അമേരിക്കയുടെ വടക്കുകിഴക്കന്‍ ആകാശത്ത് ഉല്‍ക്ക പൊട്ടിത്തെറിച്ചു; വന്‍ ശബ്ദസ്‌ഫോടനത്തില്‍ പരിഭ്രാന്തരായി ജനങ്ങള്‍

അമേരിക്കയുടെ വടക്കുകിഴക്കന്‍ ആകാശത്ത് ഉല്‍ക്ക പൊട്ടിത്തെറിച്ചു; വന്‍ ശബ്ദസ്‌ഫോടനത്തില്‍ പരിഭ്രാന്തരായി ജനങ്ങള്‍


വാഷിങ്ടണ്‍: അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ആകാശത്ത് ഉല്‍ക്ക പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ ശബ്ദങ്ങള്‍ കേള്‍ക്കുകയും ജനങ്ങള്‍ പരിഭ്രാന്തരാകുകയും ചെയ്തു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ഉല്‍ക്ക പൊട്ടിത്തെറിച്ചെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സ്ഥിരീകരിച്ചു.

മസാച്യുസെറ്റ്‌സും ന്യൂ ഹാംഷെയറും തമ്മിലുള്ള അതിര്‍ത്തിക്ക് സമീപമാണ് ഏകദേശം മൂന്ന് അടി വീതിയുള്ള ഉല്‍ക്ക പൊട്ടിത്തെറിച്ചതെന്ന് അമേരിക്കന്‍ മീറ്റിയര്‍ സൊസൈറ്റിയും അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇരട്ട സ്‌ഫോടന ശബ്ദം കേട്ടതായി നിരവധി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ ശബ്ദം കേട്ട് ആളുകള്‍ ഭയന്നോടുന്ന ദൃശ്യങ്ങളും കാണാം.

മസാച്യുസെറ്റ്‌സിലും റോഡ് ഐലന്‍ഡിലും നിരവധി കെട്ടിടങ്ങള്‍ കുലുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ പൊലീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ആദ്യം വ്യാപക അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സാമൂഹിക മാധ്യമമായ എക്സില്‍ നാസ പുറത്തിറക്കിയ പ്രസ്താവനയില്‍ വടക്കുകിഴക്കന്‍ മസാച്യുസെറ്റ്‌സിനും തെക്കുകിഴക്കന്‍ ന്യൂ ഹാംഷെയറിനും മുകളിലായി ഏകദേശം 40 മൈല്‍ ഉയരത്തില്‍ വെച്ചാണ് ഉല്‍ക്ക തകര്‍ന്നു ചിതറിയതെന്ന് അറിയിച്ചു.

ഉല്‍ക്ക പൊട്ടിത്തെറിക്കുമ്പോള്‍ പുറത്തുവന്ന ഊര്‍ജം ഏകദേശം 300 ടണ്‍ ടി എന്‍ ടിക്ക് തുല്യമാണെന്നാണ് നാസയുടെ വിലയിരുത്തല്‍. ഇതാണ് വലിയ ശബ്ദസ്‌ഫോടനത്തിന് കാരണമായതെന്നും ഏജന്‍സി വ്യക്തമാക്കി.

പ്രാദേശിക സമയം ഉച്ചയ്ക്ക് 2.06-നാണ് ഉല്‍ക്ക ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതെന്നും ഇത് പ്രകൃതിദത്ത ബഹിരാകാശ വസ്തുവാണെന്നും ഉപഗ്രഹമോ ബഹിരാകാശ മാലിന്യമോ അല്ലെന്നും നാസ അറിയിച്ചു.

അമേരിക്കന്‍ മീറ്റിയര്‍ സൊസൈറ്റിയുടെ പ്രോഗ്രാം മോണിറ്ററായ റോബര്‍ട്ട് ലണ്‍സ്ഫോര്‍ഡിന്റെ അഭിപ്രായത്തില്‍, ഉല്‍ക്ക ഭൂമിയില്‍ പതിച്ചിരിക്കാനുള്ള സാധ്യത കുറവാണ്.

സാധാരണ കാണുന്ന അഗ്നിഗോളങ്ങളെക്കാള്‍ വലുതായിരുന്നു ഇതെന്നും ഏകദേശം ഒരു യാര്‍ഡ് വീതിയുണ്ടായിരിക്കാമെന്നും ഭൂമിയില്‍ പതിച്ചോ എന്നത് ഉറപ്പിക്കാന്‍ അതിന്റെ സഞ്ചാരപാത, വേഗത തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഉല്‍ക്ക പൂര്‍ണമായും കത്തി നശിച്ചില്ലെങ്കില്‍ അത് സമുദ്രത്തിലായിരിക്കാം പതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ വലിയ കൗതുകത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. ഉല്‍ക്കയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനും അതിന്റെ സഞ്ചാരപാത കൃത്യമായി നിര്‍ണയിക്കുന്നതിനുമായി വിദഗ്ധര്‍ അന്വേഷണം തുടരുകയാണ്.