മിന്നസോട്ടയിലെ 30ലധികം ജലശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ സൈബർ ആക്രമണം; ഇറാൻ ബന്ധം അന്വേഷിച്ച് അമേരിക്ക

മിന്നസോട്ടയിലെ 30ലധികം ജലശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ സൈബർ ആക്രമണം; ഇറാൻ ബന്ധം അന്വേഷിച്ച് അമേരിക്ക


വാഷിങ്ടൺ: അമേരിക്കയിലെ മിന്നസോട്ട സംസ്ഥാനത്തെ 30ലധികം ജലശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെയുണ്ടായ ഏകോപിത സൈബർ ആക്രമണത്തിൽ ഇറാനോ ഇറാനുമായി ബന്ധമുള്ള ഹാക്കർ സംഘങ്ങളോ ഉൾപ്പെട്ടിട്ടണ്ടോയെന്ന് ഫെഡറൽ, സംസ്ഥാന അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു.

ഈ ആഴ്ച ആദ്യം നടന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. സംഭവത്തിൽ ഇറാന്റെ പങ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് അന്വേഷണ സംഘങ്ങൾ പ്രധാനമായും പരിശോധിക്കുന്നതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിന്റെ വ്യാപ്തി, ഉപയോഗിച്ച രീതികൾ, ആക്രമണത്തിന് പിന്നിലെ ശൃംഖല എന്നിവ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എല്ലാ സാധ്യതകളും പരിശോധിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

അമേരിക്കയിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള സൈബർ ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നതെന്നും അന്വേഷണം പരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.