85 മില്യൺ ഡോളർ തട്ടിപ്പ് കേസ്: ഇന്ത്യൻ വംശജനായ റിയൽ എസ്റ്റേറ്റ് വ്യവസായി അമേരിക്കയിൽ അറസ്റ്റിൽ

85 മില്യൺ ഡോളർ തട്ടിപ്പ് കേസ്: ഇന്ത്യൻ വംശജനായ റിയൽ എസ്റ്റേറ്റ് വ്യവസായി അമേരിക്കയിൽ അറസ്റ്റിൽ


ഫ്‌ളോറിഡ:  ഇന്ത്യൻ വംശജനായ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ വലിയ സാമ്പത്തിക തട്ടിപ്പുകേസിൽ അമേരിക്കയിലെ ഫ്‌ളോറിഡയിൽ അറസ്റ്റിലായി. റിഷി കപൂർ (41) എന്ന വ്യവസായിക്കെതിരെയാണ് നിക്ഷേപകരിൽ നിന്ന് ഏകദേശം 85 മില്യൺ ഡോളർ തട്ടിയെടുത്തെന്നാരോപിച്ച് ഫെഡറൽ കോടതിയിൽ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്.
വയർ ഫ്രോഡ് ഗൂഢാലോചന, മണി ലോണ്ടറിംഗ്, ബാങ്ക് തട്ടിപ്പ്, നികുതി വെട്ടിപ്പ്, നികുതി റിട്ടേൺ സമർപ്പിക്കാതിരിക്കുക, അമേരിക്കൻ സർക്കാരിനെ വഞ്ചിക്കാൻ ഗൂഢാലോചന തുടങ്ങിയ നിരവധി കുറ്റങ്ങൾ ഫ്‌ളോറിഡയിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് 6ന് ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡേർഡയലിലെ ഒരു ഹോട്ടലിൽ നിന്നാണ് കപൂറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ വിദേശത്തേക്ക് ഒളിച്ചോടാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചതിനെ തുടർന്ന് ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

കപൂറിന്റെ കമ്പനിയയായ ലൊക്കേഷൻ വെൻച്വർസ് വഴി നിക്ഷേപകരിൽ നിന്ന് ഏകദേശം 85 മില്യൺ ഡോളർ സമാഹരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. മയാമി ഉൾപ്പെടെ ദക്ഷിണ ഫ്‌ളോറിഡയിലെ വിവിധ പ്രദേശങ്ങളിൽ ആഡംബര കോൺഡോമിനിയം പദ്ധതികൾ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഈ പണം സമാഹരിച്ചത്. എന്നാൽ കോക്കനട്ട് ഗ്രോവ്, മയാമി ബീച്ച്, കോറൽ ഗാബിൾസ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രഖ്യാപിച്ച പല പദ്ധതികളും യാഥാർഥ്യമായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

നിക്ഷേപകരിൽ നിന്ന് ലഭിച്ച പണം വ്യക്തിപരമായ ആഡംബര ജീവിതത്തിനായി കപൂർ ഉപയോഗിച്ചുവെന്നാണ് ആരോപണം. 68 അടി നീളമുള്ള ഒരു ആഡംബര യാച്ച് വാങ്ങുന്നതിനും കൊകോപ്ലം എന്ന സമ്പന്ന പ്രദേശത്ത് വീട് വാങ്ങുന്നതിനും ഈ പണം ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ഇതുകൂടാതെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചെടുത്ത നികുതി സർക്കാർ സ്ഥാപനമായ ഇന്റേണൽ റവന്യൂ സർവീസിലേക്ക് അടച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. ഏകദേശം രണ്ട് മില്യൺ ഡോളറോളം ഇങ്ങനെ സ്വന്തമായി കൈവശം വച്ചതായും ആരോപണമുണ്ട്.

യാച്ച് വാങ്ങുന്നതിനും മറ്റ് വ്യക്തിഗത ചെലവുകൾക്കുമായി ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ തെറ്റായ വിവരങ്ങൾ നൽകിയതായും അന്വേഷണ രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ പദ്ധതികളിൽ 13 മില്യൺ ഡോളർ സ്വന്തം പണം നിക്ഷേപിച്ചുവെന്ന് നിക്ഷേപകരോട് പറഞ്ഞിരുന്നെങ്കിലും യാഥാർഥ്യത്തിൽ അതിന്റെ പകുതിയോളം മാത്രം നൽകിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണ്. കുറ്റം തെളിഞ്ഞാൽ കപൂറിന് കനത്ത തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്.