വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്കായി സൈനിക വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും സജ്ജമാക്കുന്നതിന് സജീവമായി നടപടികള്‍ കൈക്കൊള്ളുകയാണെന്ന് യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്യോഗസ്ഥന്‍ ഡിലന്‍ ജോണ്‍സണ്‍ അറിയിച്ചു.
വിമാന സര്‍വീസുകള്‍ പരിമിതമായിരിക്കുകയും പ്രദേശത്തെ ചില യു എസ് സ്ഥാനപതി കാര്യാലയങ്ങല്‍ താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.
സംഘര്‍ഷം ആരംഭിച്ചതിനുശേഷം നൂറുകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ഇസ്രായേല്‍ വിട്ടുതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രാജ്യത്ത് നിന്ന് പുറപ്പെടുന്നതിനായി ഏകദേശം 500ഓളം അമേരിക്കക്കാരെ യാത്രാ ക്രമീകരണങ്ങളില്‍ യു എസ് സര്‍ക്കാര്‍ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ പന്ത്രണ്ടിലധികം രാജ്യങ്ങളില്‍ നിന്ന് അമേരിക്കക്കാര്‍ വേഗത്തില്‍ പുറപ്പെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംഘര്‍ഷം മേഖല മുഴുവന്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നത്.
