മയാമി: ഏകദേശം മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം മയാമി നഗരത്തിന് വീണ്ടും ഒരു ഡെമോക്രാറ്റിക് മേയര്‍. ചൊവ്വാഴ്ച നടന്ന റണ്ണോഫ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എമിലിയോ ഗോണ്‍സാലസിനെ പരാജയപ്പെടുത്തി ഐലീന്‍ ഹിഗിന്‍സ് മേയര്‍ സ്ഥാനത്തെത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഫ്‌ലോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന്റെയും പിന്തുണയോടെ മത്സരിച്ച ഗോണ്‍സാലസിനെതിരെ ഏകദേശം 60 ശതമാനം വോട്ടുകള്‍ നേടിയാണ് ഹിഗിന്‍സ് ജയം ഉറപ്പിച്ചത്.
സാങ്കേതികമായി പാര്‍ട്ടിപരമായതല്ലാത്ത പദവിയാണെങ്കിലും, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി രാഷ്ട്രീയമാണ് നിര്‍ണായകമായത്. മുന്‍ യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിജെജ് ഉള്‍പ്പെടെ പ്രമുഖ ഡെമോക്രാറ്റുകള്‍ ഹിഗിന്‍സിന് തുറന്ന പിന്തുണ നല്‍കി. മയാമി വുമണ്‍സ് ക്ലബ്ബില്‍ നടത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷണ പരിപാടിയിലാണ് വിജയാഘോഷം നടന്നത്. 61 വയസ്സുള്ള മെക്കാനിക്കല്‍ എന്‍ജിനീയറും മുന്‍ കൗണ്ടി കമ്മീഷണറുമായ ഹിഗിന്‍സ്, മയാമിയുടെ ആദ്യ വനിതാ മേയറുമാണ്.
സ്പാനിഷ് ഭാഷയില്‍ പ്രഭാഷണം നടത്താന്‍ കഴിവുള്ള ഹിഗിന്‍സ്, പ്രചാരണകാലത്ത് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ ശക്തമായി വിമര്‍ശിച്ചിരുന്നു. 'ജനങ്ങള്‍ക്ക് ദശാബ്ദങ്ങളായി പാര്‍പ്പിടമെന്ന അടിസ്ഥാന ആവശ്യം പോലും ഉറപ്പാക്കാനാകാതെ തടവറകള്‍ പണിയുന്ന രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നത്,' എന്ന് അവര്‍ പ്രതികരിച്ചിരുന്നു. 'ഈ നിമിഷത്തില്‍ ഒരു ഡെമോക്രാറ്റ് ആണെന്നതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്,' എന്നും ഹിഗിന്‍സ് പറഞ്ഞു.
1997നുശേഷം ആദ്യമായാണ് മയാമിയില്‍ ഒരു ഡെമോക്രാറ്റിക് മേയര്‍ അധികാരത്തിലെത്തുന്നത്. അടുത്ത വര്‍ഷം നടക്കുന്ന യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഡെമോക്രാറ്റുകള്‍ക്ക് ഈ ജയം ആത്മവിശ്വാസം നല്‍കുന്നതായാണ് രാഷ്ട്രീയ നിരീക്ഷണം. റിപ്പബ്ലിക്കന്‍ അജണ്ടയില്‍ ജനങ്ങള്‍ അസന്തുഷ്ടരാണെന്നതിന്റെ മുന്നറിയിപ്പാണിതെന്നും ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വ്യക്തമാക്കി.
30 വര്‍ഷത്തിന് ശേഷം ഡെമോക്രാറ്റിക് മേയര്‍: മയാമിയില്‍ ചരിത്രവിജയവുമായി ഐലീന്‍ ഹിഗിന്‍സ്
