വാഷിംഗ്ടണ്‍: മാര്‍ച്ചില്‍ യുഎസില്‍ നിന്ന് നീക്കംചെയ്ത നൂറുകണക്കിന് വെനസ്വേലന്‍ പൗരന്മാരെ എല്‍ സാല്‍വഡോറിലേക്ക് മാറ്റാന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നൊയം നിര്‍ദേശം നല്‍കിയതായി ട്രംപ് ഭരണകൂടത്തിന്റെ നീതിന്യായ വകുപ്പിന്റെ പുതിയ കോടതി രേഖ. നാടുകടത്തല്‍ വിമാനങ്ങള്‍ തിരിച്ചുവിടാന്‍ ഫെഡറല്‍ ജഡ്ജി ജെയിംസ് ബോസ്ബര്‍ഗ് ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ നീക്കം നടത്തിയതെന്ന് ഡിപാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് കോടതിയെ അറിയിച്ചു.
കോടതി ആദ്യം വാക്കാലും പിന്നീട് രേഖാമൂലവും ഇറക്കിയ ഉത്തരവ് 'ഏലിയന്‍ എനിമീസ് ആക്ട്' പ്രകാരമുള്ള നാടുകടത്തല്‍ തടയാന്‍ ശ്രമിച്ചതായും, അതുമായി ബന്ധപ്പെട്ട നിയമോപദേശം ഡിഒജെയും ആഭ്യന്തര സുരക്ഷാ വകുപ്പും ക്രിസ്റ്റി നൊയമിന് കൈമാറിയതായും ഫയലിംഗില്‍ വ്യക്തമാക്കുന്നു. ആ നിയമോപദേശം പരിഗണിച്ചാണ്, കോടതിയുടെ ഉത്തരവിന് മുമ്പ് യുഎസില്‍ നിന്ന് നീക്കംചെയ്ത തടവുകാരെ എല്‍ സാല്‍വഡോറിന്റെ കസ്റ്റഡിയിലേക്ക് മാറ്റാന്‍ നൊയം നിര്‍ദേശം നല്‍കിയതെന്നാണ് ഡിഒജിയുടെ വിശദീകരണം.
ആക്ടിംഗ് ഡിഎച്ച്എസ് ജനറല്‍ കൗണ്‍സല്‍ ജോസഫ് മസാറയോടാണ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചും മുന്‍ മുതിര്‍ന്ന ഡിഒജി ഉദ്യോഗസ്ഥനായ എമില്‍ ബോവും നിയമാഭിപ്രായം കൈമാറിയെന്നും പിന്നീട് അത് നൊയത്തിന് അറിയിക്കപ്പെടുകയായിരുന്നുവെന്നും രേഖ പറയുന്നു. ജഡ്ജി ബോസ്ബര്‍ഗ് കോടതിയലക്ഷ്യ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചതിന് പിന്നാലെയാണ് ഈ കോടതിവിവരങ്ങള്‍ പുറത്ത് വന്നത്.
പതിനെട്ടാം നൂറ്റാണ്ടിലെ യുദ്ധകാല നിയമമായ ഏലിയന്‍ എനിമീസ് ആക്ട് വിനിയോഗിച്ചാണ് ട്രംപ് ഭരണകൂടം വെനസ്വേലന്‍ ഗ്യാങായ 'ട്രെന്‍ ഡി അരാഗ്വ' യുഎസിനെ ആക്രമിക്കുന്ന 'ഹൈബ്രിഡ് ക്രിമിനല്‍ സ്‌റ്റേറ്റ്' ആണെന്ന് വാദിച്ച്, കൃത്യമായ നിയമ നടപടികളില്ലാതെ കുടിയേറ്റക്കാരെ എല്‍ സാല്‍വഡോറിലെ സി.ഇ.സി.ഒ.ടി ജയിലിലേക്ക് അയച്ചത്. മാര്‍ച്ച് 15ലെ വാദത്തിനിടെ ജഡ്ജി വിമാനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ നിര്‍ദേശിച്ചെങ്കിലും, അത് നിയമപരമായി ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി നാടുകടത്തല്‍ തുടരുകയായിരുന്നു സര്‍ക്കാര്‍. കോടതിയുടെ രേഖാമൂലമുള്ള ഉത്തരവില്‍ ഇതിനകം യുഎസില്‍ നിന്ന് നാടുകടത്തിയവരെ തിരികെ കൊണ്ടുവരാന്‍ നിര്‍ദേശം ഇല്ലെന്നും, മുന്‍പ് നല്‍കിയ വായ്‌മൊഴി നിയമപരമായ വിലക്കായി കണക്കാക്കാനാവില്ലെന്നും ഡിഒജി വ്യക്തമാക്കി. ബോസ്ബര്‍ഗ് ഭരണകൂടം കോടതിയലക്ഷ്യം കാട്ടിയെന്ന മുന്‍ കണ്ടെത്തല്‍ അപ്പീല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നാളുകളോളം നിലച്ചിരുന്നെങ്കിലും, വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയിലൂടെ അന്വേഷണം തുടരാന്‍ ജഡ്ജിക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.
ന്യായാധിപരുടെ ഉത്തരവിനെ അവഗണിച്ച് വെനസ്വേലന്‍ കുടിയേറ്റക്കാരെ എല്‍ സാല്‍വഡോറിലേക്ക് കൈമാറാന്‍ ക്രിസ്റ്റി നൊയം നിര്‍ദേശിച്ചു: യുഎസ് നീതിന്യായ വകുപ്പ്
