66 ഹോട്ട് ഡോഗ് 10 മിനിറ്റിൽ; ജോയി ചെസ്റ്റ്‌നട്ടിന് 18ാം കിരീടം

66 ഹോട്ട് ഡോഗ് 10 മിനിറ്റിൽ; ജോയി ചെസ്റ്റ്‌നട്ടിന് 18ാം കിരീടം


ന്യൂയോർക്ക്:  അമേരിക്കയിലെ പരമ്പരാഗതമായ നാഥൻസ് ഫെയ്മസ് ഹോട്ട് ഡോഗ് ഈറ്റിംഗ് മത്സരത്തിൽ ജോയി ചെസ്റ്റ്‌നട്ട് വീണ്ടും കിരീടം നേടി. ന്യൂയോർക്കിലെ കോണി ഐലൻഡിൽ നടന്ന മത്സരത്തിൽ 10 മിനിറ്റിനുള്ളിൽ 66 ഹോട്ട് ഡോഗും ബണ്ണും കഴിച്ചാണ് ചെസ്റ്റ്‌നട്ട് 18ാം തവണയും ജേതാവായത്.

മത്സരത്തിന് ശേഷം പ്രതികരിച്ച ചെസ്റ്റ്‌നട്ട്, വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെങ്കിലും ഇത്തവണ പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനാകില്ലെന്ന് തുടക്കത്തിൽ തന്നെ മനസ്സിലായിരുന്നുവെന്ന് പറഞ്ഞു. കനത്ത ചൂട് മത്സരത്തെ ബാധിച്ചെന്നും അതാണ് വേഗം കുറയാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021ൽ 76 ഹോട്ട് ഡോഗ് കഴിച്ച് പുരുഷവിഭാഗത്തിലെ ലോക റെക്കോർഡ് സ്വന്തമാക്കിയ ചെസ്റ്റ്‌നട്ടാണ് ഇത്തവണയും മത്സരത്തിലെ പ്രധാന ഫേവറിറ്റ്.

വനിതാ വിഭാഗത്തിൽ മിക്കി സുദോ 10 മിനിറ്റിൽ 38.75 ഹോട്ട് ഡോഗ് കഴിച്ച് റെക്കോർഡ് 12ാം തവണയും കിരീടം സ്വന്തമാക്കി.