വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ പുതിയ ബാല്‍റൂം നിര്‍മിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തണമെന്ന ചരിത്രസംരക്ഷണ സംഘടനയായ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ഹിസ്‌റ്റോറിക് പ്രിസര്‍വേഷന്റെ ആവശ്യം ഫെഡറല്‍ കോടതി തള്ളി. എന്നാല്‍ നിര്‍മാണം മുന്നോട്ടുകൊണ്ടുപോകുന്നതിന് യു.എസ്. ജില്ലാ ജഡ്ജി റിച്ചര്‍ഡ് ജെ. ലിയന്‍ ട്രംപ് ഭരണകൂടത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
നിര്‍മാണം പൂര്‍ണമായി നിര്‍ത്തേണ്ടതിനുള്ള 'പരിഹരിക്കാനാവാത്ത നഷ്ടം' തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ജഡ്ജി വ്യക്തമാക്കി. എന്നാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍, ബാല്‍റൂമിന്റെ അന്തിമ രൂപവും സ്ഥാനം നിര്‍ണ്ണയിക്കുന്ന തരത്തിലുള്ള ഭൂഗര്‍ഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. ഈ നിര്‍ദേശം ലംഘിച്ചാല്‍ നിര്‍മിച്ച ഘടകങ്ങള്‍ പൊളിച്ചുമാറ്റാന്‍ വൈറ്റ് ഹൗസ് നിര്‍ബന്ധിതമാകുമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി.
അതേസമയം, വര്‍ഷാവസാനത്തോടെ നിര്‍മാണ പദ്ധതികള്‍ നാഷണല്‍ ക്യാപിറ്റല്‍ പ്ലാനിങ് കമ്മീഷനു (NCPC) സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ കമ്മീഷനുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കോടതിയെ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഭരണകൂടത്തിനെതിരേ ബാല്‍റൂം നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നാഷണല്‍ ട്രസ്റ്റ് ആദ്യമായി കേസ് നല്‍കിയത്. പൊതുസമ്പത്തായ വൈറ്റ് ഹൗസില്‍ പൊതുജനാഭിപ്രായം തേടാതെയും നിയമപരമായ അവലോകനം കൂടാതെയും നിര്‍മാണം നടത്താനാവില്ലെന്നായിരുന്നു സംഘടനയുടെ വാദം. ബാല്‍റൂം വേണ്ടതാണോ എന്നതല്ല, നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് വിഷയമെന്നും, പദ്ധതിയില്‍ അഞ്ചു നിയമങ്ങള്‍ ലംഘിച്ചുവെന്നുമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയത്. ഭരണകൂടം സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠനം 'ഗുരുതരമായി അപര്യാപ്തമാണ്' എന്ന ആരോപണവും ഉയര്‍ന്നു.
നിര്‍മാണത്തിന്റെ ഭാഗമായി വൈറ്റ് ഹൗസിലെ ഈസ്റ്റ് വിങ്ങിന്റെ വലിയൊരു ഭാഗം ഇതിനകം പൊളിച്ചുമാറ്റിയിട്ടുണ്ട്. 2028ലെ വേനല്‍ക്കാലത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് നാഷണല്‍ പാര്‍ക്ക് സര്‍വീസ് വ്യക്തമാക്കുന്നത്. ട്രംപ് പ്രസിഡന്റ് പദവി ഒഴിയുന്നതിനോട് ഏറെ അടുത്താണ് ഈ സമയപരിധി.
ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങള്‍ക്കോ പൊളിച്ചുമാറ്റലിനോ NCPCക്ക് പദ്ധതികള്‍ സമര്‍പ്പിക്കേണ്ട നിയമബാധ്യതയില്ലെന്നാണ ് സര്‍ക്കാര്‍ വാദിച്ചത്. ബാല്‍റൂമിന്റെ അന്തിമ രൂപരേഖ തയ്യാറായിട്ടില്ലാത്തതിനാല്‍ നിയമലംഘനമുണ്ടായിട്ടില്ലെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 'ഇത് അന്തിമമായ ഒരു കെട്ടിടമല്ല' എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആഡം ഗുസ്റ്റഫ്‌സണ്‍ കോടതിയില്‍ പറഞ്ഞു.
എക്‌സിക്യൂട്ടീവ് ഓഫീസിന്റെ തീരുമാനമായതിനാല്‍ കോടതികള്‍ക്ക് ഇടപെടലില്‍ പരിമിതിയുണ്ടെന്ന വാദവും സര്‍ക്കാര്‍ ഉയര്‍ത്തി. എന്നാല്‍ പദ്ധതിയെ പിന്തുണച്ച് നാഷണല്‍ പാര്‍ക്ക് സര്‍വീസ് തയ്യാറാക്കിയ കുറിപ്പ് കോടതിയില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെട്ടു.
കേസില്‍ വൈകിയാണ് ഹര്‍ജി നല്‍കിയതെന്നും, പരാതി നല്‍കുന്നതിന് ഒരാഴ്ച മുന്‍പേ തന്നെ പൊളിക്കല്‍ പൂര്‍ത്തിയായിരുന്നുവെന്നുമാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. ജനുവരിയുടെ രണ്ടാം വാരത്തില്‍ പ്രാഥമിക സ്‌റ്റേ സംബന്ധിച്ച വിശദമായ വാദം വീണ്ടും കോടതി കേള്‍ക്കും.
ബാല്‍റൂം വിവാദം: നിര്‍മാണം പൂര്‍ണമായി തടയാനാകില്ലെന്ന് കോടതി; ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം
