വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മേയ് 23 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കും. വ്യാപാരം, പ്രതിരോധം, ഊർജം, സുരക്ഷാ സഹകരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
വിദേശകാര്യ സെക്രട്ടറിയായ ശേഷം റൂബിയോയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട വിവരമനുസരിച്ച് അദ്ദേഹം കൊൽക്കത്ത, ആഗ്ര, ജയ്പൂർ, ന്യൂഡൽഹി എന്നിവിടങ്ങൾ സന്ദർശിക്കും.
ഇന്ത്യൻ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും റൂബിയോ കൂടിക്കാഴ്ച നടത്തും. ഊർജ സഹകരണം, സുരക്ഷ, വ്യാപാരം, പ്രതിരോധ മേഖലകളിലെ പങ്കാളിത്തം എന്നിവ ചർച്ചയിലുണ്ടാകുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ വക്താവ് ടോമി പിഗോട്ട് അറിയിച്ചു.
ഇന്ത്യയിലെത്തുന്നതിന് മുമ്പ് മേയ് 22ന് സ്വീഡനിൽ നടക്കുന്ന നേറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും.
ഇതിനിടെ, ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ഇന്ത്യ വേദിയാകുമെന്ന് ന്യൂഡൽഹിയിലെ അമേരിക്കൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് കൂട്ടായ്മയുടെ മന്ത്രിതല യോഗം മേയ് 26ന് ന്യൂഡൽഹിയിൽ നടക്കും.
യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അധ്യക്ഷത വഹിക്കും. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെനി വോങ്ങും ജാപ്പനീസ് വിദേശകാര്യ മന്ത്രി മോട്ടഗി തോഷിമിറ്റ്‌സുവും പങ്കെടുക്കുമെന്നാണ് സൂചന.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഉൾപ്പെടെയുള്ള ആഗോളപ്രാദേശിക വിഷയങ്ങളാകും യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. നിർണായക ധാതുക്കളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ക്വാഡ് രാജ്യങ്ങൾ രൂപീകരിച്ച 'ക്രിറ്റിക്കൽ മിനറൽസ് ഇനിഷ്യേറ്റീവ്' പദ്ധതിയും ചർച്ചയിലുണ്ടാകും.
ചൈനയുടെ ആധിപത്യം വർധിക്കുന്ന സാഹചര്യത്തിൽ ഉയർന്ന സാങ്കേതിക മേഖലകൾക്ക് ആവശ്യമായ നിർണായക ധാതുക്കളുടെ വിതരണ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ക്വാഡ് രാജ്യങ്ങളുടെ ലക്ഷ്യം.
യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലേക്ക്; ക്വാഡ് യോഗവും പ്രതിരോധ-വ്യാപാര ചർച്ചകളും പ്രധാന അജണ്ട
