ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ജോ ബൈഡന്‍

ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ജോ ബൈഡന്‍


വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റിന്റെ പദവി ഒഴിഞ്ഞശേഷം ആദ്യമായാണ് പൊതുവേദിയില്‍ ബൈഡന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മേരിലാന്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിച്ച ധനശേഖരണ പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപിനെ ബൈഡന്‍ 'പരാജിതന്‍' എന്ന് വിശേഷിപ്പിച്ചത്.

വൈറ്റ് ഹൗസില്‍ ട്രംപ് നടപ്പാക്കുന്ന നവീകരണ പദ്ധതികളെ വിമര്‍ശിച്ച ബൈഡന്‍ റിഫ്‌ളക്ടിങ് പൂള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ 'അഹങ്കാരത്തിന്റെയും വ്യക്തിപരമായ മഹത്വപ്രകടനത്തിന്റെയും പദ്ധതികള്‍' എന്നാണ് വിശേഷിപ്പിച്ചത്.

ഈസ്റ്റ് വിങ് പൊളിച്ച് ബോള്‍റൂമിന് സ്ഥലം ഒരുക്കുന്നതും കെനഡി സെന്ററിന് സ്വന്തം പേര് നല്‍കുന്നതും സ്വന്തം ബഹുമാനാര്‍ഥം സ്മാരക കവാടം നിര്‍മ്മിക്കുന്നതും റിഫ്‌ളക്ടിങ് പൂള്‍ നവീകരിക്കാന്‍ സ്വന്തം ആളെ നിയമിക്കുന്നതുമെല്ലാം ട്രംപിന്റെ ആത്മപ്രദര്‍ശനത്തിന്റെ ഭാഗമാണെന്നും എന്തൊരു പരാജിതനെന്നും ബൈഡന്‍ പറഞ്ഞു.

വീണ്ടും അധികാരത്തിലെത്തിയ ശേഷം ട്രംപ് കോടിക്കണക്കിന് ഡോളര്‍ സമ്പാദിച്ചുവെന്നും പ്രസിഡന്റിന്റെ പദവി വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും ബൈഡന്‍ ആരോപിച്ചു.

2021 ജനുവരി 6-ന് അമേരിക്കന്‍ കോണ്‍ഗ്രസ് മന്ദിരം ആക്രമിച്ചവര്‍ക്കായി നികുതിപ്പണം നഷ്ടപരിഹാരമായി നല്‍കാന്‍ ട്രംപ് ശ്രമിക്കുകയാണെന്നും ബൈഡന്‍ വിമര്‍ശിച്ചു.

ജനുവരി 6-ലെ ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. അവര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ല. മറിച്ച് വളരെക്കാലം ജയിലില്‍ കഴിയേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

2025-ല്‍ അധികാരം ഒഴിഞ്ഞശേഷം ട്രംപിനെ നേരിട്ട് ലക്ഷ്യമിട്ട് ബൈഡന്‍ നടത്തുന്ന ആദ്യ പ്രധാന രാഷ്ട്രീയ പ്രസംഗമാണിത്.

2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബൈഡന്‍ പൊതുരംഗത്ത് കൂടുതല്‍ സജീവമായിരിക്കുന്നത്.

മകന്‍ ഹണ്ടര്‍ ബൈഡന് ആയുധ- നികുതി കേസുകളില്‍ നല്‍കിയ മാപ്പ് ഇപ്പോഴും വിവാദമായി തുടരുകയാണ്. അതിനിടെ വിവിധ പോഡ്കാസ്റ്റുകളിലും മാധ്യമ അഭിമുഖങ്ങളിലുമായി ബൈഡന്‍ സജീവ സാന്നിധ്യമാണ്. ഇത് 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

അതേസമയം, ഭാര്യ ജില്‍ ബൈഡന്‍ വൈറ്റ് ഹൗസിലെ അനുഭവങ്ങള്‍ വിവരിക്കുന്ന വ്യൂ ഫ്രം ദ ഈസ്റ്റ് വിംഗ് എന്ന ആത്മകഥയുടെ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. 2024-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള അവരുടെ പരാമര്‍ശങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

2017-ല്‍ ഒരു ഗോസ്റ്റ് റൈറ്ററുമായി നടത്തിയ ശബ്ദരേഖകള്‍ പുറത്തുവിടാതിരിക്കാന്‍ ബൈഡന്‍ നടത്തുന്ന നിയമപോരാട്ടത്തിലും അദ്ദേഹത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. പൊതുതാത്പര്യത്തിനാണ് മുന്‍ഗണനയെന്ന് ചൂണ്ടിക്കാട്ടി ഫെഡറല്‍ കോടതി ബൈഡന്റെ ഹര്‍ജി തള്ളിയിരുന്നു. ഈ ശബ്ദരേഖകള്‍ പുറത്തുവന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.