വാഷിംഗ്ടണ്‍: കെനഡി സെന്ററിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് ചേര്‍ത്തതിനെ തുടര്‍ന്ന് ക്രിസ്മസ് ഈവ് കച്ചേരി റദ്ദാക്കിയ സംഗീതജ്ഞനില്‍ നിന്ന് 10 ലക്ഷം ഡോളര്‍ (ഏകദേശം 7.4 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെന്റര്‍ ഭരണകൂടം രംഗത്ത്. 2006 മുതല്‍ ഓരോ വര്‍ഷവും സംഘടിപ്പിച്ചിരുന്ന കച്ചേരി അവസാന നിമിഷം റദ്ദാക്കിയതിലൂടെ സ്ഥാപനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡ്രമ്മറും വൈബ്രഫോണ്‍ വാദകനുമായ ചക്ക് റെഡ്, കെനഡി സെന്റര്‍ 'ഡോണള്‍ഡ് ജെ. ട്രംപ് ആന്‍ഡ് ജോണ്‍ എഫ്. കെനഡി മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ ദ പെര്‍ഫോമിംഗ് ആര്‍ട്‌സ്' എന്ന പേരിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് പ്രതിഷേധിച്ചാണ് പരിപാടി ഒഴിവാക്കിയത്. ഇതിനെ 'രാഷ്ട്രീയ സ്റ്റണ്ട്' എന്ന് വിശേഷിപ്പിച്ച കെനഡി സെന്റര്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഗ്രെനെല്‍, റെഡിന്റെ നടപടി അസഹിഷ്ണുതയുടെ ഉദാഹരണമാണെന്നും ലാഭരഹിത കലാസ്ഥാപനത്തിന് ഗുരുതര നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചു.
ട്രംപ് അധികാരമേറ്റ് പിന്നാലെ ബോര്‍ഡിലെ ചില അംഗങ്ങളെ പുറത്താക്കി അനുയായികളെ നിയമിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ബോര്‍ഡ് ഏകകണ്ഠമായി ട്രംപിനെ ചെയര്‍മാനായി തെരഞ്ഞെടുത്തതായും, കെട്ടിടത്തിന്റെ മുന്‍വശത്ത് അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പേരുമാറ്റം നടപ്പാക്കി.
ട്രംപിന്റെ നേതൃത്വത്തില്‍ കെട്ടിട നവീകരണം നടന്നതിന്റെ അംഗീകാരമായാണ് പേരുമാറ്റമെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചെങ്കിലും ഡെമോക്രാറ്റുകള്‍, കലാകാരന്മാര്‍, കെനഡി കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ശക്തമായി വിമര്‍ശിച്ചു. പേരുമാറ്റം നിയമപരമായി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഒഹായോയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ജോയ്‌സ് ബീറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. 1964ലെ നിയമപ്രകാരം സ്ഥാപനം രൂപീകരിച്ചതിനാല്‍ പേരുമാറ്റത്തിന് കോണ്‍ഗ്രസിന്റെ അനുമതി വേണമെന്നാണ് ഹര്‍ജിയിലെ വാദം.
1963ല്‍ കൊല്ലപ്പെട്ട അമേരിക്കയുടെ 35ാമത് പ്രസിഡന്റ് ജോണ്‍ എഫ്. കെനഡിയുടെ സ്മരണയ്ക്കായാണ് 'ജീവന്ത സ്മാരകം' എന്ന ആശയത്തില്‍ കോണ്‍ഗ്രസ് കെനഡി സെന്റര്‍ രൂപീകരിച്ചത്. ഇപ്പോഴത്തെ പേരുമാറ്റവും അതിനെത്തുടര്‍ന്നുള്ള നിയമ-രാഷ്ട്രീയ നീക്കങ്ങളും അമേരിക്കന്‍ സാംസ്‌കാരിക രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ട്രംപിന്റെ പേര് ചേര്‍ത്തതില്‍ പ്രതിഷേധം: കച്ചേരി റദ്ദാക്കിയ സംഗീതജ്ഞനില്‍ നിന്ന് 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം തേടി കെനഡി സെന്റര്‍
