ഇറാനെതിരെയുള്ള ഉപരോധം ആഗോളതലത്തിലേക്ക് വളര്‍ത്തുമെന്ന് ലിന്‍ഡ്‌സെ ഗ്രഹാം

ഇറാനെതിരെയുള്ള ഉപരോധം ആഗോളതലത്തിലേക്ക് വളര്‍ത്തുമെന്ന് ലിന്‍ഡ്‌സെ ഗ്രഹാം


വാഷിംഗ്ടണ്‍: ഇറാനിയന്‍ എണ്ണയ്ക്ക് ആഗോളതലത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. ഇറാനെ സാമ്പത്തികമായി സഹായിക്കുന്ന തരത്തില്‍ എണ്ണ വാങ്ങുന്നവര്‍ക്കും ഇത് ബാധകമായേക്കുമെന്നും ഗ്രഹാം വിശദമാക്കി. 

താത്ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ചെങ്കിലും യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ഇറാന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് തുടരുകയാണ്. ഇത് കരാര്‍ ലംഘനമാണെന്ന് ആരോപിച്ച ഇറാന്‍ ഉപരോധം അവസാനിപ്പിക്കാതെ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് അറിയിക്കുകയും ചെയ്തു. 

ഇറാന്റെ നിലപാടുകള്‍ മാറുന്നതുവരെ ആഗോളതലത്തില്‍ ഉപരോധം തുടരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഗ്രഹാം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. 

ബുധനാഴ്ച രാവിലെ പ്രസിഡന്റ് ട്രംപുമായും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെയുമായും സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്ക് വിഭവങ്ങള്‍ നല്‍കുന്ന ഇറാനിയന്‍ ഭരണകൂടത്തിന്റെ എണ്ണ വിതരണം ചെയ്യുന്നതില്‍ സഹായിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നവര്‍ സ്വയം അപകടത്തിലേക്കാണ് ചാടുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

യു എസ് ഉപരോധം അവസാനിപ്പിച്ചുകഴിഞ്ഞാല്‍  ചര്‍ച്ചകള്‍ക്ക് തയ്യാറാകുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡര്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേക്ക് പോകാനുള്ള പദ്ധതി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു.