കേന്ദ്ര സേനയെ വിന്യസിച്ചത് ചോദ്യം ചെയ്ത് മിന്നസോട്ട; ട്രംപ് സര്‍ക്കാരിനെതിരെ കേസ്

കേന്ദ്ര സേനയെ വിന്യസിച്ചത് ചോദ്യം ചെയ്ത് മിന്നസോട്ട; ട്രംപ് സര്‍ക്കാരിനെതിരെ കേസ്


മിനിയാപൊളിസ്:  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഫെഡറല്‍ ഭരണകൂടം മിന്നസോട്ട സംസ്ഥാനത്തേക്ക് ആയിരക്കണക്കിന് കുടിയേറ്റ വകുപ്പ് (ICE) ഏജന്റുമാരെ വിന്യസിച്ചതിനെതിരെ മിന്നസോട്ട സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. സംസ്ഥാന അറ്റോര്‍ണി ജനറല്‍ കിത്ത് എലിസണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്ന 'ഫെഡറല്‍ അധിനിവേശം' ആണെന്നാണ് ആരോപണം. കുടിയേറ്റ വിരുദ്ധ നടപടികള്‍ മൂലം സാധാരണ ജനങ്ങളുടെ ജീവിതം അസ്ഥിരമായതായും അക്രമവും ഭീതിയും പടര്‍ന്നതായും എലിസണ്‍ പറഞ്ഞു.

മിനിയാപൊളിസില്‍ കഴിഞ്ഞ ആഴ്ച 37 വയസ്സുള്ള റെനി ഗുഡ് എന്ന സ്ത്രീ ഐസിഇ ഏജന്റിന്റെ വെടിയേറ്റ് മരിച്ചതിന് പിന്നാലെ നഗരത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് ഉണ്ടായത്. ഏജന്റുകളെ കാറിടിപ്പിക്കാനായി ഗുഡ് ശ്രമിച്ചതിനാലാണ് അവരെ വെടിവെച്ചതെന്ന് ഫെഡറല്‍ അധികൃതര്‍ പറയുമ്പോള്‍, പ്രാദേശിക ഭരണകൂടം ഇത് അനാവശ്യ ബലപ്രയോഗമായിരുന്നുവെന്ന് വാദിക്കുന്നു. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചെങ്കിലും പ്രാദേശിക അധികാരികളെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതായി നഗര ഭരണകൂടം ആരോപിച്ചു.

ഐസിഇ ഏജന്റുമാരുടെ സാന്നിധ്യം വര്‍ധിച്ചതോടെ ആളുകളെ വംശീയതയുടെ പേരില്‍ ലക്ഷ്യമിടുന്നതായും 911 വിളികള്‍ വര്‍ധിച്ചതായും നഗര പൊലീസ് അധിക സമയമെടുത്ത് ഇടപെടേണ്ടിവരുന്നതായും മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ പറഞ്ഞു. ആയുധധാരികളായ മുഖംമൂടി ധരിച്ച ഫെഡറല്‍ ഏജന്റുമാരുടെ സാന്നിധ്യം സംസ്ഥാനത്ത് ഭീതിയുണ്ടാക്കുന്നുവെന്ന് എലിസണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

'ഓപ്പറേഷന്‍ മെട്രോ സര്‍ജ്' എന്ന പേരില്‍ മിന്നസോട്ടയില്‍ ഏകദേശം 2,000 ഏജന്റുമാരെ വിന്യസിച്ചതായാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ വിശദീകരണം. കുടിയേറ്റ കുറ്റകൃത്യങ്ങള്‍ തടയാനും ഏജന്റുമാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് കൂടുതല്‍ സേന ആവശ്യമെന്നുമാണ് വകുപ്പിന്റെ നിലപാട്. എന്നാല്‍ ഇത് രാഷ്ട്രീയ പീഡനമാണെന്നും ഡെമോക്രാറ്റുകള്‍ ഭരണത്തിലുള്ള സംസ്ഥാനത്തെ ലക്ഷ്യമിടുകയാണെന്നും എലിസണ്‍ ആരോപിച്ചു.

ഹര്‍ജിയെ 'അടിസ്ഥാനരഹിതം' എന്ന് വിശേഷിപ്പിച്ച് കോടതിയില്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. അതേസമയം, ഇലിനോയ്  സംസ്ഥാനവും ഷിക്കാഗോ നഗരവും സമാനമായ രീതിയില്‍ ഫെഡറല്‍ കുടിയേറ്റ സേനയുടെ 'അധിനിവേശം' ചോദ്യം ചെയ്ത് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അമേരിക്കയിലെ നഗരങ്ങളില്‍ ഫെഡറല്‍ കുടിയേറ്റ നടപടികള്‍ എത്രമാത്രം ഭരണഘടനാപരമാണെന്ന ചര്‍ച്ചകള്‍ക്ക് ഈ കേസുകള്‍ പുതിയ ചൂടുപകരുകയാണ്.