വാഷിംഗ്ടണ്‍: തന്റെ യഥാര്‍ഥ പേര് ഇല്‍ഹാന്‍ ഒമര്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭാംഗം ഇല്‍ഹാന്‍ ഒമര്‍. വ്യാജപേര് ഉപയോഗിച്ചാണ് അവര്‍ കോണ്‍ഗ്രസില്‍ അംഗമായതെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിനെതിരെ വെള്ളിയാഴ്ചയാണ് ഒമര്‍ രൂക്ഷമായി പ്രതികരിച്ചത്. മിനസോട്ടയില്‍നിന്നുള്ള ഡെമോക്രാറ്റിക് അംഗമായ ഇല്‍ഹാന്‍ ഒമറെ നാടുകടത്താനുള്ള നീക്കങ്ങള്‍ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് പുതിയ വിവാദം.
വ്യാഴാഴ്ച രാത്രി ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ഒമറിന്റെ പേര് സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. യു എസ് നീതിന്യായ വകുപ്പിന്റെ (ഡോജ്) കോടതി രേഖയില്‍ ഒമറിന്റെ പേര് 'ഇല്‍ഹാന്‍ നൂര്‍ സെയ്ദ് എല്മി' എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പേരുമായി ബന്ധപ്പെട്ട് രേഖയില്‍ വ്യക്തമായ വിശദീകരണമൊന്നും നല്‍കിയിരുന്നില്ല.
കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടാനും അംഗമായി സത്യപ്രതിജ്ഞ ചെയ്യാനും ഒമര്‍ ഉപയോഗിച്ച പേര് യഥാര്‍ഥ പേരല്ലെന്നും മറ്റൊരു പേരാണ് അവരുടേതെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. ഒമര്‍ വിവാഹം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്തതായി പറയപ്പെടുന്ന അഹമ്മദ് നൂര്‍ സെയ്ദ് എല്മി എന്ന വ്യക്തിയുടെ പേരുമായി ഒമറിന്റെ കുടുംബപ്പേരിന് സാമ്യമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒമര്‍ നേരത്തേ നിഷേധിച്ചിട്ടുള്ളതും തെളിയിക്കപ്പെടാത്തതുമായ ഗൂഢാലോചനാ വാദമാണ് ട്രംപ് വീണ്ടും ഉന്നയിച്ചത്.
വ്യാജപേര് ഉപയോഗിച്ചാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കില്‍ ഒമര്‍ ഉടന്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സഭാ സ്പീക്കര്‍ മൈക്ക് ജോണ്‍സനെ ഇക്കാര്യം അറിയിക്കണമെന്നും തന്റെ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
എന്നാല്‍, മറ്റൊരു പേരില്‍ ജീവിച്ചുവെന്ന ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് ഒമറിന്റെ വക്താവ് ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി. പതിനേഴാം വയസ്സില്‍ പഠിച്ചിരുന്ന എഡിസണ് ഹൈസ്കൂളിലെ വാര്‍ഷിക പ്രസിദ്ധീകരണത്തില്‍ 'ഇല്‍ഹാന്‍ ഒമര്‍' എന്ന പേരാണ് ഉപയോഗിച്ചിരുന്നതെന്ന് ഫോക്സ് 9 മിനിയാപൊളിസ്സെയ്ന്റ് പോള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹരേഖകള്‍, വിവാഹമോചന നടപടികളുമായി ബന്ധപ്പെട്ട രേഖകള്‍, വോട്ടര്‍ രജിസ്ട്രേഷന് വിവരങ്ങള്‍ തുടങ്ങിയ പൊതുരേഖകളിലും ഏകദേശം രണ്ടു പതിറ്റാണ്ടായി അവര്‍ ഇല്‍ഹാന്‍ ഒമര്‍ എന്ന പേരാണ് ഉപയോഗിച്ചുവരുന്നതെന്ന് അസോസിയേറ്റഡ് പ്രസ് നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു.
'വലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നു'
ട്രംപിന്റെ ആരോപണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഒമര്‍ പ്രതികരിച്ചത്. വലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് നീതിന്യായ വകുപ്പിനെ ഉപയോഗിച്ച് ഔദ്യോഗിക പരിവേഷം നല്‍കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അവര്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
'കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ്, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ നീതിന്യായ വകുപ്പിനെ ഉപയോഗിച്ച് വലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കുകയാണ്,' ഒമര്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
'വാര്‍ത്തകള്‍ പ്രതികൂലമാകുമ്പോഴെല്ലാം ഈ വഷളന്‍ ഉന്നയിക്കുന്നത് എന്റെ പേര് മാത്രമാണ്. അതിനാല്‍ ഒരു കാര്യം വ്യക്തമായി പറയട്ടെ: എന്റെ പേര് എന്നും ഇല്‍ഹാന്‍ ഒമര്‍ തന്നെയാണ്,' എന്നായിരുന്നു ഒമറിന്റെ പ്രതികരണം.
വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ യഥാര്‍ഥ പേരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ട്രംപിന് ഉചിതമെന്നും ഒമര്‍ പരിഹസിച്ചു. ജനനസമയത്ത് ജെയിംസ് ഡൊണാള്‍ഡ് ബൗമാന് എന്ന പേരുണ്ടായിരുന്ന വാന്‍സ് പിന്നീട് നിയമപരമായി രണ്ടുതവണ പേര് മാറ്റിയെന്ന കാര്യവും അവര്‍ പരാമര്‍ശിച്ചു.
പൗരത്വവുമായി ബന്ധപ്പെട്ട് അന്വേഷണം
ഇല്‍ഹാന്‍ ഒമറിന്റെ പൗരത്വവുമായി ബന്ധപ്പെട്ട് യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞയാഴ്ച അവരുടെ വീട്ടില്‍ പരിശോധന നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒമറിന്റെ സഹോദരനെക്കുറിച്ചുള്ള ആരോപണങ്ങളല്ല അന്വേഷണത്തിന്റെ പ്രധാന വിഷയമെന്നും കുടിയേറ്റ നടപടികളിലും പിന്നീട് അമേരിക്കന്‍ പൗരത്വം നേടിയതുമായി ബന്ധപ്പെട്ടും ഒമറോ കുടുംബാംഗങ്ങളോ തെറ്റായ വിവരങ്ങള്‍ നല്കിയിട്ടുണ്ടോയെന്ന കാര്യമാണ് പരിശോധിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഒമറിന്റെയോ പിതാവിന്റെയോ ഭാഗത്തുനിന്ന് ജനന തിയ്യതിയില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെന്ന നിലയില്‍ പിതാവിലൂടെ പൗരത്വം നേടുന്നതിന് പ്രായം 18ന് പകരം 17 ആയി രേഖപ്പെടുത്തിയെന്ന സംശയമാണ് പരിശോധിക്കുന്നതെന്നാണ് വിവരം.
എന്നാല്‍, ഈ കേസില്‍ ഇല്‍ഹാന്‍ ഒമറിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്യമായി പുറത്തുവിട്ടിട്ടില്ല.
സോമാലിയന്‍ വംശജര്‍ക്കെതിരായ ട്രംപിന്റെ വിമര്‍ശനം തുടരുന്നു
അമേരിക്കയിലെ സോമാലിയന്‍ വംശജര്‍ക്കെതിരെ ട്രംപ് നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും അവരെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സോമാലിയന്‍ വംശജരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ഒമറെ നാടുകടത്തണമെന്ന ആവശ്യത്തിലും അവരുടെ സോമാലിയന്‍ പൈതൃകം ട്രംപ് പലപ്പോഴും പരാമര്‍ശിക്കാറുണ്ട്.
ഈ ആഴ്ച അയോവയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും ഒമറിനെതിരെ ട്രംപ് രംഗത്തെത്തി. അവര്‍ ഏറെക്കാലമായി തട്ടിപ്പുകള്‍ നടത്തുന്നയാളാണെന്ന് ആരോപിച്ച ട്രംപ്, സോമാലിയയെ ഭരണസംവിധാനമില്ലാത്ത രാജ്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സോമാലിയയില്‍ ആളുകള്‍ പരസ്പരം വെടിവെച്ചുകൊണ്ടിരിക്കുകയാണെന്നും അവിടെനിന്നാണ് ഒമര്‍ അമേരിക്കയിലെത്തിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അതേസമയം, നിയമലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ ഇല്‍ഹാന്‍ ഒമറെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കുമെന്ന് ഫ്ളോറിഡയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി റാന്‍ഡി ഫൈന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഒമറെ നേരത്തേ 'ഭീകരവാദി' എന്ന് വിശേഷിപ്പിച്ചിട്ടുള്ള ഫൈന്‍, അമേരിക്കയിലെ മുസ്ലിം കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
