നവീകരണത്തിനായി കെനഡി സെന്റർ രണ്ടുവർഷം അടയ്ക്കും: ട്രംപ് ഉത്തരവിട്ടു

നവീകരണത്തിനായി കെനഡി സെന്റർ രണ്ടുവർഷം അടയ്ക്കും: ട്രംപ് ഉത്തരവിട്ടു


വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ വാഷിംഗ്ടൺ കെനഡി സെന്റർ നവീകരണത്തിനായി രണ്ട് വർഷത്തേക്ക് അടയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ജൂലൈ മുതൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് ട്രംപ് അറിയിച്ചത്.

കെട്ടിടം സാമ്പത്തികമായും ഘടനാപരമായും വർഷങ്ങളായി ദുർബലാവസ്ഥയിലാണെന്നും, നവീകരണത്തിലൂടെ കെനഡി സെന്റർ ലോകോത്തര കലാസാംസ്‌കാരിക കേന്ദ്രമാക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ കെട്ടിടം ശോചനീയാവസ്ഥയിലാണെന്ന വാദത്തിന് ട്രംപോ കെനഡി സെന്റർ പ്രസിഡന്റ് റിക് ഗ്രെനെല്ലോ തെളിവുകൾ നൽകിയിട്ടില്ല.

ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം കെനഡി സെന്ററിന്റെ മുൻ നേതൃത്വം മാറ്റി സ്വന്തം അനുഭാവികളെ ബോർഡിൽ നിയമിച്ചിരുന്നു. ട്രംപ് തന്നെയാണ് നിലവിൽ ബോർഡ് ചെയർമാൻ. ഇതിന് പിന്നാലെ പ്രമുഖ കലാകാരരും കലാസംഘങ്ങളും പരിപാടികൾ പിൻവലിക്കാൻ തുടങ്ങി.

പ്രശസ്ത സംഗീതസംവിധായകൻ ഫിലിപ്പ് ഗ്ലാസ് തന്റെ 'സിംഫണി നമ്പർ 15 -ലിങ്കൺ' അവതരിപ്പിക്കുന്നത് പിൻവലിച്ചു. കെനഡി സെന്ററിന്റെ ഇപ്പോഴത്തെ നിലപാടുകൾ തന്റെ കൃതിയുടെ സന്ദേശത്തോട് പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാഷിംഗ്ടൺ നാഷണൽ ഓപ്പറയും കേന്ദ്രത്തിൽ നിന്നുള്ള പ്രകടനങ്ങൾ മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1964ൽ മുൻ പ്രസിഡന്റ് ജോൺ എഫ്. കെനഡിയുടെ സ്മരണാർത്ഥമാണ് കേന്ദ്രത്തിന് ഈ പേര് നൽകിയത്. 1971ൽ പ്രവർത്തനം ആരംഭിച്ച കെനഡി സെന്റർ നാഷണൽ സിംഫണി ഓർക്കസ്ട്ര ഉൾപ്പെടെ നിരവധി കലാപരിപാടികൾക്ക് വർഷം മുഴുവൻ വേദിയാകുന്ന സ്ഥാപനമാണ്.

ഇതിനിടെ കെട്ടിടത്തിന്റെ മുൻവശത്ത് ട്രംപിന്റെ പേര് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ ചില അംഗങ്ങളും കെനഡി കുടുംബവും ശക്തമായ പ്രതിഷേധം അറിയിച്ചു. ജോൺ എഫ്. കെനഡിയുടെ സഹോദരപുത്രി കെറി കെനഡി, ട്രംപിന്റെ കാലാവധി കഴിയുമ്പോൾ അദ്ദേഹത്തിന്റെ പേര് സ്വയം നീക്കം ചെയ്യുമെന്നുവരെ പ്രതികരിച്ചു.