എ ഐയും റോബോട്ടിക്‌സും അരങ്ങുവാഴുമ്പോള്‍ ജോലിയൂടെ കാര്യം പോക്കാകുമെന്ന് മസ്‌കിന്റെ പ്രവചനം

എ ഐയും റോബോട്ടിക്‌സും അരങ്ങുവാഴുമ്പോള്‍ ജോലിയൂടെ കാര്യം പോക്കാകുമെന്ന് മസ്‌കിന്റെ പ്രവചനം


ന്യൂയോര്‍ക്ക്: എ ഐ വികസനങ്ങള്‍ മനുഷ്യരുടെ ജീവിതശൈലി മുഴുവന്‍ മാറ്റിമറിക്കുമെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ 'ജോലി ചെയ്യേണ്ട ആവശ്യം തന്നെ ഇല്ലാതാവും' എലോണ്‍ മസ്‌ക്.

അമേരിക്ക- സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ സംസാരിക്കവെ അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ ഭൂരിഭാഗം ആളുകള്‍ക്ക് ജോലി ആവശ്യമില്ലാതായി തീരാനാണ് സാധ്യതയെന്ന് മസ്‌ക് മുന്നറിയിപ്പു നല്‍കി.

ഭാവിയിലെ തൊഴില്‍ മനുഷ്യരുടെ വിനോദങ്ങളില്‍ ഒന്നായി കളി, വീഡിയോ ഗെയിംസ് പോലുള്ള ഹോബികളുമായി ഉപമിച്ച് അദ്ദേഹം വിശദീകരിച്ചു. ജോലി ചെയ്യാനും, കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും താത്പര്യമുണ്ടെങ്കില്‍ ഭക്ഷണം ഉണ്ടാക്കാനും ആളുകള്‍ക്ക് കഴിയുമെന്നും എന്നാല്‍ കൃഷി കൂടുതല്‍ പ്രയാസകരമാകുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

മസ്‌ക് തന്റെ 'എക്‌സ്' ഹാന്‍ഡിലില്‍ ഈ ഭാവിദൃശ്യം ചിത്രീകരിക്കുന്ന എ ഐ നിര്‍മ്മിച്ച ഒരു വീഡിയോയും പങ്കുവെച്ചു.

ഫോക്‌സ് ബിസിനസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, എ ഐയും റോബോട്ടിക്‌സും അതിവേഗം വളരുന്ന ലോകത്ത് പണത്തിന്റെ പ്രാധാന്യം തന്നെ കുറഞ്ഞു പോകാന്‍ സാധ്യതയുണ്ടെന്നുമാണ് മസ്‌കിന്റെ വിലയിരുത്തല്‍.

ഭാവിയിലെ ശക്തമായ എ ഐയുമായി ബന്ധപ്പെട്ട് പണം അനാവശ്യമാകുന്ന ലോകത്തെക്കുറിച്ചുള്ള കഥകള്‍ ഇതിനകം തന്നെ നിലനില്‍ക്കുന്നുവെന്നും മസ്‌ക് ചൂണ്ടിക്കാട്ടി.

സ്മാര്‍ട്ട്ഫോണ്‍ വ്യവസായത്തേക്കാള്‍ വലുതായി വളരാന്‍ കഴിയുന്ന ഏറ്റവും വലിയ രംഗമായി റോബോട്ടിക്‌സിനെ അദ്ദേഹം വിശേഷിപ്പിച്ചു.

എ ഐയും റോബോട്ടിക്‌സും സമൂഹത്തെ സമൂലമായി മാറ്റിമറിക്കുമെന്നും പരമ്പരാഗത ജോലികളില്‍ നിന്നുള്ള ആശ്രയം ഇല്ലാതാകുന്ന ഒരു സാമ്പത്തിക വ്യവസ്ഥയിലേക്ക് ലോകം മാറുമെന്നും മസ്‌ക് പറഞ്ഞു. ഏവര്‍ക്കും മികച്ച ജീവിതത്തിലേക്കുള്ള വഴിയാണ് എ ഐയും റോബോട്ടിക്‌സുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഗ്രോക് എ ഐ പുതിയ ഗ്രോക് 4.1 അപ്‌ഡേറ്റിന് ശേഷം വിചിത്ര മറുപടികള്‍ നല്‍കുന്നുവെന്ന് വിവാദങ്ങള്‍ ഉയരുന്നുണ്ട്.