വാഷിങ്ടണ്‍: ഇറാന്റെ മിസൈല്‍ സംവിധാനങ്ങള്‍ ഭൂരിപക്ഷവും തകര്‍ത്തുവെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി പ്രധാന സൈനിക ശേഷികള്‍ ഇറാന് വേഗത്തില്‍ പുനഃസ്ഥാപിച്ചതായി അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം ആദ്യം തയ്യാറാക്കിയ രഹസ്യ വിലയിരുത്തലുകള്‍ പ്രകാരം ഇറാന് മിക്ക മിസൈല്‍ കേന്ദ്രങ്ങളും ലോഞ്ചറുകളും ഭൂഗര്‍ഭ സൈനിക സൗകര്യങ്ങളും വീണ്ടും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഇറാന്റെ തന്ത്രപ്രധാന പ്രതിരോധ സംവിധാനങ്ങള്‍ വീണ്ടും സജ്ജമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള 33 മിസൈല്‍ കേന്ദ്രങ്ങളില്‍ 30 ഇടങ്ങളിലും ഇറാന് വീണ്ടും നിയന്ത്രണം നേടിയതായി വിലയിരുത്തലില്‍ പറയുന്നു. ലോകത്തിലെ എണ്ണക്കപ്പല്‍ ഗതാഗതത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന നിര്‍ണായക സമുദ്രമാര്‍ഗമായ ഹോര്‍മുസ് കടലിടുക്കില്‍ ഈ കേന്ദ്രങ്ങള്‍ അമേരിക്കന്‍ നാവികസേനയ്ക്കും വാണിജ്യ കപ്പലുകള്‍ക്കും ഭീഷണിയാകാന്‍ ശേഷിയുള്ളവയാണെന്നാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള മൊബൈല്‍ മിസൈല്‍ ലോഞ്ചറുകള്‍ ഇറാനിയന്‍ സൈന്യത്തിന് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിനിര്‍ത്താനും ചില സാഹചര്യങ്ങളില്‍ നിലവിലെ അടിസ്ഥാന സൗകര്യങ്ങളില്‍ നിന്നുതന്നെ ആക്രമണം നടത്താനും കഴിയുന്ന നിലയിലാണ്. ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് ഇപ്പോഴും പൂര്‍ണമായി പ്രവര്‍ത്തനരഹിതമായി തുടരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തുടനീളമുള്ള മൊബൈല്‍ മിസൈല്‍ ലോഞ്ചറുകളുടെ ഏകദേശം 70 ശതമാനവും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന മിസൈല്‍ ശേഖരത്തിന്റെ 70 ശതമാനവും ഇറാന് നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ബാലിസ്റ്റിക് മിസൈലുകളും ഹ്രസ്വദൂര ക്രൂയിസ് മിസൈലുകളും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം, രാജ്യത്തെ ഭൂഗര്‍ഭ മിസൈല്‍ സംഭരണ- പ്രക്ഷേപണ കേന്ദ്രങ്ങളിലെ ഏകദേശം 90 ശതമാനവും ഇറാന് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഗ്രഹ ചിത്രങ്ങളും നിരീക്ഷണ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് ഈ നിഗമനം.
ഇറാന്റെ സൈനിക ശേഷി പൂര്‍ണമായി തകര്‍ന്നുവെന്നും രാജ്യം ഇനി വലിയ ഭീഷണിയല്ലെന്നും യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ആവര്‍ത്തിച്ച് പറഞ്ഞ സാഹചര്യത്തിലാണ് പുതിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
