18-ാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ; അതും പഠിച്ചിരുന്ന കോളേജിൽ, 306 വർഷത്തെ റെക്കോർഡ് തിരുത്തി നഥാൻ തോമസ്

18-ാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ; അതും പഠിച്ചിരുന്ന കോളേജിൽ, 306 വർഷത്തെ റെക്കോർഡ് തിരുത്തി നഥാൻ തോമസ്


വാഷിം​ഗ്ടൺ: ഒരു 18കാരന് കോളേജിൽ എത്തുന്നതെന്തിനാകും എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ കാണൂ, പഠിക്കാൻ. എന്നാൽ, പഠിപ്പിക്കാനാണെന്ന് പറഞ്ഞാൽ അത്ഭുതംകൂറും. 18 വയസ് പൂർത്തിയായപ്പോൾ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും (honors) പൂർത്തിയാക്കി പഠിച്ചിരുന്ന കോളേജിൽ തന്നെ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചെന്ന് കേട്ടാലോ അന്തംവിട്ടിരിക്കുക തന്നെ ചെയ്യും. അങ്ങനെയൊരു കഥയാണ് അമേരിക്കയിലെ മിയാമി ഡേഡ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ക്ലാസിൽ നടക്കുന്നത്. 306 വർഷം മുമ്പുണ്ടായിരുന്ന ഒരു റെക്കോർഡ് പൊളിച്ചെഴുതിക്കൊണ്ടാണ് നഥാൻ തോമസ് ഈ നേട്ടം സ്വന്തമാക്കിയത്. 

2023 ഓഗസ്റ്റിൽ മിയാമി ഡേഡ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ക്ലാസ് മുറിയിലേക്ക് നഥാൻ തോമസ് കടന്നുവന്നപ്പോൾ, അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും ഏകദേശം അദ്ദേഹത്തിന്റെ അതേ പ്രായത്തിലുള്ളവരായിരുന്നു. അതൊരു യാദൃശ്ചികതയായിരുന്നില്ല; 2004 സെപ്റ്റംബർ 9-ന് അമേരിക്കയിൽ ജനിച്ച തോമസിന് അപ്പോൾ 18 വയസ്സും 346 ദിവസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഇതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറായി അദ്ദേഹം മാറി.

1717-ൽ 19-ാം വയസ്സിൽ പ്രൊഫസറായി നിയമിതനായ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലോറിൻ ആയിരുന്നു ഇതിനുമുമ്പ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 2008-ൽ 18 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രൊഫസറായി മാറിയ അമേരിക്കൻ എൻജിനീയർ ആലിയ സാബൂറിനേക്കാൾ വെറും 16 ദിവസം മാത്രം കുറഞ്ഞ പ്രായത്തിലാണ് തോമസും ഈ നേട്ടം കൈവരിച്ചത്.

ക്ലാസ് മുറിയിലെ വേറിട്ട തുടക്കം

അധ്യാപന രം​ഗത്തേക്കുള്ള നഥാൻ തോമസിന്റെ യാത്രയും അസാധാരണകൾ നിറഞ്ഞതായിരുന്നു. പത്താം വയസ്സിൽ മിയാമി ഡേഡ് കോളേജിൽ പഠനം തുടങ്ങിയ അദ്ദേഹം, പതിനാലാം വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലേക്ക് മാറി. 'ഡ്യുവൽ-എൻറോൾമെൻ്റ്' (dual-enrolment) പ്രോഗ്രാമിലൂടെയാണ് അദ്ദേഹം ഇത് നേടിയെടുത്തത്. 18-ാം വയസിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും (honors) അദ്ദേഹം സ്വന്തമാക്കി. ഈ സമയത്ത് തന്റെ സമപ്രായക്കാർ ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നതേയുള്ളൂ. പഠനം പൂർത്തിയാക്കിയതോടെ അദ്ദേഹം പ്രൊഫസറായി മിയാമി ഡേഡ് കോളേജിലേക്ക് തന്നെ തിരിച്ചെത്തി. 2023 ഓ​ഗസ്റ്റിൽ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികൾക്ക് സി (C) പ്രോ​ഗ്രാമിം​ഗും കമ്പ്യൂട്ടേഷണൽ രീതിയിലുള്ള പ്രശ്നപരിഹാരവും പരിചയപ്പെടുത്തുന്ന 'COP 2270: C for Engineers' എന്ന കോഴ്സാണ് നഥാൻ പഠിപ്പിക്കാൻ തുടങ്ങിയത്. 

തന്നേക്കാൾ പ്രായം കൂടിയതോ തുല്യപ്രായമുള്ളതോ ആയ വിദ്യാർത്ഥികൾക്ക് മുന്നിൽ നിൽക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ക്ലാസ് മുറിയിലെ ആ അന്തരീക്ഷം തനിക്ക് അസാധാരണമായി തോന്നിയില്ലെന്ന് തോമസ് പറഞ്ഞു. കാരണം, അവിടെയുള്ള എല്ലാവർക്കും പഠിക്കുക എന്ന ഒരേ ലക്ഷ്യമാണുള്ളത്. തന്റെ ജോലി നന്നായി ചെയ്യാനും, ആത്മാർത്ഥമായി പരിശ്രമിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കാനുമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മാതാപിതാക്കളുടെ പാത പിന്തുടർന്ന് STEM മേഖലയിലേക്ക്

ഗണിതശാസ്ത്രത്തോടും ചിട്ടയായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോടുമുള്ള തന്റെ ആദ്യകാല താൽപ്പര്യം രൂപപ്പെടുത്തിയതിൽ എഞ്ചിനീയർമാരായ തന്റെ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ടെന്നാണ് നഥാൻ തോമസ് പറയുന്നത്. വിഷയങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ അധ്യാപനം തന്നെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരു വിദ്യാർത്ഥിക്ക് ഒരു ആശയം പെട്ടെന്ന് മനസ്സിലാകുമ്പോൾ തനിക്ക് ആ ആശയം ആദ്യമായി മനസ്സിലായ ആ നിമിഷം വീണ്ടും അനുഭവിക്കുന്നത് പോലെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

അടുത്ത സ്വപ്നം നിയമപഠനം

അധ്യാപനത്തിനും എഞ്ചിനിയറിം​ഗിനും അപ്പുറത്തേക്കുള്ളതാണ് നഥാന്റെ അടുത്ത സ്വപ്നം. വിദ്യാഭ്യാസരംഗത്തുനിന്നും തോമസ് പൂർണ്ണമായും പിന്മാറുന്നില്ല. നിലവിൽ യൂണിവേഴ്സിറ്റി ഓഫ് മിയാമി സ്കൂൾ ഓഫ് ലോയിൽ 'ജൂറിസ് ഡോക്ടർ' (നിയമബിരുദം) കോഴ്സ് ചെയ്യുന്ന അദ്ദേഹം, 2028-ൽ അത് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം ഓൺലൈൻ കോഴ്സുകൾ പഠിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു. എഞ്ചിനീയറിംഗ് പഠനകാലത്ത് താൻ ആർജ്ജിച്ച ചിട്ടയായ പ്രശ്നപരിഹാര ശേഷി നിയമപഠനത്തിലും നേരിട്ട് പ്രയോജനപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. STEM മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 'ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ' (ബൗദ്ധിക സ്വത്തവകാശ നിയമം) രംഗത്ത് പ്രാക്ടീസ് ചെയ്യാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.