ലോസ് ആഞ്ചലസ്: പ്രശസ്ത അമേരിക്കന്‍ റോക്ക് ബാന്‍ഡ് എല്‍7ന്റെ സഹസ്ഥാപകയും ബാസിസ്റ്റുമായ ജെന്നിഫര്‍ ഫിഞ്ച് (59) അന്തരിച്ചു. അതീവ ഗുരുതരമായ മസ്തിഷ്‌കാര്‍ബുദം ബാധിച്ചതായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അവര്‍ പൊതുവായി വെളിപ്പെടുത്തിയത്.
ജെന്നിഫറുടെ മരണവാര്‍ത്തയെ തുടര്‍ന്ന് സംഗീതലോകത്തുനിന്നും ആരാധകരില്‍ നിന്നുമടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. റോക്ക് സംഗീത രംഗത്തിന് നല്‍കിയ സംഭാവനകള്‍ക്കും വനിതാ സംഗീതജ്ഞര്‍ക്കുള്ള പ്രചോദനമായ നിലപാടിനുമാണ് അവര്‍ പ്രധാനമായും അനുസ്മരിക്കപ്പെടുന്നത്.
ജെന്നിഫറുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ അനുശോചനപ്രവാഹമാണ് ഉണ്ടായത്. 1990-കളിലെ റോക്ക് സംഗീതത്തിലെ ശക്തമായ സാന്നിധ്യവും വനിതാ സംഗീത പ്രസ്ഥാനത്തിന്റെ പ്രതീകവുമായിരുന്ന ജെന്നിഫറുടെ സംഭാവനകള്‍ ഒരിക്കലും മറക്കാനാകില്ലെന്ന് നിരവധി പേര്‍ കുറിച്ചു.
ജെന്നിഫറിന് ഗുരുതരമായ മസ്തിഷ്‌കാര്‍ബുദം സ്ഥിരീകരിച്ചതായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എല്‍7 ബാന്‍ഡിലെ സഹപ്രവര്‍ത്തകരായ ഡോണിറ്റ സ്പാര്‍ക്‌സ്, സൂസി ഗാര്‍ഡ്‌നര്‍, ഡീ പ്ലാകാസ് എന്നിവര്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ അറിയിച്ചിരുന്നു. ചികിത്സയ്ക്കും വീട്ടിലെ പരിചരണച്ചെലവുകള്‍ക്കുമായി ധനസമാഹരണം നടത്താന്‍ ജെന്നിഫറുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം, സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി ഗോഫണ്ട്മി ക്യാമ്പയിനും ആരംഭിച്ചിരുന്നു.
ലോസ് ആഞ്ചലസില്‍ ജനിച്ച ജെന്നിഫര്‍ ഫിഞ്ച് 1986-ലാണ് എല്‍7 ബാന്‍ഡില്‍ ചേര്‍ന്നത്. ബാന്‍ഡിന്റെ പ്രധാന ബാസിസ്റ്റും ഗാനരചയിതാവുമായിരുന്ന അവര്‍ സ്‌മെല്‍ ദി മാജിക്ക് (1990), ബ്രിക്‌സ് ആര്‍ ഹെവി (1992) എന്നീ ശ്രദ്ധേയ ആല്‍ബങ്ങളിലൂടെ എല്‍7-ന്റെ വ്യത്യസ്തവും ശക്തവുമായ സംഗീതശൈലി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
1996-ല്‍ എല്‍7 വിട്ടശേഷം അദര്‍സ്റ്റാര്‍പീപ്ള്‍, ദി ഷോക്കര്‍ എന്നീ ബാന്‍ഡുകള്‍ക്കൊപ്പവും സംഗീതരംഗത്ത് സജീവമായിരുന്നു. 2014-ല്‍ എല്‍7 വീണ്ടും ഒന്നിച്ചപ്പോള്‍ ജെന്നിഫര്‍ ബാന്‍ഡിലേക്ക് തിരിച്ചെത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതുവരെ അവര്‍ സംഗീതരംഗത്ത് സജീവമായിരുന്നു.
