ മുന്നോട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍, ഉയര്‍ന്ന ഇറക്കുമതിത്തീരുവകള്‍ മുതല്‍ ചൈനീസ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ചില സാങ്കേതികവിദ്യകള്‍ക്കുള്ള നിയന്ത്രണങ്ങളും അമേരിക്കന്‍ സുരക്ഷാ മാനദണ്ഡങ്ങളും വരെ ഉള്‍പ്പെടുന്ന നിരവധി വ്യവസ്ഥകളാണ് ചൈനീസ് വാഹനങ്ങളുടെ പ്രവേശനം തടയുന്നത്.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത്, 2024-ല്‍ ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനത്തിലധികം വരുന്ന ആകെ ഇറക്കുമതിത്തീരുവകള്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. മെക്‌സിക്കോയില്‍ വാഹനങ്ങള്‍ നിര്‍മിച്ച് അവിടെനിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത് തീരുവ മറികടക്കാന്‍ ശ്രമിക്കരുതെന്ന് ചൈനീസ് നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

ആഭ്യന്തര വ്യവസായനയം ശക്തിപ്പെടുത്തുക എന്നതായിരുന്നു ബൈഡന്‍ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം. ചൈനീസ് കമ്പനികള്‍ക്ക് ലഭിക്കുന്ന വലിയ സര്‍ക്കാര്‍ സബ്‌സിഡികള്‍ മൂലം കടുത്ത മത്സരമാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹനനിര്‍മാതാക്കള്‍ നേരിട്ടിരുന്നത്. അതിനാല്‍ അമേരിക്കന്‍ നിര്‍മാണമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇറക്കുമതി നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.

എന്നാല്‍ അമേരിക്കയില്‍ തന്നെ നിര്‍മിക്കുന്നവയാണെങ്കില്‍ ചൈനീസ് ബ്രാന്‍ഡിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കന്‍ നിരത്തുകളില്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ട്രംപ് കഴിഞ്ഞ മാസം സൂചന നല്‍കിയിരുന്നു. അമേരിക്കയില്‍ നിര്‍മാണം നടത്തുന്നതിലൂടെ ആഭ്യന്തര തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നതാണ് ഇതിന് പിന്നിലെ വാദം.

എന്നാല്‍ ഈ നിലപാട് അമേരിക്കന്‍ വാഹനനിര്‍മാതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകൂവെന്നാണ് പ്രതീക്ഷ.

ചൈനീസ് വാഹനങ്ങളുടെ ഇറക്കുമതിയില്‍ അമേരിക്ക സ്വീകരിച്ച കടുത്ത നിലപാട് കാനഡയും പിന്തുടരണമെന്ന് ട്രംപ് സമ്മര്‍ദം ചെലുത്തിയിരുന്നു. തുടക്കത്തില്‍ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ കാനഡയും സമാനമായ നിയന്ത്രണങ്ങള്‍ക്കൊപ്പം നിന്നു.

എന്നാല്‍ അമേരിക്കയുമായുള്ള ബന്ധത്തിലെ സംഘര്‍ഷങ്ങളും ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികളും വ്യാപാരബന്ധങ്ങള്‍ പുനഃപരിശോധിക്കാന്‍ കാനഡയെ പ്രേരിപ്പിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയ്ക്ക് പുറമേ മറ്റു രാജ്യങ്ങളുമായും വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കാനഡ. ചൈനയുമായുള്ള ബന്ധവും ഇതിന്റെ ഭാഗമാണ്.

2024-ല്‍ ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയ കാനഡ ഇപ്പോള്‍ പ്രതിവര്‍ഷം പരമാവധി 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 6.1 ശതമാനം തീരുവയില്‍ പ്രവേശനം അനുവദിക്കുന്നു. ആറുമാസക്കാലയളവില്‍ 24,500 വാഹനങ്ങള്‍ എന്ന പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനീസ് വാഹനങ്ങള്‍ കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം അമേരിക്കന്‍ വാഹനനിര്‍മാതാക്കളുമായുള്ള ബന്ധത്തെ ബാധിച്ചേക്കാവുന്ന അപകടസാധ്യത നിയന്ത്രിക്കാനുള്ള മധ്യമാര്‍ഗമായാണ് ഈ നയം വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ സമവാക്യം എത്രകാലം നിലനില്‍ക്കുമെന്നത് വ്യക്തമല്ല.

ചൈനീസ് വാഹനനിര്‍മാതാക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണശേഷി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വിപണികളിലേക്ക് കടന്നുകയറാനും ഇതിനകം സാന്നിധ്യമുള്ള വിപണികളില്‍ സ്വാധീനം വിപുലീകരിക്കാനും അവര്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നു.

ഇതോടെ ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചുള്ള രാഷ്ട്രീയ- വ്യാപാര ചര്‍ച്ചകള്‍ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഇനിയും ശക്തമാകാനാണ് സാധ്യത.

ആഗോള ഇലക്ട്രിക് വാഹന വിപണിയിലെ ആധിപത്യം മാത്രമല്ല, ഭാവിയിലെ വാഹനനിര്‍മാണം, ബാറ്ററി സാങ്കേതികവിദ്യ, വിതരണശൃംഖലകള്‍, വ്യവസായ തൊഴിലവസരങ്ങള്‍ എന്നിവയുടെ നിയന്ത്രണം ആര്‍ക്കായിരിക്കുമെന്നതും ഈ പോരാട്ടം നിര്‍ണയിക്കും. ഹരിതോര്‍ജത്തിലേക്കുള്ള പരിവര്‍ത്തനവും ആഭ്യന്തര വ്യവസായത്തിന്റെ സംരക്ഷണവും ഒരേസമയം സാധ്യമാക്കുക എന്നതാണ് ലോകരാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.