വാഷിംഗ്ടണ്‍: ഇറാനുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് മറ്റൊരു വിമാനവാഹിനി സേന കൂടി അയക്കാന്‍ സാധ്യതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
അവിടെ തങ്ങള്‍ക്ക് ഒരു നാവികസേനയുണ്ടെന്നും മറ്റൊന്ന് വഴിയിലാണെന്നും ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഇറാനുമായി ഉണ്ടാകുന്ന ഏതൊരു കരാറിലും അവരുടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടണമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി മികച്ചൊരു കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ അല്‍-ഉദെയ്ദ് വ്യോമതാവളത്തില്‍ അമേരിക്കന്‍ സേന പാട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകള്‍ ട്രക്ക് ലോഞ്ചറുകളിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ പരാമര്‍ശങ്ങള്‍.
പാട്രിയറ്റ് മിസൈലുകള്‍ അര്‍ധസ്ഥിര ലോഞ്ചര്‍ സ്റ്റേഷനുകള്‍ക്ക് പകരം എം983 ഹെവി എക്‌സ്പാന്‍ഡഡ് മൊബിലിറ്റി ടാക്റ്റിക്കല്‍ ട്രക്കുകളില്‍ സ്ഥാപിച്ചുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവഴി ഇറാന്റെ ലക്ഷ്യമാകുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകുകയും,ആവശ്യമെങ്കില്‍ വേഗത്തില്‍ വിന്യസിക്കാന്‍ സാധിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ തീരുമാനത്തിലൂടെ പാട്രിയറ്റ് സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ചലനക്ഷമത ലഭിക്കുകയും അവയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ വളരെ വേഗത്തില്‍ പുനര്‍വിന്യാസം നടത്തുകയോ ചെയ്യാന്‍ കഴിയുമെന്ന് കണ്ടസ്റ്റഡ് ഗ്രൗണ്ട് എന്ന സ്ഥാപനത്തിലെ ഫോറന്‍സിക് ഇമേജറി അനലിസ്റ്റ് വില്യം ഗുഡ്ഹൈന്‍ഡ് റോയിട്ടേഴ്സിനോട് പറഞ്ഞു.
