വാഷിങ്ടണ്: അമേരിക്കന് ജനപ്രതിനിധിയും ഡെമോക്രാറ്റിക് പാര്ട്ടി നേതാവുമായ ഇല്ഹാന് ഒമറിന്റെ പൗരത്വം റദ്ദാക്കി നാടുകടത്തുന്നതിനുള്ള നടപടികള്ക്ക് വഴിയൊരുക്കാന് ട്രംപ് ഭരണകൂടം അന്വേഷണം നടത്തുന്നതായി റിപ്പോര്ട്ട്. സോമാലിയയില്നിന്ന് അഭയാര്ഥിയായി അമേരിക്കയിലെത്തിയ ഒമര് പൗരത്വം നേടിയ നടപടിക്രമങ്ങളില് ക്രമക്കേടുണ്ടായിരുന്നോ എന്നതിലാണ് അന്വേഷണസംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അമേരിക്കന് ഉദ്യോഗസ്ഥരെയും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെയും ഉദ്ധരിച്ച് വാള്സ്ട്രീറ്റ് ജേണല് റിപ്പോര്ട്ട് ചെയ്തു. ആരോപണങ്ങളില് ഔദ്യോഗിക സ്ഥിരീകരണമോ അന്തിമ കണ്ടെത്തലോ പുറത്തുവന്നിട്ടില്ല.
മിനസോട്ടയില്നിന്നുള്ള ജനപ്രതിനിധിയായ ഒമറിന്റെ വാഷിങ്ടണിലെ വസതിയില് തിങ്കളാഴ്ച പുലര്ച്ചെ ഫെഡറല് ഏജന്റുമാര് പരിശോധന നടത്തിയിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കെയാണ് നടപടി. കോടതി അനുമതിയോടെ ഹോംലാന്ഡ് സെക്യൂരിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥര് പരിശോധന നടത്തിയതായി നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചെങ്കിലും അന്വേഷണത്തിന്റെ വിശദാംശങ്ങള് വെളിപ്പെടുത്തിയില്ല. പരിശോധനയ്ക്കിടെ ഒമറിന്റെ മൊബൈല് ഫോണ്, നോട്ട്ബുക്കുകള്, വ്യക്തിഗത കമ്പ്യൂട്ടറുകള്, പാസ്പോര്ട്ട് എന്നിവ ഉദ്യോഗസ്ഥര് കൊണ്ടുപോയതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചു. പരിശോധന നടക്കുമ്പോള് ഒമറും ഭര്ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഒമര് അമേരിക്കന് പൗരത്വം നേടിയതുമായി ബന്ധപ്പെട്ട രേഖകള് പരിശോധിക്കുന്നതിന്റെ ഭാഗമായി മിനസോട്ടയിലെ ഫെഡറല് ഗ്രാന്ഡ് ജൂറിക്ക് മുന്നില് മൊഴി നല്കാന് ബന്ധുക്കള് ഉള്പ്പെടെ പന്ത്രണ്ടിലധികം പേര്ക്ക് സമന്സ് നല്കിയതായും റിപ്പോര്ട്ടിലുണ്ട്. ഒമറിന്റെ കുടുംബത്തിന്റെ കുടിയേറ്റവുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനയ്ക്ക് വിധേയമാകുന്നത്.
1995ല് കെനിയയിലെ അഭയാര്ഥി ക്യാംപില്നിന്നാണ് ഒമറിന്റെ പിതാവ് നൂര് ഒമര് മുഹമ്മദ് മകളെയും കുടുംബാംഗങ്ങളെയും അമേരിക്കയിലേക്ക് കൊണ്ടുവന്നത്. പതിറ്റാണ്ടുകള്ക്കുമുമ്പ് അമേരിക്കയിലെത്തിയ ഒമര് പിന്നീട് പൗരത്വം നേടി രാഷ്ട്രീയരംഗത്ത് സജീവമാകുകയായിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരത്തേയും ഉയര്ന്നിരുന്നെങ്കിലും താന് അത്തരമൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഈ വര്ഷം വാള്സ്ട്രീറ്റ് ജേണലിന് നല്കിയ അഭിമുഖത്തില് ഒമര് വ്യക്തമാക്കിയിരുന്നു.
ഒമറിനെതിരെ രാഷ്ട്രീയപ്രേരിതമായ നീക്കമാണ് നടക്കുന്നതെന്നാണ് അവരുടെ ഓഫീസിന്റെ പ്രതികരണം. കോണ്ഗ്രസിലെ പുരോഗമന നിലപാടുകളുടെ ശക്തമായ ശബ്ദങ്ങളിലൊന്നായ ഒമറിനെ രാഷ്ട്രീയരംഗത്തുനിന്ന് ഒഴിവാക്കാനാണ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും ആരോപണങ്ങള്ക്ക് അടിസ്ഥാനമില്ലെന്നും ഓഫീസ് പ്രസ്താവനയില് പറഞ്ഞു.
അമേരിക്കന് പൗരത്വം നേടുന്നതിനിടെ തെറ്റായ വിവരങ്ങള് നല്കിയെന്ന് തെളിയിച്ച് പൗരത്വം റദ്ദാക്കാനുള്ള നടപടികള് ട്രംപ് ഭരണകൂടം വ്യാപകമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി നിയമനടപടികള് ആരംഭിച്ചതായാണ് റിപ്പോര്ട്ട്. അന്വേഷണം തുടര്നടപടികളിലേക്ക് നീങ്ങിയാല്, പൗരത്വം റദ്ദാക്കാനുള്ള നീക്കങ്ങളില് ഏറ്റവും കൂടുതല് രാഷ്ട്രീയശ്രദ്ധ നേടുന്ന കേസുകളിലൊന്നായി ഒമറിന്റേത് മാറും. ഒമറിനെ നാടുകടത്തണമെന്ന് ട്രംപ് നേരത്തേ പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റത്തെയും മുസ്ലിം സമൂഹത്തെയും സംബന്ധിച്ച രാഷ്ട്രീയ ചര്ച്ചകളിലും ഒമര് പ്രധാന വിഷയമായി മാറിയിട്ടുണ്ട്.
എന്നാല്, നിലവില് പുറത്തുവന്ന വിവരങ്ങള് അന്വേഷണത്തിന്റെ ഭാഗമായുള്ള ആരോപണങ്ങളും നടപടികളുമാണ്. ഒമറിന്റെ പൗരത്വം റദ്ദാക്കാന് നിയമപരമായ അടിസ്ഥാനമുണ്ടോയെന്ന കാര്യത്തില് അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
ഇല്ഹാന് ഒമറിന്റെ പൗരത്വം റദ്ദാക്കി നാടുകടത്താന് നീക്കമെന്ന് റിപ്പോര്ട്ട്; അന്വേഷണം ശക്തമാക്കി ട്രംപ് ഭരണകൂടം
