വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന്റെ സഹോദരന്റെ മുന്‍ പങ്കാളി അനധികൃത കുടിയേറ്റത്തിന് അറസ്റ്റില്‍. ട്രംപിന്റെ കുടിയേറ്റ റെയ്ഡുകളെ ശക്തമായി പിന്തുണച്ചിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന്റെ സഹോദരന്‍ മൈക്കിള്‍ ലെവിറ്റിന്റെ മുന്‍ പങ്കാളിയായ ബ്രൂണ കരോലിന്‍ ഫെരേരയാണ് അറസ്റ്റിലായത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ബ്രൂണ കരോലിനിന്റെ വിസാ കാലാവധി കഴിഞ്ഞിട്ടും യു എസില്‍ തുടര്‍ന്നതിനാണ് അറസ്റ്റ്.
നിലവില്‍ ലൂസിയാനയിലെ ഐസിഇ കേന്ദ്രത്തില്‍ തടവിലാണ് ബ്രൂണ. ഈ മാസം ആദ്യം മസാച്യുസെറ്റ്‌സിലെ റെവറിലാണ് ബ്രൂണയെ കസ്റ്റഡിയില്‍ എടുത്തത്. ബ്രൂണ ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ അനധികൃത കുടിയേറ്റക്കാരിയാണന്നും ഡിപ്പാര്‍ട്ട്‌മെന്റ്് ഒഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വക്താവ് പറഞ്ഞു. ബ്രസീല്‍ സ്വദേശിയായ ബ്രൂണ ബി2 ടൂറിസ്റ്റ് വിസയിലാണ് അമേരിക്കയില്‍ പ്രവേശിച്ചത്. ഇവരെ ബ്രസീലിലേയ്ക്ക് നാടുകടത്തുമെന്നാണ് വിവരം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹോദരന്‍ മൈക്കള്‍ ലെവിറ്റും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
