വാഷിംഗ്്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയ് ക്ലേട്ടനെ വൈറ്റ് ഹൗസ് എ ഐ മേധാവിയായി നിയമിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നിര്‍മിത ബുദ്ധി (എ ഐ) സാങ്കേതികവിദ്യ ഉയര്‍ത്തുന്ന സാധ്യതകളും അപകടസാധ്യതകളും വിലയിരുത്തുന്നതിനായി രൂപീകരിച്ച വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്സിനും ക്ലേട്ടന്‍ നേതൃത്വം നല്‍കും.
'സൂപ്പര്‍ ഇന്റലിജന്‍സ് ഫോഴ്സ്' അഥവാ 'എസ് ഐ' എന്നറിയപ്പെടുന്ന ടാസ്‌ക് ഫോഴ്സിന് എ ഐയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും അവസരങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 120 ദിവസത്തെ സമയപരിധിയാണ് നല്‍കിയിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഫെഡറല്‍ സര്‍ക്കാരിന്റെ പങ്കും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ശുപാര്‍ശകളും സംഘം സമര്‍പ്പിക്കും. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍, അമേരിക്ക സൂപ്പര്‍ ഇന്റലിജന്‍സ് മേഖലയില്‍ ലോകനേതൃത്വം തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും രാജ്യത്തെ ജനങ്ങളുടെ താldപര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ക്ലേട്ടനും സൂപ്പര്‍ ഇന്റലിജന്‍സ് ഫോഴ്സും പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞു. വ്യാവസായിക വിപ്ലവത്തേക്കാളും ഇന്റര്‍നെറ്റിനേക്കാളും വലിയ മാറ്റത്തിന് കാരണമാകാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് പലരും വിലയിരുത്തുന്നതെന്നും ട്രംപ് പറഞ്ഞു.
ഉപഭോക്താക്കള്‍, പൊതുതാത്പര്യ സംഘടനകള്‍, മതസംഘടനകള്‍, നിര്‍ണായക അടിസ്ഥാന സൗകര്യ സേവനദാതാക്കള്‍, സൂപ്പര്‍ ഇന്റലിജന്‍സ് കമ്പനികള്‍ എന്നിവരുമായി ഫെഡറല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഏകോപിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ ചെയര്‍മാന്‍ ആന്‍ഡ്രൂ ഫെര്‍ഗ്യൂസണ്‍, പ്രതിരോധ വകുപ്പിലെ ഗവേഷണ- എന്‍ജിനീയറിങ് വിഭാഗം അണ്ടര്‍ സെക്രട്ടറി, ചീഫ് ടെക്നോളജി ഓഫീസര്‍ എമില്‍ മൈക്കല്‍, ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്മെന്റ് ഡയറക്ടര്‍ സ്‌കോട്ട് കുപ്പോര്‍ എന്നിവരും ടാസ്‌ക് ഫോഴ്സില്‍ അംഗങ്ങളായിരിക്കും. സംഘം ട്രംപിനും അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിനും റിപ്പോര്‍ട്ട് നല്‍കും.
വൈറ്റ് ഹൗസില്‍ ട്രംപും ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണും എ ഐ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ പ്രഖ്യാപനം. എ ഐ വികസനവുമായി ബന്ധപ്പെട്ട സ്വമേധയാ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കരാറില്‍ വിവിധ എ ഐ കമ്പനികള്‍ ഒപ്പുവെച്ചിരുന്നു. കരാറിനെ ട്രംപ് 'ധാര്‍മികമായി ബാധകമായത്' എന്നാണ് വിശേഷിപ്പിച്ചത്.
ഓഗസ്റ്റില്‍ ട്രംപ് യു എസിന്റെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിച്ച ജെയ് ക്ലേട്ടനാണ് ഇനി വൈറ്റ് ഹൗസിലെ എ ഐ-ക്രിപ്‌റ്റോ മേധാവിയായ ഡേവിഡ് സാക്‌സിന് പകരം ചുമതലയേല്‍ക്കുന്നത്.
ക്ലേട്ടന് ഫെഡറല്‍ ഭരണരംഗത്ത് ദീര്‍ഘമായ പ്രവര്‍ത്തനപരിചയമുണ്ട്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ യു എസ് അറ്റോര്‍ണിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവില്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ എന്ന കാബിനറ്റ് തലത്തിലുള്ള പദവി വഹിക്കുന്ന ക്ലേട്ടന് ദേശീയ സുരക്ഷ, നിയമം, ഫെഡറല്‍ ഭരണസംവിധാനം തുടങ്ങിയ മേഖലകളില്‍ അനുഭവസമ്പത്തുണ്ട്. ട്രംപിന്റെ അടുത്ത അനുയായികളില്‍ ഒരാളായ അദ്ദേഹം പ്രസിഡന്റിന്റെ സ്ഥിരം ഗോള്‍ഫ് പങ്കാളിയുമാണ്.
വാഷിംഗ്ടണിലെ ഫെഡറല്‍ ഭരണസംവിധാനത്തില്‍ ദീര്‍ഘകാല പരിചയമുള്ള ക്ലേട്ടന് സിലിക്കണ്‍ വാലിയിലെ സാങ്കേതികവിദ്യാ മേഖലയിലെ പ്രമുഖരുടെയും വിശ്വാസമുണ്ട്. ബിസിനസ് അനുകൂല നിലപാടുകളുള്ള വാള്‍ സ്ട്രീറ്റ് പശ്ചാത്തലമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
