ന്യൂഡല്‍ഹി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അമേരിക്കന്‍ ജനതയ്ക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ നേര്‍ന്നു. ഇന്ത്യ- അമേരിക്ക ബന്ധം കേവലം തന്ത്രപ്രധാന പങ്കാളിത്തത്തില്‍ ഒതുങ്ങുന്നതല്ലെന്നും ജനാധിപത്യം, നിയമവാഴ്ച, ജനങ്ങളുടെ അതിരുകളില്ലാത്ത കഴിവ് എന്നിവയെന്ന പൊതുമൂല്യങ്ങളാണ് ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിന് ശക്തിപകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എക്സില്‍ പങ്കുവെച്ച സന്ദേശത്തില്‍ 140 കോടി ഇന്ത്യക്കാരുടെ പേരില്‍ പ്രസിഡന്റ് ട്രംപിനും അമേരിക്കന്‍ ജനതയ്ക്കും സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ 250-ാം വാര്‍ഷികത്തില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒരു തന്ത്രപ്രധാന പങ്കാളിത്തത്തേക്കാള്‍ വലുതാണ്. ജനാധിപത്യത്തിലുള്ള വിശ്വാസവും നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയും ജനങ്ങളുടെ അതിരുകളില്ലാത്ത കഴിവിലുള്ള വിശ്വാസവുമാണ് നമ്മുടെ സൗഹൃദത്തെ ലോകനന്മയ്ക്കായുള്ള ശക്തിയാക്കുന്നത്. അടുത്ത 250 വര്‍ഷങ്ങള്‍ അമേരിക്കയ്ക്ക് കൂടുതല്‍ സമൃദ്ധിയും സമാധാനവും പുരോഗതിയും സമ്മാനിക്കട്ടെ. അതോടൊപ്പം ഇന്ത്യഅമേരിക്ക പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തട്ടെ, എന്ന് പ്രധാനമന്ത്രി കുറിച്ചു.
അതേസമയം, അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്ക 250 സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയിലെ അമേരിക്കന്‍ എംബസിയും പ്രത്യേക വീഡിയോ പുറത്തിറക്കി.
ഇന്ത്യ- അമേരിക്ക ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയില്‍ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൈകൊടുക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീഡിയോയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ സന്ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും അമേരിക്ക ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യവുമാണ്' എന്നാണ് അദ്ദേഹത്തിന്റെ സന്ദേശം.
കായികം, കല, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ ഇന്ത്യന്‍ വ്യക്തിത്വങ്ങളുടെ ആശംസാ സന്ദേശങ്ങളും വീഡിയോയുടെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.
