'ബഹിരാകാശത്തില്‍ നിന്നുള്ള സന്ദേശം'; 1958-ലെ ദുരൂഹ രേഖകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

'ബഹിരാകാശത്തില്‍ നിന്നുള്ള സന്ദേശം'; 1958-ലെ ദുരൂഹ രേഖകള്‍ വീണ്ടും ചര്‍ച്ചയാകുന്നു


വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയുമായി ബന്ധപ്പെട്ട 1958-ലെ ഒരു രഹസ്യ രേഖ വീണ്ടും പുറത്തുവന്നതോടെ 'ബഹിരാകാശത്തില്‍ നിന്നുള്ള സന്ദേശം' സംബന്ധിച്ച ദുരൂഹതകള്‍ക്ക് പുതുജീവന്‍ ലഭിച്ചg. തിരിച്ചറിയാന്‍ കഴിയാത്ത ആകാശ പ്രതിഭാസങ്ങള്‍ (യു എ പി) അഥവാ യു എഫ് ഒകളുമായി ബന്ധപ്പെട്ട് രഹസ്യസ്വഭാവം നീക്കിയ മൂന്നാംഘട്ട രേഖകളുടെ ഭാഗമായി ട്രംപ് ഭരണകൂടമാണ് ഏറ്റവും പുതിയ രേഖകള്‍ പുറത്തുവിട്ടത്.

ഫോട്ടോകള്‍, വീഡിയോകള്‍, ചിത്രരേഖകള്‍, സൈനിക- സിവിലിയന്‍ ഏജന്‍സികളുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ രേഖകള്‍ യു എഫ് ഒ ഗവേഷകരുടെയും പൊതുജനങ്ങളുടെയും വലിയ ശ്രദ്ധയാണ് ആകര്‍ഷിച്ചിരിക്കുന്നത്.

1958 ജനുവരി 9-ന് തയ്യാറാക്കിയ സി ഐ എയുടെ ഒരു രഹസ്യ മെമ്മോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മാന്‍ഹാട്ടന്‍ പ്രോജക്ടിലും പിന്നീട് ലോസ് ആലമോസ് ലബോറട്ടറിയിലും പ്രവര്‍ത്തിച്ചിരുന്ന കെമിക്കല്‍ എന്‍ജിനീയറായ ഡോ. ലിയോണ്‍ ഡേവിഡ്സണുമായുള്ള ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ചാണ് മെമ്മോയില്‍ പരാമര്‍ശിക്കുന്നത്. പിന്നീട് യു എഫ് ഒ റിപ്പോര്‍ട്ടുകള്‍ സ്വതന്ത്രമായി പഠിച്ച ഗവേഷകനായിരുന്നു അദ്ദേഹം.

സി ഐ എ ഉദ്യോഗസ്ഥനായ ആര്‍ പി ബി ലോഹ്മാന്‍ തയ്യാറാക്കിയ മെമ്മോയില്‍ 'ബഹിരാകാശത്തില്‍ നിന്നുള്ള സന്ദേശവും അതിന്റെ പ്രക്ഷേപണ ഉപകരണവും' സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ ഏജന്‍സിക്ക് സാധിക്കില്ലെന്ന് ഡേവിഡ്സണെ അറിയിച്ചതായി പറയുന്നു. കാരണം, അതുമായി ബന്ധപ്പെട്ട രേഖകള്‍ വിലയിരുത്തല്‍ നടത്തിയ ഏജന്‍സി നേരത്തേ നശിപ്പിച്ചുവെന്നായിരുന്നു വിശദീകരണം.

ബഹിരാകാശ സന്ദേശത്തെയും അതിന്റെ ട്രാന്‍സ്മിറ്ററെയും സംബന്ധിച്ച പ്രശ്‌നത്തില്‍ സഹായിക്കാന്‍ കഴിയില്ലെന്ന് ഡോ. ഡേവിഡ്സണെ ടെലിഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും കാരണം, അതുമായി ബന്ധപ്പെട്ട രേഖകള്‍ വിലയിരുത്തല്‍ നടത്തിയ ഏജന്‍സി നശിപ്പിച്ചിരിക്കുകയാണെന്നും മെമ്മോയില്‍ പറയുന്നു.

എന്നാല്‍, ഈ സന്ദേശത്തിന്റെ യഥാര്‍ഥ സ്വഭാവം എന്തായിരുന്നു, അത് ആരാണ് കണ്ടെത്തിയത്, ഏത് ഏജന്‍സിയാണ് രേഖകള്‍ പരിശോധിച്ച് നശിപ്പിച്ചത് തുടങ്ങിയ നിര്‍ണായക വിവരങ്ങളൊന്നും മെമ്മോയില്‍ വ്യക്തമാക്കുന്നില്ല.

ഡേവിഡ്സണിന് നല്‍കിയ മറുപടി അസാധാരണമായി അവ്യക്തവും ഒഴിഞ്ഞുമാറുന്നതുമായ ഒന്നായിരുന്നുവെന്ന് ലോഹ്മാന്‍ തന്നെ മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ മുമ്പ് നല്‍കിയ പ്രസ്താവനകളെ നിഷേധിക്കാതിരിക്കാനാണ് ഇത്തരമൊരു വിശദീകരണം നല്‍കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഡേവിഡ്സണുമായുള്ള സംഭാഷണങ്ങളില്‍ സി ഐ എ ഉദ്യോഗസ്ഥര്‍ തങ്ങളുടെ യഥാര്‍ഥ വ്യക്തിത്വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായും രേഖയില്‍ പറയുന്നുണ്ട്. എന്നിരുന്നാലും, താന്‍ ആരോടാണ് സംസാരിക്കുന്നതെന്ന് ഡേവിഡ്സണിന് അറിയാമായിരുന്നിരിക്കാമെന്നും ലോഹ്മാന്‍ സമ്മതിക്കുന്നു.

ലിയോണ്‍ ഡേവിഡ്സണ്‍ സാധാരണ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ വക്താവായിരുന്നില്ല. കൊളംബിയ സര്‍വകലാശാലയുടെ ആര്‍ക്കൈവ് രേഖകള്‍ പ്രകാരം വര്‍ഷങ്ങളോളം യു എഫ് ഒ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്ത അദ്ദേഹം പിന്നീട് 'ലിയോണ്‍ ഡേവിഡ്സണ്‍ ഫ്‌ളയിംഗ് സോസര്‍ കളക്ഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ശേഖരം രൂപീകരിച്ചു.

പുതുതായി പുറത്തുവിട്ട രേഖകളില്‍ നാസയുടെ അപ്പോളോ ദൗത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ചന്ദ്രന്റെ മറുഭാഗത്ത് 'അന്യഗ്രഹ ജീവികളുടെ നക്ഷത്ര താവളം' ഉണ്ടെന്ന ആരോപണവും ഔദ്യോഗിക ദൗത്യ രേഖകളില്‍ അത് പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്ന അവകാശവാദവും ഇതിലുണ്ട്.

ഈ രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയ വെബ്‌സൈറ്റിന് മെയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 170 കോടി സന്ദര്‍ശനങ്ങള്‍ ലഭിച്ചതായി പെന്റഗണ്‍ അറിയിച്ചു. പുതുതായി പുറത്തുവന്ന മെമ്മോ യു എഫ് ഒ ഗവേഷകര്‍ ഏറ്റവും വിശദമായി പരിശോധിക്കുന്ന രേഖകളിലൊന്നായി മാറുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഈ രേഖകള്‍ അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തിന് നേരിട്ടുള്ള ശാസ്ത്രീയ തെളിവല്ലെന്നും അവ ചരിത്രപരമായ രഹസ്യാന്വേഷണ രേഖകളാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, ശീതയുദ്ധ കാലഘട്ടത്തിലെ യു എഫ് ഒ അന്വേഷണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ വെളിപ്പെടുത്തലുകള്‍ പുതിയ ദിശ നല്‍കുന്നുണ്ട്.