വാഷിംഗ്ടണ്‍ : തന്റെ ആരോഗ്യനിലയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിടാന്‍, അപൂര്‍വമായി തുറന്നുപറച്ചിലുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍, കൈകളില്‍ പതിവായി കാണുന്ന മുറിവുകള്‍, കഴിഞ്ഞ ഒക്ടോബറില്‍ വാള്‍ട്ടര്‍ റീഡില്‍ നടത്തിയ സ്‌കാന്‍, ഔദ്യോഗിക യോഗങ്ങളില്‍ കണ്ണടച്ചിരിക്കുന്നതായി ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് ട്രംപ് വ്യക്തമായ വിശദീകരണം നല്‍കി.
കൈകളിലെ കറുത്ത പാടുകള്‍ പതിവ് ഹാന്‍ഡ്‌ഷേക്കുകളുടേതാണെന്നും, ദിനംപ്രതി ആസ്പിരിന്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമാണെന്നും വൈറ്റ് ഹൗസ് വക്താവ് കരോളൈന്‍ ലിവിറ്റ് ആവര്‍ത്തിച്ച് വിശദീകരിച്ചിരുന്നെങ്കിലും, ട്രംപ് അതിനേക്കാള്‍ വ്യത്യസ്തമായ കാരണമാണ് മുന്നോട്ടുവച്ചത്. ദിവസേന 325 മില്ലിഗ്രാം ആസ്പിരിന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി-സാധാരണ ശുപാര്‍ശ ചെയ്യുന്ന ഡോസിന്റെ നാലിരട്ടിയോളം. ഡോക്ടര്‍മാര്‍ അളവ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും, പതിറ്റാണ്ടുകളായി തുടരുന്ന ഈ ശീലം മാറ്റാന്‍ താല്‍പര്യമില്ലെന്നും, അതിന് പിന്നില്‍ ഒരു 'അന്ധവിശ്വാസം' ഉണ്ടെന്നും അദ്ദേഹം സമ്മതിച്ചു. 'രക്തം നേര്‍ത്തെ ഒഴുകണം. കട്ടിയുള്ള രക്തം ഹൃദയത്തിലൂടെ ഒഴുകുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല,' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. പ്രായം കൂടുന്നതോടെ ത്വക്ക് നേര്‍പ്പെടുകയും, അതിനാല്‍ എളുപ്പത്തില്‍ മുറിവുകള്‍ വരികയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൈകളിലെ മുറിവുകള്‍ മറയ്ക്കാന്‍ മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ട്രംപ് തുറന്നുപറഞ്ഞു. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുമായി ' ഹൈ ഫൈവ്' ചെയ്തപ്പോള്‍, അവരുടെ മോതിരം തട്ടിയുണ്ടായ മുറിവ് പോലും ഇതിലുണ്ട്.
കഴിഞ്ഞ വര്‍ഷം നടത്തിയ സ്‌കാനിനെക്കുറിച്ചുള്ള ദുരൂഹതക്കും ട്രംപ് മറുപടി നല്‍കി. ആദ്യം എംആര്‍ഐയെന്ന് വിശേഷിപ്പിച്ചിരുന്ന പരിശോധന പിന്നീട് തിരുത്തി-അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ നടത്തിയ സി.ടി. സ്‌കാനായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ഫലത്തില്‍ അസാധാരണതയൊന്നും കണ്ടെത്തിയില്ല. എന്നിരുന്നാലും, ആ പരിശോധന നടത്തിയതില്‍ ഇപ്പോള്‍ ഖേദമുണ്ടെന്നും, അതിലൂടെ വിമര്‍ശകര്‍ക്ക് 'ആയുധം' ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
യോഗങ്ങളില്‍ ഉറങ്ങുന്നുവെന്ന ആരോപണവും ട്രംപ് തള്ളിക്കളഞ്ഞു. താന്‍ ഒരിക്കലും കൂടുതല്‍ ഉറങ്ങുന്ന ആളല്ലെന്നും, കണ്ണടയ്ക്കുന്ന നിമിഷങ്ങള്‍ 'ബ്ലിങ്ക്' ചെയ്യുന്നതിനിടയില്‍ പകര്‍ത്തപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേള്‍വിപ്രശ്‌നങ്ങളില്ലെന്നും ട്രംപ് വ്യക്തമാക്കി.
79ാം വയസ്സില്‍ പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന വിമര്‍ശനങ്ങള്‍ക്കും ട്രംപ് മറുപടി നല്‍കി. തന്റെ ഊര്‍ജത്തിന്റെയും പ്രവര്‍ത്തനക്ഷമതയുടെയും അടിസ്ഥാനം 'ജീനുകളാണെന്നും', 'എനിക്ക് വളരെ നല്ല ജീനുകളുണ്ട്' എന്ന ആത്മവിശ്വാസ പ്രകടനത്തോടെയാണ് ട്രംപ് അഭിമുഖം അവസാനിപ്പിച്ചത്.
അന്ധവിശ്വാസം കാരണം ആസ്പിരിന്‍; കൈകളിലെ മുറിവുകള്‍ക്കും സ്‌കാനിനും പിന്നിലെ സത്യം തുറന്ന് ട്രംപ്
