പ്രപഞ്ച രഹസ്യങ്ങള്‍ തേടി നാസയുടെ റോമന്‍ ബഹിരാകാശ ദൂരദര്‍ശിനി വിജയകരമായി വിക്ഷേപിച്ചു

പ്രപഞ്ച രഹസ്യങ്ങള്‍ തേടി നാസയുടെ റോമന്‍ ബഹിരാകാശ ദൂരദര്‍ശിനി വിജയകരമായി വിക്ഷേപിച്ചു


ഫ്‌ളോറിഡ: പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ രഹസ്യങ്ങളില്‍ ചിലത് അനാവരണം ചെയ്യുന്നതിന് നാസയുടെ ഏറ്റവും പുതിയ ബഹിരാകാശ ദൂരദര്‍ശിനിയായ നാന്‍സി ഗ്രേസ് റോമന്‍ സ്‌പേസ് ടെലിസ്‌കോപ്പ് വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്ച ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലായിരുന്നു ദൂരദര്‍ശിനിയുടെ വിക്ഷേപണം. ഡാര്‍ക്ക് മാറ്റര്‍, ഡാര്‍ക്ക് എനര്‍ജി, വിദൂര ഗ്രഹങ്ങള്‍, പ്രപഞ്ചത്തിന്റെ ഘടന എന്നിവയെക്കുറിച്ചുള്ള വിപുലമായ ഗവേഷണത്തിനാണ് റോമന്‍ ദൗത്യം ലക്ഷ്യമിടുന്നത്. 

ഏകദേശം ഒരു ടൂര്‍ ബസിന്റെ വലുപ്പമുള്ള റോമന്‍ ദൂരദര്‍ശിനി 18,000 പൗണ്ട് ഭാരമുള്ള ബഹിരാകാശ പേടകമാണ്. ഭൂമിയില്‍ നിന്ന് ഏകദേശം 10 ലക്ഷം മൈല്‍ അകലെയുള്ള സൂര്യന്‍- ഭൂമി ലാഗ്രാഞ്ച് പോയിന്റ് 2 (എല്‍2) ലക്ഷ്യമാക്കി ഇത് യാത്ര ആരംഭിച്ചു. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലങ്ങള്‍ തമ്മിലുള്ള സമതുലിതാവസ്ഥ കാരണം വളരെ കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് സ്ഥിരതയോടെ ഭ്രമണപഥത്തില്‍ തുടരാന്‍ കഴിയുന്ന പ്രദേശമാണ് എല്‍2. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയും ഇതേ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. 

ഹബിള്‍ ദൂരദര്‍ശിനിയുടെ അതേ നിലവാരത്തിലുള്ള ചിത്രങ്ങളുടെ വ്യക്തത കൈവരിക്കുമ്പോഴും അതിനേക്കാള്‍ 100 മടങ്ങ് വിശാലമായ ആകാശ വിസ്തൃതി ഒരേസമയം നിരീക്ഷിക്കാന്‍ റോമന് കഴിയും. ഇതിലൂടെ കോടിക്കണക്കിന് നക്ഷത്രങ്ങളും ഗാലക്‌സികളും ഉള്‍പ്പെടുന്ന വിശാലമായ ആകാശ മേഖലകള്‍ അതിവേഗം സര്‍വേ ചെയ്യാന്‍ സാധിക്കും. പ്രപഞ്ചത്തിന്റെ ത്രിമാന ഘടനയും അതിന്റെ വികാസവും കൂടുതല്‍ കൃത്യതയോടെ പഠിക്കാന്‍ ഈ ശേഷി സഹായകരമാകുമെന്ന് നാസ പ്രതീക്ഷിക്കുന്നു. 

കണ്ണില്‍ കാണാനാവാത്തതെങ്കിലും ഗാലക്‌സികളെ ഒരുമിച്ച് നിലനിര്‍ത്തുന്ന ഗുരുത്വ സ്വാധീനത്തിലൂടെ സാന്നിധ്യം പ്രകടമാക്കുന്ന ഡാര്‍ക്ക് മാറ്ററിനെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുകയാണ് റോമന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അതോടൊപ്പം പ്രപഞ്ചം വേഗത്തില്‍ വികസിക്കാന്‍ കാരണമാകുന്നതായി ശാസ്ത്രലോകം കരുതുന്ന ഡാര്‍ക്ക് എനര്‍ജിയുടെ സ്വഭാവവും ദൂരദര്‍ശിനി വിശദമായി പഠിക്കും. 

വിശാലമായ ആകാശ സര്‍വേയിലൂടെ ഗാലക്‌സികളുടെ വിതരണവും പ്രകാശത്തിന്റെ സഞ്ചാരപഥത്തില്‍ ഗുരുത്വാകര്‍ഷണം ഉണ്ടാക്കുന്ന സൂക്ഷ്മ വ്യതിയാനങ്ങളും നിരീക്ഷിച്ച് പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ശേഖരിക്കാനാണ് പദ്ധതി. സൂപ്പര്‍നോവകളെന്നറിയപ്പെടുന്ന പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങളെ വ്യാപകമായി രേഖപ്പെടുത്തി ഡാര്‍ക്ക് എനര്‍ജിയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാനും ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. 

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളായ എക്‌സോപ്ലാനറ്റുകളുടെ അന്വേഷണവും റോമന്‍ ദൗത്യത്തിന്റെ പ്രധാന ഗവേഷണ മേഖലകളിലൊന്നാണ്. 1990-കളില്‍ ആദ്യമായി എക്‌സോപ്ലാനറ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് ശേഷം ഇതിനകം 6,000-ലധികം ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രത്തിന്റെ മുന്നിലൂടെ ഒരു ഗ്രഹം കടന്നുപോകുമ്പോള്‍ പ്രകാശത്തില്‍ ഉണ്ടാകുന്ന നേരിയ കുറവ് രേഖപ്പെടുത്തി പുതിയ ഗ്രഹങ്ങളെ തിരിച്ചറിയുന്ന രീതിയടക്കം വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പതിനായിരക്കണക്കിന് പുതിയ എക്‌സോപ്ലാനറ്റുകള്‍ കണ്ടെത്താന്‍ റോമന് സാധിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. 

റഫ്രിജറേറ്ററിന്റെ വലുപ്പമുള്ള ഹൈ-ഗെയിന്‍ ആന്റിന ഉപയോഗിച്ച് പ്രതിദിനം ഏകദേശം 1.4 ടെറാബൈറ്റ് അസംസ്‌കൃത ശാസ്ത്രീയ വിവരങ്ങള്‍ റോമന്‍ ഭൂമിയിലേക്ക് അയക്കും. ഈ ഡേറ്റ ശാസ്ത്രജ്ഞര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ലഭ്യമാക്കാനാണ് നാസയുടെ തീരുമാനം. ഇതിനായി ക്ലൗഡ് അധിഷ്ഠിതമായ 'റോമന്‍ നെക്‌സസ്' സംവിധാനം ഉപയോഗിച്ച് വിവരങ്ങള്‍ തുറന്ന ആക്സസായി ലഭ്യമാക്കും. അതുവഴി ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്വതന്ത്രമായി ഡേറ്റ വിശകലനം ചെയ്ത് പുതിയ കണ്ടെത്തലുകളിലേക്ക് എത്താനുള്ള അവസരമൊരുങ്ങും. 

നാസയുടെ ആദ്യ ചീഫ് ആസ്‌ട്രോണമറായ നാന്‍സി ഗ്രേസ് റോമന്റെ സ്മരണാര്‍ഥമാണ് ഈ ദൂരദര്‍ശിനിക്ക് പേര് നല്‍കിയിരിക്കുന്നത്. ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനാല്‍ അവര്‍ 'മദര്‍ ഓഫ് ഹബിള്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ആദ്യം യു എസ് നാഷണല്‍ റിക്കണൈസന്‍സ് ഓഫീസിനായി വികസിപ്പിച്ച സ്‌പൈ സാറ്റലൈറ്റ് ദൂരദര്‍ശിനിയുടെ ആശയത്തില്‍ നിന്നാണ് പിന്നീട് റോമന്‍ പദ്ധതിയുടെ വികസനം ആരംഭിച്ചത്. 

പ്രപഞ്ചത്തിന്റെ വികാസം, ഗാലക്‌സികളുടെ രൂപീകരണം, അദൃശ്യ ദ്രവ്യത്തിന്റെ സ്വഭാവം, പുതിയ ലോകങ്ങളുടെ കണ്ടെത്തല്‍ തുടങ്ങി ജ്യോതിശാസ്ത്രത്തിലെ നിരവധി അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍ റോമന്‍ ബഹിരാകാശ ദൂരദര്‍ശിനി പുതിയ അധ്യായം തുറക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.