അമേരിക്കൻ സിവിൽ റൈറ്റ്‌സ്‌പോരാളി ജെസി ജാക്‌സൺ അന്തരിച്ചു; നിശ്ശബ്ദമായത് സമത്വസമരത്തിന്റെ ശബ്ദം

അമേരിക്കൻ സിവിൽ റൈറ്റ്‌സ്‌പോരാളി ജെസി ജാക്‌സൺ അന്തരിച്ചു;  നിശ്ശബ്ദമായത് സമത്വസമരത്തിന്റെ ശബ്ദം


വാഷിംഗ്ടൺ: അമേരിക്കൻ സിവിൽ റൈറ്റ്‌സ് പ്രസ്ഥാനത്തിലെ പ്രമുഖനേതാവും സാമൂഹ്യനീതിക്കായുള്ള ശക്തമായ ശബ്ദവുമായിരുന്ന ജെസി ജാക്‌സൺ (84) അന്തരിച്ചു. കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണവാർത്ത അറിയിച്ചത്.

'ഞങ്ങളുടെ പിതാവ് കുടുംബത്തിനുവേണ്ടി മാത്രമല്ല, ശബ്ദമറ്റവർക്കും അവഗണിക്കപ്പെട്ടവർക്കുമായി ജീവിതം സമർപ്പിച്ച ഒരു 'സർവന്റ് ലീഡർ' ആയിരുന്നു,' കുടുംബം പറഞ്ഞു.

1960കളിൽ പൗരാവകാശ സമരങ്ങൾക്ക് തീ പകർന്ന കാലഘട്ടത്തിൽ മാർട്ടിൻ ലൂഥർകിംഗ് ജൂനിയറിനൊപ്പംചേർന്നാണ് ജാക്‌സൺ പ്രവർത്തിച്ചത്. കിംഗിന്റെ മകൾ ജാക്‌സണിനെ 'പ്രതിഭാശാലിയായ ചർച്ചാകാരൻ' എന്നാണ് വിശേഷിപ്പിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ജാക്‌സണെ അനുസ്മരിച്ചു. 'വ്യക്തിത്വവും ധൈര്യവും ജ്ഞാനവും നിറഞ്ഞ ശക്തമായ വ്യക്തിത്വം' ആയിരുന്നു അദ്ദേഹമെന്ന് ട്രംപ്  പറഞ്ഞു. 'അമേരിക്കയുടെ മഹത്തായദേശഭക്തരിൽ ഒരാൾ' എന്നാണ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്  ജാക്‌സണെ വിശേഷിപ്പിച്ചത്.

ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിന്റെ രാഷ്ട്രീയ ശക്തീകരണത്തിനും ജീവിതസാഹചര്യങ്ങൾ ഉയർത്തുന്നതിനുമായി പ്രവർത്തിച്ച ജാക്‌സൺ, രണ്ടു തവണ വൈറ്റ് ഹൗസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിലൂടെദേശീയ തലത്തിൽ ശ്രദ്ധേയനായി. സാമൂഹ്യനീതിയും രാഷ്ട്രീയ പങ്കാളിത്തവും തമ്മിൽ ബന്ധിപ്പിച്ചനേതാവെന്ന നിലയിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വിലയിരുത്തപ്പെടുന്നത്.

2017ൽ പാർക്കിൻസൺരോഗം സ്ഥിരീകരിച്ച ജാക്‌സൺ, കഴിഞ്ഞ നവംബറിൽ ക്ഷയരോഗ സ്വഭാവമുള്ള ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

അമേരിക്കൻ സമത്വസമര ചരിത്രത്തിൽ മറക്കാനാവാത്ത അധ്യായമായി ജെസി ജാക്‌സന്റെ ജീവിതം നിലനിൽക്കും.