ന്യൂയോര്‍ക്ക്: പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്‍സന്‍ ഹുവാങ്ങിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വിവാഹേതര ബന്ധങ്ങളെച്ചൊല്ലിയ വിവാദമാണ് നടപടിക്ക് പിന്നിലെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് ചാരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയുമായുള്ള ബന്ധം ഉള്‍പ്പെടെ രണ്ട് വിവാഹേതര ബന്ധങ്ങള്‍ ഹുവാങ്ങിനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം നാല് ട്രില്യണ്‍ ഡോളര്‍ വിപണിമൂല്യമുള്ള എന്‍വിഡിയയുടെ തലപ്പത്തുനിന്ന് ഹുവാങ് മാറേണ്ടിവന്നാല്‍ കമ്പനിയില്‍ വലിയ നേതൃത്വപ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനിയെ നയിക്കുന്ന ഹുവാങ് 1993ലാണ് എന്‍വിഡിയയുടെ സഹസ്ഥാപകനായത്. ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്തെ കുതിപ്പിലും അമേരിക്ക- ചൈന സാങ്കേതിക മത്സരത്തിലും നിര്‍ണായക സ്ഥാനമുള്ള എഐ ചിപ്പുകളുടെ മുന്‍നിര വിതരണക്കാരായി കമ്പനിയെ വളര്‍ത്തിയെടുത്തത് അദ്ദേഹമാണ്.
വിവാദത്തെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ എന്‍വിഡിയയ്ക്ക് തിരിച്ചടിയുണ്ടായി. ബുധനാഴ്ച വിപണി അടച്ചശേഷമുള്ള വ്യാപാരത്തില്‍ കമ്പനിയുടെ ഓഹരിവില ഏകദേശം എട്ട് ശതമാനം ഇടിഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചതിനുശേഷം ഈ ആഴ്ച കമ്പനിയുടെ വിപണിമൂല്യത്തില്‍ ഏകദേശം 600 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹുവാങ്ങിനെ ഉടന്‍ പുറത്താക്കുന്നത് എന്‍വിഡിയയ്ക്ക് വെല്ലുവിളിയാകുമെന്ന് ഡി എ ഡേവിഡ്‌സണിലെ സാങ്കേതികവിദ്യാ ഗവേഷണ വിഭാഗം മേധാവി ഗില്‍ ലൂറിയ അഭിപ്രായപ്പെട്ടു. പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള വ്യക്തമായ പദ്ധതി കമ്പനിക്കില്ലെന്നതാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമലംഘനമോ കമ്പനി നയങ്ങളുടെ ലംഘനമോ നടന്നതായി തെളിവ് ലഭിച്ചാല്‍ ഡയറക്ടര്‍ ബോര്‍ഡ് നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹുവാങ്ങിന് കമ്പനി ജീവനക്കാരിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന മറ്റൊരു റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസും പുറത്തുവിട്ടിരുന്നു. ഹുവാങ്ങിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന എന്‍വിഡിയയുടെ ഹെല്‍ത്ത്കെയര്‍ വിഭാഗം വൈസ് പ്രസിഡന്റ് കിംബര്‍ലി പവലുമായാണ് ബന്ധമുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ച് പേരെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പവലുമായുള്ള ബന്ധത്തെക്കുറിച്ച് ബുധനാഴ്ച ഫോണിലൂടെ ചോദിച്ചപ്പോള്‍, 'നിങ്ങള്‍ നേരിട്ട് എന്നോട് സംസാരിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം' എന്നായിരുന്നു ഹുവാങ്ങിന്റെ പ്രതികരണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. സംഭവത്തില്‍ എന്‍വിഡിയയോ കിംബര്‍ലി പവലോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റിപ്പോര്‍ട്ടുകളിലെ ആരോപണങ്ങള്‍ റോയിട്ടേഴ്സിനും സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല.
ചൈനീസ് കമ്പനികള്‍ക്ക് എന്‍വിഡിയ ചിപ്പുകള്‍ എത്തിക്കുന്നതിന് സഹായം നല്‍കിയെന്നാരോപിക്കപ്പെടുന്ന ആലിസ് ഹുവാങ്ങുമായുള്ള ജെന്‍സന്‍ ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളോടെയാണ് വിവാദം ആരംഭിച്ചത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ആലിസ് ഹുവാങിന് ഇത്തരത്തിലുള്ള ഇടപാടുകളില്‍ പങ്കുണ്ടെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച ജീവനക്കാര്‍ക്ക് അയച്ച കുറിപ്പില്‍ ഭാര്യയോടുള്ള വിശ്വാസവഞ്ചന അംഗീകരിച്ച ഹുവാങ്, സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബന്ധങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഇതേ ദിവസമാണ് ഹുവാങ് വിദേശ രഹസ്യാന്വേഷണ ഏജന്‍സിയുടെ ലക്ഷ്യമായിരുന്നോ എന്ന് പരിശോധിക്കാന്‍ എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചത്. സ്വതന്ത്ര ഡയറക്ടര്‍മാരുടെ മേല്‍നോട്ടത്തിലും പുറത്തുനിന്നുള്ള നിയമവിദഗ്ധരുടെ സഹായത്തോടെയുമാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ച സമയത്ത് ഹുവാങ്ങിലുള്ള വിശ്വാസം ബോര്‍ഡ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
ആരോപണങ്ങളെക്കുറിച്ച് ഹുവാങ്ങുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, എന്‍വിഡിയ മേധാവിക്ക് പിന്തുണ പ്രഖ്യാപിച്ച ട്രംപ്, അദ്ദേഹത്തെ മാന്യനായ വ്യക്തിയെന്നും രാജ്യത്തിനുവേണ്ടി മികച്ച പ്രവര്‍ത്തനം നടത്തിയയാളെന്നും വിശേഷിപ്പിച്ചു.
ബെയ്ജിങ്ങിന് വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ചൈനീസ് വ്യവസായ വനിതയുമായി ഹുവാങ്ങിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ നടക്കുന്ന കോണ്‍ഗ്രസ് സമിതിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹുവാങ്ങിനെതിരെ കോണ്‍ഗ്രസ് സമന്‍സ് പുറപ്പെടുവിക്കാനുള്ള സാധ്യതയുമുണ്ട്.
1993ല്‍ കര്‍ട്ടിസ് പ്രീം, ക്രിസ് മലചോവ്‌സ്‌കി എന്നിവര്‍ക്കൊപ്പമാണ് ജെന്‍സന്‍ ഹുവാങ് എന്‍വിഡിയ സ്ഥാപിച്ചത്. തുടക്കത്തില്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കായുള്ള ഗ്രാഫിക്‌സ് ചിപ്പുകളായിരുന്നു കമ്പനിയുടെ പ്രധാന ഉത്പന്നം. പിന്നീട് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചതോടെ ചിപ്പുകള്‍ പൊതുവായ കമ്പ്യൂട്ടിങ് ആവശ്യങ്ങള്‍ക്കും തുടര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തും വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ഇതോടെയാണ് ആഗോള ചിപ്പ് വ്യവസായത്തിലെ നിര്‍ണായക ശക്തിയായി എന്‍വിഡിയ വളര്‍ന്നത്.
