എഫ് ബി ഐ മേധാവി കാശ് പട്ടേലിനെ ട്രംപ് മാറ്റുമോ ? റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ് ഹൗസ്

എഫ് ബി ഐ മേധാവി കാശ് പട്ടേലിനെ ട്രംപ് മാറ്റുമോ ? റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍: എഫ് ബി ഐ ഡയറക്ടര്‍ കാശ് പട്ടേലിനെ പദവിയില്‍ നിന്ന് നീക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് ശക്തമായി നിഷേധിച്ചു. പട്ടേലിനെ മാറ്റി എഫ് ബി ഐ സഹ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രൂ ബെയ്‌ലിയെ നിയമിക്കാന്‍ സാധ്യതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ക്ക് മറുപടിയായാണ് വൈറ്റ് ഹൗസ് നിലപാട് വ്യക്തമാക്കിയത്.

' ഈ വാര്‍ത്ത പൂര്‍ണമായും കെട്ടുകഥയാണ്' എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലേവിറ്റ് എക്‌സില്‍ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ ചില പോസ്റ്റുകളും സര്‍ക്കാര്‍ ജെറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്ന ആരോപണങ്ങളും അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പട്ടേലിന്റെ സ്ഥാനഭീഷണി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

മിസൂരി മുന്‍ അറ്റോര്‍ണി ജനറലായ ആന്‍ഡ്രൂ ബെയ്‌ലിയെ പട്ടേലിനും മറ്റൊരു സഹ ഡെപ്യൂട്ടി ഡയറക്ടറായ ഡാന്‍ ബോംഗിനോയ്ക്കും പകരക്കാരനായി പരിഗണിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ എഫ് ബി ഐ  ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉടന്‍ പ്രതികരിച്ചില്ല.

അതേസമയം, കഴിഞ്ഞ ആഴ്ച ഫോക്‌സ് ന്യൂസ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പട്ടേലിനെ പ്രശംസിക്കുകയും അദ്ദേഹത്തിന് 'വളരെയധികം ആത്മവിശ്വാസമുണ്ടെന്ന്' വ്യക്തമാക്കുകയും ചെയ്തു. എന്നിരുന്നാലും, പട്ടേലിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയായി നിയമ വിദഗ്ധരുടെ വിമര്‍ശനത്തിനും മാധ്യമ ശ്രദ്ധയ്ക്കും വിധേയമായി. തുടര്‍ന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവച്ചതും, തന്റെ സുഹൃത്ത് കൂടിയായ സംഗീതജ്ഞ അലക്‌സിസ് വില്കിന്‍സിനെ സംരക്ഷിക്കാന്‍ SWAT സംഘത്തെ വിന്യസിച്ചതുമെല്ലാം ചര്‍ച്ചയായി. സര്‍ക്കാര്‍ ജെറ്റ് സ്വകാര്യ യാത്രകള്‍ക്കും ഉപയോഗിച്ചെന്ന ആരോപണവും ഉയര്‍ന്നു.

ഹൈ പ്രൊഫൈല്‍ കേസുകളെക്കുറിച്ചുള്ള ഇത്തരം നടപടികള്‍ എഫ് ബി ഐ ഡയറക്ടറുടെ ചുമതലകള്‍ക്ക് യോജിച്ചതാണോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ടെങ്കിലും, പട്ടേലിനെ പുറത്താക്കുന്ന കാര്യം പരിഗണനയിലില്ലെന്നതാണ് വൈറ്റ് ഹൗസിന്റെ ഇപ്പോഴത്തെ ഉറച്ച നിലപാട്.