വാഷിങ്ടണ്‍: അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അപേക്ഷ പരിഗണിക്കുന്ന കാലയളവില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുമെന്ന കഴിഞ്ഞ ആഴ്ചത്തെ പ്രഖ്യാപനത്തില്‍ വിശദീകരണവുമായി അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി (ഡി എച്ച് എസ്) രംഗത്ത്. ഭൂരിഭാഗം അപേക്ഷകരെയും ഇത് ബാധിക്കില്ലെന്നും നിലവിലെ നയത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രന്റ്‌സ് സര്‍വീസ് (യു എസ് സി ഐ എസ്) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ തീര്‍പ്പാകുന്നതുവരെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുമെന്നും അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഒഴിവാക്കലുകള്‍ അനുവദിക്കുകയുള്ളൂവെന്നും സൂചിപ്പിച്ചിരുന്നു. ഈ പ്രഖ്യാപനം വ്യാപക ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ വിശദീകരണത്തില്‍ ഇത് എല്ലാവര്‍ക്കും ബാധകമായ പൊതുനയമല്ലെന്നും ഓരോ കേസും പ്രത്യേകം വിലയിരുത്തി തീരുമാനമെടുക്കാനുള്ള അധികാരം കുടിയേറ്റ ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും ഡി എച്ച് എസ് അറിയിച്ചു. ഇത്തരമൊരു വിവേചനാധികാരം ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ ഉണ്ടായിരുന്നുവെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരോ പൊതുസഹായ പദ്ധതികള്‍ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരോ ഇത്തരം നടപടികളുടെ പരിധിയില്‍ വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഈ വിശദീകരണം കഴിഞ്ഞ ആഴ്ചത്തെ പ്രഖ്യാപനത്തില്‍ നിന്ന് ഗണ്യമായ വ്യത്യാസം കാണിക്കുന്നതാണെങ്കിലും ആരെയൊക്കെയാണ് ബാധിക്കുക, ഏത് സാഹചര്യത്തിലാണ് രാജ്യം വിടാന്‍ നിര്‍ദേശിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ ആശങ്കകള്‍ പൂര്‍ണമായി മാറാനിടയില്ലെന്നാണ് വിലയിരുത്തല്‍.
പ്രഖ്യാപനം പുറത്തുവന്നപ്പോള്‍ ആഭ്യന്തര സുരക്ഷാ വകുപ്പിനുള്ളിലെ ചില ഉദ്യോഗസ്ഥര്‍ക്കുപോലും പുതിയ നിര്‍ദേശത്തിന്റെ വ്യാപ്തിയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് ഇത് കുടിയേറ്റ നയത്തിലെ അടിസ്ഥാനപരമായ മാറ്റമല്ലെന്നും നിലവിലുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നതിനുള്ള ഭരണപരമായ ഒരു നീക്കമായിരുന്നുവെന്നും നയപരമായ പുതിയ തന്ത്രമാറ്റമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
