കാലിഫോര്‍ണിയ: തങ്ങള്‍ ഇറാനിളും ആര്യന്മാരുമാണെന്ന് പറയുന്നത് 65കാരനായ നാദര്‍ അഡേലിയാണ്. കാലിഫോര്‍ണിയയിലെ മൂര്‍പാര്‍ക്കിലുള്ള ആര്യ ഫുട്‌ബോള്‍ ക്ലബ്ബിന്റെ നായകനായ അദ്ദേഹത്തിന്റെ കൈയിലുള്ള ജേഴ്‌സിയില്‍ ചുവപ്പും വെള്ളയും പച്ചയും നിറങ്ങളാണുണ്ട്- ഇറാനിയന്‍ പതാകയുടെ നിറങ്ങളാണത്.
ആര്യ എഫ് സിയുടെ മൈതാനത്തുള്ള 11 കളിക്കാരും ഇറാനിയന്‍ വംശജരോ ഇറാനിയന്‍- അമേരിക്കക്കാരോ ആണ്. സാന്‍ ഫെര്‍ണാണ്ടോ താഴ്വരയിലെ മൂര്‍പാര്‍ക്കില്‍ മറ്റൊരു പ്രാദേശിക ടീമിനെതിരായ സൗഹൃദ മത്സരത്തിനായി അവര്‍ തയ്യാറെടുക്കുകയാണ്.
എന്നാല്‍ അവിടെ നിന്ന് 50 മൈലില്‍ താഴെ മാത്രം അകലെയുള്ള ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍ ലോകകപ്പിനായി പ്രത്യേകമായി പുനര്‍നാമകരണം ചെയ്ത വേദിയില്‍ ഇറാന്റെ ദേശീയ ടീം തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ സാഹചര്യങ്ങളിലൊന്നില്‍ ആദ്യ മത്സരം കളിക്കാനിറങ്ങും.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ആതിഥേയ രാജ്യങ്ങളിലൊന്ന് മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റൊരു രാജ്യവുമായി യുദ്ധാവസ്ഥയില്‍ കഴിയുന്നത്. വിസ പ്രശ്‌നങ്ങള്‍, കുടിയേറ്റ നിയന്ത്രണങ്ങള്‍, യാത്രാ വിലക്കുകള്‍ എന്നിവ ഇറാന്റെ ലോകകപ്പ് പങ്കാളിത്തത്തെ ഏറെ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.
ഇറാന്റെ ആദ്യ മത്സരം അടുത്തെത്തുമ്പോള്‍ ലോകമെമ്പാടുമുള്ള ഇറാനിയന്‍ വംശജര്‍ സാംസ്‌കാരിക വ്യക്തിത്വം, രാഷ്ട്രീയം, കായികം എന്നിവയുടെ സങ്കീര്‍ണതയാണ് അഭിമുഖീകരിക്കുന്നത്.
ഇറാന്റെ ഔദ്യോഗിക പതാകയില്‍ ഇസ്ലാമിക ചിഹ്നവും 'അല്ലാഹു അക്ബര്‍' എന്ന വാചകവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ നിരവധി ഇറാനിയന്‍ വംശജര്‍ 1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഉപയോഗിച്ചിരുന്ന 'സൂര്യനും സിംഹവും' അടങ്ങിയ പതാകയെയാണ് തങ്ങളുടെ യഥാര്‍ഥ ദേശീയ ചിഹ്നമായി കണക്കാക്കുന്നത്.
അത് തന്റെ പതാകയല്ലെന്നും തന്റെ കാഴ്ചപ്പാടില്‍ അത് ഒരു തീവ്രവാദ സംഘടനയാണെന്നും ആര്യ എഫ് സിയിലെ പ്രതിരോധതാരവും കുടിയേറ്റ അഭിഭാഷകനുമായ റാമിന്‍ ഘഷ്ഘായി പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയ സ്വഭാവമുള്ള പതാകകളും ബാനറുകളും ലോകകപ്പ് വേദികളില്‍ അനുവദിക്കില്ലെന്ന ഫിഫയുടെ ചട്ടം ഇറാനിയന്‍ ആരാധകരില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇറാന്റെ ആദ്യ മത്സരദിവസം സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
2026 ഫെബ്രുവരിയില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖംനേയിയെ ലക്ഷ്യമിട്ട ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ലോസ് ആഞ്ചലസിലെ 'തെഹ്‌റാന്‍ജലസ്' എന്നറിയപ്പെടുന്ന വെസ്റ്റ്വുഡില്‍ ആഘോഷ പ്രകടനങ്ങള്‍ നടന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നന്ദി അറിയിച്ചുകൊണ്ടായിരുന്നു ചിലരുടെ പ്രതികരണം.
അതേസമയം, യുദ്ധം ഭരണകൂടമാറ്റമുണ്ടാക്കുന്നില്ലെന്നും അതിനുള്ള മാനുഷിക ചെലവ് വളരെ വലുതാണെന്നും ചൂണ്ടിക്കാട്ടി മറ്റുചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. 100 ദിവസത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിനിടെ ലോകകപ്പ് ഈ ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
ചിലരുടെ അഭിപ്രായത്തില്‍, ഇറാനിയന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ സ്വാധീനം ദേശീയ ഫുട്‌ബോള്‍ ടീമില്‍ വളരെ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്.
തനിക്ക് ഫുട്‌ബോള്‍ ഏറെ പ്രിയപ്പെട്ടതാണെന്നും അത് പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കുടുംബ സംഗമങ്ങളിലും സ്റ്റേഡിയങ്ങളിലും എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കുമെന്നും എന്നാല്‍ താന്‍ ദേശീയ ടീമിനെ പിന്തുണയ്ക്കില്ലെന്നും റാമിന്‍ ഘഷ്ഘായി പറഞ്ഞു.
തന്റെ കാഴ്ചപ്പാടില്‍ ഇറാന്റെ ദേശീയ ടീമല്ല കളിക്കാനെത്തിയതെന്നും ഇറാനില്‍ എല്ലാം രാഷ്ട്രീയമാണെന്നും ഭരണകൂടത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആര്യ എഫ് സി നായകന്‍ അഡേലി വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്.
ടീം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാമെങ്കിലും ദേശീയ ടീമിനോടുള്ള സ്‌നേഹം അതിനുമപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്കിലെ ഇറാനിയന്‍- അമേരിക്കന്‍ അഭിഭാഷകനായ ഒമീദ് അസ്‌കരിയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്.
താന്‍ അമേരിക്കക്കാരനാണെന്നും അമേരിക്കന്‍ ടീം വിജയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞ അദ്ദേഹം ട്രംപ് ഭരണകൂടത്തെയോ അമേരിക്കന്‍ സൈനിക നടപടികളെയോ താന്‍ പിന്തുണയ്ക്കുന്നു എന്നല്ല അതിനര്‍ഥമെന്നും ഇറാന്‍ മതാധിഷ്ഠിത ഏകാധിപത്യ രാഷ്ട്രമാകാമെങ്കിലും കളിക്കാര്‍ തന്റെ ഭാഷ സംസാരിക്കുന്നവരും സംസ്‌കാരം പങ്കിടുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിയന്‍ ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സാധാരണയായി ഓരോ രാജ്യത്തിനും മത്സര ടിക്കറ്റുകളുടെ എട്ട് ശതമാനം വീതം അനുവദിക്കാറുണ്ട്. എന്നാല്‍ ഇറാന്റെ ഫുട്‌ബോള്‍ ഫെഡറേഷനു നല്‍കിയ മുഴുവന്‍ ടിക്കറ്റ് വിഹിതവും പിന്‍വലിച്ചതായി അടുത്തിടെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ദേശീയ ടീമിന്റെ ആരാധകര്‍ക്ക് ഒരു ടിക്കറ്റ് പോലും നല്‍കാന്‍ കഴിയുന്നില്ലെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്‍ ടീം നേരിടുന്ന യാത്രാ പ്രതിസന്ധിയും സമാനതകളില്ലാത്തതാണ്. ആദ്യം അരിസോണയിലാണ് പരിശീലന ക്യാമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മെക്‌സിക്കോയിലെ ടിജുവാനയിലാണ് ടീം തമ്പടിച്ചത്. ഓരോ മത്സരത്തിനും അമേരിക്കയിലേക്ക് അതിര്‍ത്തി കടന്നെത്തേണ്ട സാഹചര്യമാണുള്ളത്.
ടീമിലെ പരിശീലക സംഘാംഗങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അമേരിക്കയിലേക്ക് പ്രവേശനാനുമതി ലഭിച്ചിട്ടില്ലെന്ന് മുഖ്യപരിശീലകന്‍ അമീര്‍ ഘലനോയി ആരോപിച്ചു.
ഇറാനിയന്‍- അമേരിക്കന്‍ സമൂഹം കടുത്ത രാഷ്ട്രീയ ഭിന്നതകളിലൂടെ കടന്നുപോകുകയാണെന്ന് യു സി എല്‍ എയിലെ സമൂഹശാസ്ത്രജ്ഞനായ കെവന്‍ ഹാരിസ് അഭിപ്രായപ്പെട്ടു. കായികരംഗം യുദ്ധത്തെ മാറ്റിനിര്‍ത്തേണ്ട ഒന്നാണെന്നും അത് യുദ്ധത്തിന്റെ മറ്റൊരു രൂപമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീലിലെ സൈനികഭരണകാലത്തെ 1970 ലോകകപ്പിനെ ഉദാഹരണമാക്കി അദ്ദേഹം ചൂണ്ടിക്കാട്ടിയത്, രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കപ്പുറം ജനങ്ങള്‍ പലപ്പോഴും ദേശീയ ടീമുമായി വൈകാരികമായി ബന്ധപ്പെടാറുണ്ടെന്നാണ്.
ഇറാന്‍ തിങ്കളാഴ്ച മൈതാനത്തിറങ്ങുമ്പോള്‍ യുദ്ധം അവസാനിച്ചിട്ടുണ്ടാകുമോ എന്നത് വ്യക്തമല്ല. എന്നാല്‍ ആര്യ എഫ് സി നായകന്‍ നാദര്‍ അഡേലി വ്യക്തമാകുന്നത് ദിവസാവസാനം, അത് ഫുട്‌ബോളിന്റെ സമയമാണെന്നാണ്.
