കുടിയേറ്റ തടങ്കൽ കേന്ദ്രം നിർമ്മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനം,കോടതിയെ സമീപിച്ചു. തിങ്കളാഴ്ച സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തടങ്കൽ കേന്ദ്രം പ്രവർത്തിപ്പിക്കാനായി സംസ്ഥാനത്തിലെ ഒരു ഗോഡൗൺ പരിസ്ഥിതി പരിശോധന നടത്താതെയും പൊതുജനാഭിപ്രായം തേടാതെയും ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) വാങ്ങിയതായി മേരിലാൻഡ് അറ്റോർണി ജനറൽ ആന്തണി ബ്രൗൺ നൽകിയ പരാതിയിൽ ആരോപിച്ചു. ഫെഡറൽ നിയമങ്ങൾ ലംഘിച്ചാണ് നടപടി നടത്തിയതെന്ന് ഹർജിയിൽ പറയുന്നു.
'ട്രംപ് ഭരണകൂടം അതിന്റെ കടുത്ത കുടിയേറ്റ നയങ്ങൾ നടപ്പാക്കാൻ നിയമം പോലും ലംഘിക്കുകയാണ് . സംസ്ഥാനത്തെയും പൊതുജനങ്ങളെയും അറയാതെ 100 മില്യൺ ഡോളറിലധികം ചെലവഴിച്ച് ഈ കെട്ടിടം വാങ്ങി' എന്ന് ബ്രൗൺ പ്രസ്താവനയിൽ പറഞ്ഞു.
ജനുവരി 16ന് വില്ല്യംസ്‌പോർട്ട് നഗരത്തിന് സമീപമുള്ള ഒരു ഒഴിഞ്ഞ വാണിജ്യ ഗോഡൗൺ 102.4 മില്യൺ ഡോളർ ചെലവിൽ ഡിഎച്ച്എസ് വാങ്ങിയെന്നാണ് പരാതിയിലുള്ളത്. രാജ്യത്തുടനീളം ഗോഡൗണുകൾ തടങ്കൽ കേന്ദ്രങ്ങളാക്കി മാറ്റുന്ന വിപുലമായ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്നും ഹർജിയിൽ പറയുന്നു.
'രാജ്യമൊട്ടാകെ ഗോഡൗണുകൾ വാങ്ങി ആയിരക്കണക്കിന് കുടിയേറ്റക്കാരെ പാർപ്പിക്കാവുന്ന തടങ്കൽ, പ്രോസസ്സിംഗ് കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്,' കേസ് രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ പദ്ധതിക്ക് ആവശ്യമായ പരിസ്ഥിതി പഠനവും പൊതുജനാഭിപ്രായ ശേഖരണവും നടത്താത്തത് ദേശീയ പരിസ്ഥിതി നയ നിയമം (നെപ്പ)യും അഡ്മിനിസ്‌ട്രേറ്റീവ് പ്രൊസീജർ ആക്ടും (എപിഎ) ലംഘിക്കുന്നതാണെന്ന് സംസ്ഥാനം വാദിക്കുന്നു.
ഇത്രയും വലിയ പദ്ധതിയെക്കുറിച്ച് സംസ്ഥാനത്തിന് മതിയായ വിവരങ്ങൾ നൽകാത്തതിലൂടെ പരിസ്ഥിതി, സാമ്പത്തിക, പൊതുജനാരോഗ്യ മേഖലകളിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു.
ഗോഡൗൺ കുടിയേറ്റ തടങ്കൽ കേന്ദ്രമായി മാറ്റുന്നതിലൂടെ മേരിലാൻഡിന്റെ പരിസ്ഥിതി, സാമ്പത്തിക താൽപര്യങ്ങൾക്കും പൊതുജന സുരക്ഷയ്ക്കും തിരിച്ചടിയുണ്ടാകുമെന്ന് ബ്രൗൺ ചൂണ്ടിക്കാട്ടി.
ഇതിനിടെ വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ഡിഎച്ച്എസ് വക്താവ് ഉടൻ പ്രതികരിച്ചില്ല.
നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി ഉത്തരവിടണമെന്നാണ് മേരിലാൻഡ് സംസ്ഥാനത്തിന്റെ ആവശ്യം.
തടങ്കൽ കേന്ദ്ര നിർമാണം തടയണം; ട്രംപ് ഭരണകൂടത്തിനെതിരെ മേരിലാൻഡ് കോടതിയിൽ
