വാഷിങ്ടണ്‍: തെക്കുപടിഞ്ഞാറന്‍ ഇറാന്റെ വ്യോമപരിധിയില്‍ കഴിഞ്ഞമാസം അമേരിക്കന്‍ എഫ്-15 യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയത് തോളില്‍ വഹിക്കാവുന്ന ചൈനീസ് മിസൈല്‍ ഉപയോഗിച്ചാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്ന മൂന്ന് പേരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
എന്‍ ബി സി ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം സംഘര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ റഡാറില്‍ നിന്ന് മറഞ്ഞുനില്‍ക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര മുന്‍കൂര്‍ മുന്നറിയിപ്പ് റഡാറും ചൈന ഇറാന് നല്‍കിയിരിക്കാമെന്നാണ് സൂചന. വിഷയത്തില്‍ അറിവുള്ള ഒരു വ്യക്തിയെയും ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനെയും ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടത്.
അതേസമയം, ഏപ്രിലില്‍ അമേരിക്കന്‍ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായാണ് ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നുവീഴുന്നത്.
അമേരിക്കയ്‌ക്കെതിരെ ഇറാന്‍ ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍, യുദ്ധം അവസാനിപ്പിക്കുന്നതിനായി ചൈനയുടെ സഹായം തേടുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും അമേരിക്ക ഇറാനെതിരെ 'പ്രതിരോധാത്മക ആക്രമണങ്ങള്‍' തുടരുകയാണ്.
വിമാനം തകര്‍ന്നതിന് പിന്നാലെ സംസാരിച്ച ട്രംപ്, തോളില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. ഏകദേശം ഏഴ് അടി നീളവും 40 പൗണ്ട് ഭാരവുമുള്ള ഈ മിസൈല്‍ 'മാന്‍-പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് വെപ്പണ്‍' എന്നാണറിയപ്പെടുന്നത്. താഴ്ന്ന ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളെ കുറഞ്ഞ ചെലവില്‍ ഫലപ്രദമായി തകര്‍ക്കാന്‍ ഈ ആയുധത്തിന് കഴിയും.
രണ്ടംഗ സംഘമായിരുന്ന എഫ്-15 വിമാനത്തിലെ പൈലറ്റും ആയുധ സംവിധാന ഉദ്യോഗസ്ഥനും പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തുകടന്നു. പൈലറ്റിനെ ഏഴ് മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തിയെങ്കിലും സാഗ്രോസ് മലനിരകളുടെ അടിവാരത്ത് ഒളിച്ചിരുന്ന ഉദ്യോഗസ്ഥനെ കണ്ടെത്തി രക്ഷപ്പെടുത്താന്‍ രണ്ട് ദിവസം വേണ്ടിവന്നിരുന്നു.
ചൈന ഇറാന് സൈനിക ഉപകരണങ്ങള്‍ നല്‍കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇറാനിലേക്ക് നല്‍കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഈ പദ്ധതി വെളിപ്പെടുത്തുന്നതിനായാണ് ചില രഹസ്യാന്വേഷണ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എഫ്-15 വിമാനം തകര്‍ത്തതായി കരുതുന്ന മിസൈല്‍ അടുത്തിടെ ഇറാനിലെത്തിച്ചതാണോ അതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയതാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
മുമ്പ്, മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാന്‍ ഇറാന് ചൈനീസ് ഉപഗ്രഹ വിവരങ്ങള്‍ ലഭ്യമാക്കിയതായി ട്രംപ് ഭരണകൂടം ആരോപിച്ചിരുന്നു. മധ്യപൂര്‍വേഷ്യയിലെ അമേരിക്കന്‍ സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്ക് സഹായകരമായ ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നല്‍കിയെന്നാരോപിച്ച് മൂന്ന് ചൈനീസ് ഉപഗ്രഹ കമ്പനികള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ചൈന നിഷേധിച്ചു.
1980-കളിലും 1990-കളിലും ബാലിസ്റ്റിക് മിസൈലുകള്‍, കപ്പല്‍വിരുദ്ധ മിസൈലുകള്‍, ടാങ്കുകള്‍, പീരങ്കികള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വന്‍തോതില്‍ ആയുധങ്ങള്‍ ചൈന ഇറാന് വിറ്റിരുന്നു.
എന്നാല്‍ 2006-ല്‍ ഐക്യരാഷ്ട്രസഭ ഇറാനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തിയതോടെ വന്‍തോതിലുള്ള ആയുധ വില്‍പ്പനയില്‍ നിന്ന് ബീജിങ് പിന്മാറി. പകരം സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകളും ഘടകങ്ങളും ഇറാന് നല്‍കുകയായിരുന്നു.
തുടര്‍ന്ന്, സ്വന്തം സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇറാന്‍ ആഭ്യന്തര പ്രതിരോധ വ്യവസായം ശക്തിപ്പെടുത്തുകയും ചെയ്തു.
