അര്‍ബുദ വലയത്തില്‍ ജോ ബൈഡന്റെ ജീവിതം

അര്‍ബുദ വലയത്തില്‍ ജോ ബൈഡന്റെ ജീവിതം


യു എസ് മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച അര്‍ബുദം കൂടുതലായി വ്യാപിച്ചതായി അദ്ദേഹത്തിന്റെ മകന്‍ ഹണ്ടര്‍ ബൈഡനാണ് വെളിപ്പെടുത്തിയത്.  83കാരനായ പിതാവ് രോഗവുമായി പോരാടുന്നത് കാണുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് വിവരിച്ച ഹണ്ടര്‍ ബൈഡന്‍ കാന്‍സര്‍ എല്ലുകളിലേക്കും അതിനപ്പുറത്തേക്കും പടര്‍ന്നിട്ടുണ്ടെന്നും പല തരത്തിലും അത് വളരെ വേദനാജനകവും ഏറെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്നും വിവരിച്ചു. 2025 മെയ് മാസമാണ് ജോ ബൈഡന് കാന്‍സര്‍ ബാധിച്ച വിവരം ആദ്യമായി പൊതുജനങ്ങളെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജോ ബൈഡന്‍ ത്വക്കിലെ കാന്‍സര്‍ ബാധിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഒക്ടോബറില്‍ പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള റേഡിയേഷന്‍ ചികിത്സയുടെ ഒരു ഘട്ടം അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഭാര്യ ജില്‍ ബൈഡന്‍ കഴിഞ്ഞ ആഴ്ച കെല്ലി റിപയുടെ 'ലെറ്റ്‌സ് ടോക്ക് ഓഫ് ക്യാമറ വിത്ത് കെല്ലി റിപ' പോഡ്കാസ്റ്റില്‍ പറഞ്ഞതുപോലെ, രോഗം ജീവിതകാലം മുഴുവന്‍ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്ന് കുടുംബം മനസ്സിലാക്കുന്നുണ്ട്.

തന്റെ ജീവിത രീതികളും അതിന്റെ പ്രത്യാഘാതങ്ങളും പിതാവിന്റെ ആരോഗ്യനിലയെ ബാധിച്ചിരിക്കാമെന്നും ഹണ്ടര്‍ ബൈഡന്‍ അവതാരകനായ പാഡി ഒ'കോണലിനോട് സമ്മതിക്കുന്നുണ്ട്. ജോ ബൈഡനെ മത്സരിക്കാന്‍ അനുവദിക്കാതിരുന്നതായിരുന്നില്ലേ നല്ലത്? എന്ന ഒ'കോണലിന്റെ ചോദ്യത്തിന് പിതാവിനെ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ അനുവദിക്കുന്നു എന്ന ആശയം പരിഹാസ്യമാണെന്നും താന്‍ പൂര്‍ണമായി അദ്ദേഹത്തെ പിന്തുണയ്ക്കുകയുമാണെന്നാണ് ഹണ്ടര്‍ ബൈഡന്‍ മറുപടി നല്‍കിയത്. കുടുംബത്തെയും അമേരിക്കന്‍ ജനങ്ങളെയും മനസ്സില്‍ വെച്ചാണ് അദ്ദേഹം എപ്പോഴും തീരുമാനങ്ങള്‍ എടുത്തിരുന്നതെന്ന് അറിയാമെന്നും ഹണ്ടര്‍ വ്യക്തമാക്കി.

'പ്രൈംടൈം ടെലിവിഷനില്‍ ബൈഡന് ഒരു വാചകം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?' എന്ന ഒ'കോണലിന്റെ ചോദ്യത്തിന് താന്‍ ആ സംവാദം കാണുകയായിരുന്നുവെന്നും ആ നിമിഷം 'ഞെട്ടിക്കുന്നതായിരുന്നു' എന്നും ഹണ്ടര്‍ ബൈഡന്‍ പറഞ്ഞു. 2024ല്‍ ബൈഡന്റെ വിമര്‍ശിക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപുമായുള്ള സംവാദത്തെയാണ് അദ്ദേഹം പരാമര്‍ശിച്ചത്. ആ സംവാദത്തിന് പിന്നാലെയാണ് ബൈഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറിയത്.

ജോ ബൈഡന് കാന്‍സര്‍ ഉണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെങ്കിലും ഒമ്പത് മാസത്തിന് ശേഷം സ്റ്റേജ് 4 പ്രോസ്റ്റേറ്റ് കാന്‍സറും സ്റ്റേജ് 4 മെറ്റാസ്റ്റാറ്റിക് ബോണ്‍ കാന്‍സറും സ്ഥിരീകരിക്കപ്പെട്ടുവെന്നും എന്നാല്‍ അതൊന്നും തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2026 മെയ് മാസ്ം സി ബി എസ് ന്യൂസിന്റെ 'സണ്‍ഡേ മോണിംഗ്' പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ ജില്‍ ബൈഡന്‍ രോഗനിര്‍ണയം അപ്രതീക്ഷിതമായിരുന്നുവെന്ന് പറഞ്ഞു. 70 വയസ്സിന് മുകളിലുള്ള പുരുഷന്മാരില്‍ സാധാരണയായി പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള പരിശോധനകള്‍ പതിവായി നടത്താറില്ലെന്നും ഇത് സാധാരണയായി 'സാവധാനം വളരുന്ന കാന്‍സറായതിനാല്‍' ആവര്‍ത്തിച്ചുള്ള പരിശോധനകളുടെ ദോഷങ്ങള്‍ അതിന്റെ ഗുണങ്ങളെക്കാള്‍ കൂടുതലാകാമെന്നും അവര്‍ വിശദീകരിച്ചു. വൈറ്റ് ഹൗസില്‍ തങ്ങള്‍ക്ക് മികച്ച ചികിത്സ ലഭിച്ചിരുന്നുവെങ്കിലും എങ്ങനെയോ ഇത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അവര്‍ പറഞ്ഞു.

ജോ ബൈഡന്‍ ജീവിച്ചിരിക്കുന്നിടത്തോളം അദ്ദേഹം പോരാട്ടം തുടരുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായും മകന്‍ പറഞ്ഞു. 

2024 ജൂണില്‍, പിതാവ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരുന്ന സമയത്ത്, നിയന്ത്രിത ലഹരിവസ്തുവിന് അടിമയായിരുന്ന കാലത്ത് തോക്ക് വാങ്ങുകയും കൈവശം വയ്ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട മൂന്ന് ഗുരുതര കുറ്റങ്ങളില്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 14 ലക്ഷം ഡോളര്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതടക്കമുള്ള ഒമ്പത് ഫെഡറല്‍ നികുതി കുറ്റങ്ങളിലും അദ്ദേഹം കുറ്റസമ്മതം നടത്തി.

അധികാരത്തില്‍നിന്ന് ഒഴിയുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആവര്‍ത്തിച്ച് അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയിരുന്നിട്ടും അന്യായവും രാഷ്ട്രീയ പ്രേരിതവുമായ പീഡനമാണ് മകനെതിരെ നടന്നതെന്ന് കരുതി അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ അദ്ദേഹത്തിന് മാപ്പ് നല്‍കാനുള്ള വിവാദപരമായ തീരുമാനം സ്വീകരിക്കുകയും ചെയ്തു. 10 വര്‍ഷത്തിനിടെ ചെയ്തതോ ആരോപിക്കപ്പെട്ടതോ ആയ ഏതൊരു ക്രിമിനല്‍ കുറ്റത്തിനും ഹണ്ടര്‍ ബൈഡന് 'പൂര്‍ണവും ഉപാധികളില്ലാത്തതുമായ മാപ്പ്' ജോ ബൈഡന്‍ നല്‍കി. അധികാരത്തിലെ അവസാന ദിവസം, തന്റെ സഹോദരന്‍ ജെയിംസ് ബൈഡന്‍ ഉള്‍പ്പെടെ കുടുംബത്തിലെ നിരവധി അംഗങ്ങള്‍ക്കും അദ്ദേഹം മുന്‍കൂര്‍ മാപ്പ് നല്‍കി. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തില്‍നിന്ന് കുടുംബത്തിനെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന ഭയമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഇരുകക്ഷികളില്‍നിന്നും ഈ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ഒ'കോണലിനോട് സംസാരിക്കുമ്പോള്‍ ഹണ്ടര്‍ ബൈഡനും അത് അംഗീകരിച്ചു. എന്നാല്‍ വരാനിരുന്ന പ്രസിഡന്റിനെക്കുറിച്ച് തന്റെ പിതാവിനുണ്ടായിരുന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാഷ്ട്രീയ ശത്രുക്കളോട് പ്രതികാരവും പകപോക്കലും നടത്തുന്നതുമായി ബന്ധപ്പെട്ട്, എന്റെ പിതാവ് ഡൊണാള്‍ഡ് ട്രംപ് എങ്ങനെയായിരിക്കുമെന്ന് കരുതിയിരുന്നുവോ, അതുതന്നെയാണ് ട്രംപ് എന്ന് തെളിയിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,' അദ്ദേഹം പറഞ്ഞു.


ബൈഡന്‍ കുടുംബവും കാന്‍സറുമായുള്ള ബന്ധവും


ബൈഡന്‍ കുടുംബം ഏറെക്കാലമായി സമഗ്രമായ കാന്‍സര്‍ ഗവേഷണത്തെ പിന്തുണച്ചുവരുന്നു. ജോ ബൈഡന്റെ ആദ്യ ഭാര്യ നീലിയ ഹണ്ടര്‍ ബൈഡനില്‍ ജനിച്ച മൂത്ത മകന്‍ ബ്യൂ ബൈഡന്‍ 2015ല്‍ ഗ്ലിയോബ്ലാസ്റ്റോമ എന്ന മസ്തിഷ്‌ക കാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. 

'കാന്‍സര്‍ അതിന്റെ കൈവശമുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നു  രോഗപ്രതിരോധ സംവിധാനത്തില്‍നിന്ന് ഒളിക്കുന്നു, സ്വന്തം രക്തവിതരണം സൃഷ്ടിക്കുന്നു, വ്യാപിക്കാന്‍ വൈറസുകളെ ഉപയോഗിക്കുന്നു, അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന അനുകൂലമായ കോശാന്തരീക്ഷം സൃഷ്ടിക്കുന്നു. നമുക്ക് പൂര്‍ണമായി മനസ്സിലാകാത്ത വഴികളും ജനിതകമാറ്റങ്ങളും ഉപയോഗിച്ച് ശരീരത്തിലുടനീളം വ്യാപിക്കാനും അതിന് അറിയാം'- 2017ല്‍ ടൈമിനുവേണ്ടി എഴുതിയ ലേഖനത്തില്‍ ജോ ബൈഡനും ഭാര്യ ജിലും പറഞ്ഞു. ബൈഡന്‍ കാന്‍സര്‍ ഇനിഷ്യേറ്റീവ് ആരംഭിച്ചതിന്റെ കാരണങ്ങളും അവര്‍ അതില്‍ വിശദീകരിച്ചിരുന്നു.

വൈസ് പ്രസിഡന്റായിരുന്ന കാലത്ത് കാന്‍സറിനെ നമുക്കറിയാവുന്ന രീതിയില്‍ അവസാനിപ്പിക്കുന്നതിനായി 'ദേശീയ പ്രതിബദ്ധത' രൂപപ്പെടുത്തണമെന്ന ജോ ബൈഡന്റെ ശ്രമത്തിന്റെ തുടര്‍ച്ചയായാണ് ബൈഡന്‍ കാന്‍സര്‍ ഇനിഷ്യേറ്റീവ് രൂപീകരിച്ചത്. പിന്നീട് ഇത് 'കാന്‍സര്‍ മൂണ്‍ഷോട്ട് ഇനിഷ്യേറ്റീവ്' ആയി മാറി. 2016ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചു.

ജോ ബൈഡന്റെ ഓര്‍മക്കുറിപ്പ് 'പ്രോമിസ് മീ, അമേരിക്ക' നവംബര്‍ 17ന് പുറത്തിറങ്ങും.